'ഞാന്‍ ചതിക്കപ്പെട്ടു' ; ഗ്യാന്‍വാപി പള്ളിയിലെ സര്‍വേ ഓഫീസറുടെ വെളിപ്പെടുത്തല്‍
national news
'ഞാന്‍ ചതിക്കപ്പെട്ടു' ; ഗ്യാന്‍വാപി പള്ളിയിലെ സര്‍വേ ഓഫീസറുടെ വെളിപ്പെടുത്തല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th May 2022, 4:02 pm

ന്യൂദല്‍ഹി: വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ നടന്ന സര്‍വേയിലെ വിവരങ്ങള്‍ ചോര്‍ന്നെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസമാണ് വാരണാസി കോടതി സര്‍വേക്ക് മേല്‍നോട്ടം വഹിക്കാന്‍ നിയോഗിച്ച അജയ് മിശ്രയെ പുറത്താക്കിയത്. സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ട് ദിവസം സമയവും കൂടി നല്‍കിയിരുന്നു.

റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പ് സര്‍വേ റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങള്‍ വഴി ചോര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട് മസ്ജിദ് കമ്മിറ്റി അഭിഭാഷകരും, ഹിന്ദു ഭാഗം അഭിഭാഷകരും തമ്മില്‍ വാദം നടക്കുന്നതിനിടെയാണ് കോടതി അജയ് മിശ്രയെ പിരിച്ചുവിട്ടത്.

അജയ് മിശ്ര വാടകയ്ക്കാണ് ക്യാമറാമാനെ നിയോഗിച്ചതെന്ന് സര്‍വേക്ക് വേണ്ടി പുതുതായി നിയോഗിച്ച ഉദ്യോഗസ്ഥന്‍ വിശാല്‍ സിംഗ് കോടതിയില്‍ പറഞ്ഞു.

താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും, എല്ലാവരേയും വിശ്വസിക്കുന്ന സ്വഭാവമുള്ള തന്നെ വിശാല്‍ സിംഗ് മുതലെടുക്കുകയായിരുന്നുവെന്നും അജയ് മിശ്ര പറഞ്ഞു.

രാത്രി 12 മണി വരെ ഒരുമിച്ചിരുന്നാണ് സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കൂടെ നിന്ന് വിശാല്‍ സിംഗ് ചതിക്കുകയാണെന്ന് മനസ്സിലായില്ല. കോടതി ഉത്തരവില്‍ ദു:ഖമുണ്ട്. ഞാന്‍ തെറ്റു ചെയ്തിട്ടില്ല – അജയ് മിശ്ര പറഞ്ഞു.

സംഭവത്തില്‍ അജയ് മിശ്രയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കോടതിയെ സമീപിച്ചിരുന്നതായും വിശാല്‍ വ്യക്തമാക്കി.

തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റം അംഗീകരിക്കുന്നതായി അജ് മിശ്ര കോടതിയില്‍ വ്യകതമാക്കി. എന്നാല്‍ ക്യാമറാമാന്റെ കൈക്കല്‍ നിന്നാണ് സര്‍വേയുടെ ചിത്രങ്ങള്‍ പുറത്തെത്തിയത്. ഇതിന് എനിക്ക് എന്ത് ചെയ്യാന്‍ കഴിയും- ആജയ് മിശ്ര പറഞ്ഞു.

ഗ്യാന്‍വാപിയില്‍ നിന്നും ശിവലിംഗം കണ്ടെത്തിയെന്ന ഹിന്ദുത്വ അഭിഭാഷകരുടെ വാദം കഴിഞ്ഞ ദിവസമാണ് എത്തിയത്.

ശിവലിംഗം കണ്ടെത്തിതായി പറയുന്നത് ശരിയല്ലെന്നും നമസ്‌കാരത്തിനായി വിശ്വാസികള്‍ അംഗശുദ്ധി വരുത്തുന്ന ജലസംഭരണി(ഹൗദ്/വുസു ഖാന)യിലെ വാട്ടര്‍ ഫൗണ്ടന്‍ ആണിതതെന്നും മസ്ജിദ് അധികൃതര്‍ അറിയിച്ചിരുന്നു.

Content Highlight: “I was betrayed” says the survey chief of gyanvapi masjid