സ്പാനിഷ് ടോപ്പ് ഡിവിഷൻ ഫുട്ബോൾ ലീഗായ ലാ ലിഗയിലെ മികച്ച ക്ലബ്ബുകളിലൊന്നായ റയലിന്റെ മികച്ച താരങ്ങളിലൊരാളാണ് ലൂക്കാ മോഡ്രിച്ച്.
റയലിലെ കരാർ ഉടൻ അവസാനിക്കുന്ന മോഡ്രിച്ചിനെ സൈൻ ചെയ്യാനായി നിരവധി ക്ലബ്ബുകൾ രംഗത്തുണ്ട്. 2012ൽ ടോട്ടൻഹാമിൽ നിന്നും റയലിലെത്തിയത് മുതൽ ക്ലബ്ബിന്റെ മധ്യനിരയിലെ ഒഴിച്ച്കൂടാനാവാത്ത സാന്നിധ്യമാണ് മോഡ്രിച്ച്.
റയലിനായി 473 മത്സരങ്ങൾ കളിച്ച മോഡ്രിച്ച് ക്ലബ്ബിനായി 37 ഗോളുകളും 76 അസിസ്റ്റുകളുമാണ് ഇതുവരെ സ്വന്തമാക്കിയത്.
കൂടാതെ അഞ്ച് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ലൂക്കാ മോഡ്രിച്ച് റയൽ മാഡ്രിഡിനോടൊപ്പം സ്വന്തമാക്കിയിട്ടുണ്ട്.
അതിനാൽ തന്നെ സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ നസറടക്കം നിരവധി ക്ലബ്ബുകൾ താരം റയലിൽ നിന്ന് വിട്ട് വരുന്നതും കാത്ത് ട്രാൻസ്ഫർ വിപണിയിൽ സജീവമായി രംഗത്തുണ്ട്.
റൊണാൾഡോയെ സ്വന്തമാക്കിയതിന് പിന്നാലെ വൻ ഓഫർ മോഡ്രിച്ചിനായി മുന്നോട്ട് വെച്ച് അൽ നസർ രംഗത്ത് വന്ന വാർത്ത പ്രമുഖ മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാലിപ്പോൾ തന്റെ ക്ലബ്ബ് ട്രാൻസ്ഫറുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ലൂക്കാ മോഡ്രിച്ച്.
ഫാബ്രിസിയോ റൊമാനോയാണ് ട്രാൻസ്ഫർ സംബന്ധിച്ച മോഡ്രിച്ചിന്റെ മറുപടി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
“എന്റെ ആഗ്രഹം ഞാൻ പറഞ്ഞിട്ടുണ്ട്. റയൽ മാഡ്രിഡിൽ തന്നെ തുടരാനാണെനിക്ക് താൽപര്യം.
അത് അങ്ങനെതന്നെ സംഭവിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്നെ സംബന്ധിച്ച് അല്ലാതെ പ്രചരിക്കുന്ന കാര്യങ്ങളെല്ലാം വെറും അഭ്യൂഹങ്ങളും കെട്ടിച്ചമച്ചതായുള്ള കാര്യങ്ങളുമാണ്.
ഞാൻ വീണ്ടും പറയുന്നു എപ്പോഴും റയലിൽ തുടരണമെന്ന് തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്,’ ലൂക്കാ മോഡ്രിച്ച് പറഞ്ഞു.
222 മത്സരങ്ങളിലാണ് റൊണാൾഡോയും മോഡ്രിച്ചും റയലിൽ ഒരുമിച്ച് കളിച്ചത്. 16 ഗോളുകളും ഇരു താരങ്ങളും ചേർന്ന കൂട്ടുകെട്ട് സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം ലാ ലിഗയിൽ നിലവിൽ 26 മത്സരങ്ങളിൽ നിന്നും 17 വിജയങ്ങളുമായി 56 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് റയൽ മാഡ്രിഡ്.