റൊണാൾഡോയോ? എനിക്ക് മെസിയെ ആദ്യം ക്ലബ്ബിലെത്തിക്കണം: അൽ നസർ കോച്ച്
football news
റൊണാൾഡോയോ? എനിക്ക് മെസിയെ ആദ്യം ക്ലബ്ബിലെത്തിക്കണം: അൽ നസർ കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 2nd January 2023, 8:37 am

സൗദി അറേബ്യൻ ക്ലബ്ബ് അൽ നസറിൽ 200 മില്യൺ യൂറോയുടെ പ്രതിവർഷ കരാറിൽ ചേക്കേറിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. 2025 വരെ താരം ക്ലബ്ബിൽ തുടരുമെന്നാണ് റിപ്പോർട്ടുകൾ.

അൽ നസറുമായി കരാർ ഒപ്പ് വെച്ചതോടെ ലോകത്തിലെ തന്നെ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന താരങ്ങളിലൊരാളായി മാറിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.

എന്നാലിപ്പോൾ റൊണാൾഡോയുടെ സൈനിങ്‌ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് അൽ നസർ പരിശീലകൻ റൂഡി ഗാർസ്യയുടെ ഒരു പത്ര സമ്മേളന ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം വൈറലായിരിക്കുകയാണ്.

റൊണാൾഡോയെ സൗദിയിലേക്ക് കൊണ്ട് വരുമോ എന്ന് മാധ്യമ പ്രവർത്തകർ ഗാർസ്യയോട് ചോദിക്കുമ്പോൾ റൊണാൾഡോയോ? എനിക്ക് ആദ്യം മെസിയെ ദോഹയിലെത്തിക്കണം എന്നാണ് അദ്ദേഹം മറുപടി പറയുന്നത്. ഒരു തമാശ രീതിയിൽ ഈ കാര്യം പറഞ്ഞതിന് ശേഷം അദ്ദേഹവും ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനും അടക്കം ചിരിക്കുന്ന ദൃശ്യവും വീഡിയോയിലുണ്ട്.

എന്നാൽ സ്പാനിഷ് ക്ലബ്ബ് റയലിൽ റൊണാൾഡോക്കൊപ്പം കളിച്ച സെർജിയോ റാമോസിനെ അൽ നസറിലേക്കെത്തിക്കാൻ ക്ലബ്ബ് വലിയ ശ്രമം നടത്തുന്നു എന്ന റിപ്പോർട്ടുകൾ ഇപ്പോൾ പുറത്ത് വരുന്നുണ്ട്.

അല്‍ നസറില്‍ സൈന്‍ ചെയ്തതോടെ റൊണാള്‍ഡോയുടെ യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് തിരശീല വീണിരിക്കുകയാണ്. സ്‌പോര്‍ട്ടിങ് ലിസ്ബണ്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടി ബൂട്ടുകെട്ടിയ താരം അസാധ്യ പ്രകടനമാണ് കരിയറില്‍ കാഴ്ചവെച്ചത്.

അഞ്ച് തവണ യുവേഫ ചാമ്പ്യന്‍സ് ലീഗ് നേടിയ റൊണാള്‍ഡോ 140 ഗോളുകള്‍ അക്കൗണ്ടിലാക്കി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന ഖ്യാതിയും നേടി. ക്ലബ്ബ് ഫുട്‌ബോളിലും അന്താരാഷ്ട്ര ഫുട്‌ബോളിലുമായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന പേരും റൊണാള്‍ഡോക്ക് സ്വന്തം. കളിക്കാരനെന്ന നിലയില്‍ കരാര്‍ അവസാനിച്ചാല്‍ ടീമിന്റെ പരിശീലകനാവാനും റൊണാള്‍ഡോക്ക് കഴിയും.

ഇതിന് പുറമെ സൗദി അറേബ്യയുടെ അംബാസിഡറായി റൊണാള്‍ഡോയെ നിയമിക്കാനും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈജിപ്ത്, ഗ്രീസ് എന്നീ രാജ്യങ്ങളുടെ ഒപ്പം ചേര്‍ന്ന് 2030 ലോകകപ്പ് നടത്താന്‍ സൗദി ശ്രമം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് താരത്തെ അംബാസിഡറാക്കാന്‍ ശ്രമിക്കുന്നത്.

അതേസമയം തന്നെ തുടർച്ചയായി ബെഞ്ചിൽ ഇരുത്തുന്നതിൽ പ്രതിഷേധിച്ച് ടോട്ടൻഹാമുമായുള്ള മത്സരം അവസാനിക്കും മുമ്പ് ബെഞ്ച് വിട്ട റോണാൾഡോക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് അച്ചടക്ക നടപടി സ്വീകരിച്ചതിനെ തുടർന്നാണ് ക്ലബ്ബും റൊണാൾഡോയും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തത്. ശേഷം പിയേഴ്‌സ് മോർഗനു മായുള്ള ആഭിമുഖത്തിൽ ക്ലബ്ബിനെ പരസ്യമായി വിമർശിച്ചതോടെ റൊണാൾഡോയും യുണൈറ്റഡും തമ്മിൽ ഉഭയകക്ഷി സമ്മതപ്രകാരം പിരിയുകയായിരുന്നു.

 

Content Highlights:Ronaldo? I want to bring Messi to the club first: Al Nasser coach