ന്യൂദല്‍ഹി: ശക്തമായ പ്രതിപക്ഷ പാര്‍ട്ടികളെയാണ് തനിക്ക് ആവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
‘രാജ്യത്ത് ശക്തമായ പ്രതിപക്ഷ പാര്‍ട്ടികളെയാണ് വേണ്ടത്. ജനാധിപത്യത്തോട് പ്രതിബദ്ധതയുള്ള പാര്‍ട്ടികളും രാജ്യത്തിന് ആവശ്യമാണ്. ആരുമായും എനിക്ക് വ്യക്തിപരമായി പ്രശ്‌നങ്ങള്‍ ഒന്നുമില്ല. ഞാന്‍ ആര്‍ക്കും എതിരല്ല,’ മോദി പറഞ്ഞു.
പ്രസിഡന്റ് രാംനാഥ് കോവിന്ദിന്റെ ഗ്രാമമായ യു.പിയിലെ പരുങ്കില്‍ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു മോദിയുടെ പരാമര്‍ശം.
സ്വജനപക്ഷപാതത്തില്‍ അകപ്പെട്ട പാര്‍ട്ടികള്‍ അതിന് മുകളില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്താല്‍ മാത്രമേ രാജ്യത്തിന്റെ ജനാധിപത്യം വളരുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
വംശീയ രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും അങ്ങനെ സംഭവിച്ചാല്‍ രാജ്യത്തെ ഏത് ഗ്രാമത്തില്‍ നിന്നും പ്രധാനമന്ത്രിയും രാഷ്ട്രപതിയുമൊക്കെ പിറവിയെടുക്കുമെന്നും മോദി പറഞ്ഞു.
ഡോ. ബി.ആര്‍. അംബേദ്കര്‍ ഭവനിലെ സ്മാര്‍ട്ട് ലൈബ്രറിയുടെ ഉദ്ഘാടനവും രാംനാഥ് കോവിന്ദ് സംഭാവന ചെയ്ത സ്ഥലത്ത് നിര്‍മ്മിച്ച മിലന്‍ കേന്ദ്രവും മോദി സന്ദര്‍ശിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു. രാംനാഥ് കോവിന്ദിന്റെ തറവാട് വീടാണ് മിലന്‍ കേന്ദ്രമായി മാറ്റിയിരിക്കുന്നത്.
രാംനാഥ് കോവിന്ദിന്റെ രാഷ്ട്രപതി കാലാവധി അവസാനിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.