ന്യൂദല്‍ഹി: സംയുക്ത കിസാന്‍ മോര്‍ച്ചയില്‍ നിന്ന് തന്നെ സസ്‌പെന്റ് ചെയ്ത നടപടി സ്വാഗതം ചെയ്ത് സ്വരാജ് ഇന്ത്യാ നേതാവ് യോഗേന്ദ്ര യാദവ്. കിസാന്‍ മോര്‍ച്ചയുടെ തീരുമാനത്തെ ആദരവോടെ അംഗീകരിക്കുന്നതായി യോഗേന്ദ്ര യാദവ് പ്രസ്താവനയില്‍ പറഞ്ഞു.
‘കര്‍ഷകരുടെ മുന്നേറ്റത്തിനായി ഇനിയും കൂടെയുണ്ടാകും. എനിക്ക് തന്ന ശിക്ഷ സന്തോഷത്തോടെ ഏറ്റെടുക്കുന്നു,’ യോഗേന്ദ്ര യാദവ് പറഞ്ഞു.
ലഖിംപുര്‍ ഖേരി സംഭവത്തില്‍ മരിച്ച ബി.ജെ.പി പ്രവര്‍ത്തകന്‍ ശുഭം മിശ്രയുടെ ബന്ധുക്കളെ സന്ദര്‍ശിച്ചതിനാണ് യോഗേന്ദ്ര യാദവിനെ സസ്‌പെന്റ് ചെയ്തത്. ഒരുമാസത്തേക്കാണ് സസ്‌പെന്‍ഷന്‍.
ലഖിംപൂരില്‍ കര്‍ഷകര്‍ക്ക് മേല്‍ ഇടിച്ചുകയറ്റിയ വാഹനത്തിന്റെ ഡ്രൈവര്‍ ശുഭം മിശ്രയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതോടെയാണ് യോഗേന്ദ്ര യാദവിനെ നടപടി വേണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടത്.
കര്‍ഷക പ്രക്ഷോഭം നയിക്കുന്ന സംയുക്ത കിസാന്‍ മോര്‍ച്ചയിലെ ശക്തമായ സാന്നിധ്യമാണ് യോഗേന്ദ്ര യാദവ്. എന്നാല്‍, ബി.ജെ.പി പ്രവര്‍ത്തകന്റെ കുടുംബത്തെ സന്ദര്‍ശിച്ചത് കര്‍ഷക പ്രക്ഷോഭത്തിന് ഗുണകരമല്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച വിശദീകരിച്ചു.
കോര്‍ കമ്മിറ്റിയില്‍ നിന്ന് ഒരു മാസത്തേക്ക് മാറ്റിനിര്‍ത്തും. പ്രക്ഷോഭ വേദികളില്‍ സംസാരിക്കാന്‍ അനുവദിക്കില്ലെന്നും സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കിയിട്ടുണ്ട്.