തങ്ങളില്‍ ഒരാള്‍ പോലും ബി.ജെ.പിയില്‍ ചേരില്ലെന്നും, പറഞ്ഞ വാക്കിന് വിലയുള്ളവരാണ് ആര്‍.എഎല്‍.ഡി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലഖ്‌നൗ: വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രമന്ത്രി അമിത് ഷായ്‌ക്കെതിരെ പരിഹാസവുമായി സമാജ്‌വാദി പാര്‍ട്ടിയുടെ സഖ്യകക്ഷിയും ആര്‍.എല്‍.ഡി നേതാവുമായ ജയന്ത് ചൗധരി. ബുധനാഴ്ച മഥുരയില്‍ വെച്ച് നടന്ന യോഗത്തിലാണ് ജയന്ത് ചൗധരി അമിത് ഷായ്‌ക്കെതിരെ ആഞ്ഞടിച്ചത്.
രാഷ്ട്രീയ ലോക് ദളിന്റെ ഒരു സമുന്നതനായ നേതാവിനെ അമിത് ഷാ കൂറുമാറാന്‍ പ്രേരിപ്പിച്ചിരുന്നുവെന്നും, എന്നാല്‍ അത് പരാജയപ്പെടുകയായിരുന്നുവെന്നും ചൗധരി പറയുന്നു. ‘എന്റെ സഹപ്രവര്‍ത്തകനോട് അദ്ദേഹം (അമിത് ഷാ) അവനെ (ആര്‍.എല്‍.ഡി നേതാവ്) ഹേമ മാലിനി ആക്കും എന്നാണ് പറഞ്ഞിരുന്നതെ’ന്നും ചൗധരി കൂട്ടിച്ചേര്‍ത്തു.
‘ഞങ്ങള്‍ക്ക് ഹേമ മാലിനി ആവണ്ട. എന്തിനാണ് അവര്‍ (ബി.ജെ.പി) എന്റെ നേതാക്കളെ കൂറുമാറാന്‍ പ്രേരിപ്പിക്കുന്നത്? മധുരമായ ഭാഷയിലാണ് അവര്‍ എപ്പോഴും എന്നോട് സംസാരിക്കാറുള്ളത്. എന്നാല്‍ കര്‍ഷക സമരത്തിനിടെ മരിച്ച 700ഓളം കര്‍ഷകര്‍ക്കും അവരുടെ കുടുംബത്തിനും വേണ്ടി എന്ത് ചെയ്തു എന്ന് ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്തുകൊണ്ടാണ് അവര്‍ അജയ് മിശ്രയെ ഇനിയും പുറത്താക്കാത്തത്,’ ചൗധരി ചോദിച്ചു.
തങ്ങളില്‍ ഒരാള്‍ പോലും ബി.ജെ.പിയില്‍ ചേരില്ലെന്നും, പറഞ്ഞ വാക്കിന് വിലയുള്ളവരാണ് ആര്‍.എഎല്‍.ഡി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, ജയന്ത് ചൗധരിയെ ‘സെക്‌സിസ്റ്റ്’ എന്നു വിളിച്ചായിരുന്നു ബി.ജെ.പി നേതാക്കള്‍ രംഗത്തുവന്നത്. ജയന്ത് ചൗധരിയെപ്പോലെ നല്ല കുടുംബത്തില്‍ നിന്നും വന്ന ഒരു വ്യക്തി ഇത്തരത്തിലുള്ള വാക്കുകള്‍ ഉപയോഗിക്കരുതെന്നും ബി.ജെ.പി നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്നുമായിരുന്നു ബോളിവുഡ് നടി കൂടിയായിരുന്ന ഹേമ മാലിനി ബി.ജെ.പിയിലെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ജയന്ത് ചൗധരിയും വാക്‌പോരുകളില്‍ ഏര്‍പ്പെട്ടിരുന്നു. അഖിലേഷിന്റെയും ജയന്തിന്റെയും സൗഹൃദം തെരഞ്ഞെടുപ്പിന്റെ ഫലം വരുന്നതു വരെ മാത്രമേ നിലനില്‍ക്കൂവെന്നും അഥവാ എസ്.പി ജയിച്ചാല്‍ അസം ഖാന്‍ മന്ത്രി സഭയില്‍ ഇരിക്കുമെന്നും ജയന്ത് പടിക്ക് പുറത്താകുമെന്നുമായിരുന്നു യോഗി പറഞ്ഞത്.
അമിത് ഷായും ആര്‍.എല്‍.ഡിയെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. റിപബ്ലിക് ദിനത്തില്‍ ജാട്ട് സമുദായത്തിലെ നേതാക്കള്‍ക്കൊപ്പം ദല്‍ഹിയില്‍ നടന്ന യോഗത്തിലായിരുന്നു ആര്‍.എല്‍.ഡിക്കു വേണ്ടി തങ്ങള്‍ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് ഷാ പറഞ്ഞത്.
എന്നാല്‍ തങ്ങള്‍ ബി.ജെ.പിയുമായി ഒരു തരത്തിലുമുള്ള സഖ്യത്തിനും ഇല്ലെന്നും, ഞങ്ങള്‍ എളുപ്പം മറിയുമെന്ന് ധരിക്കരുതെന്നുമായിരുന്നു ചൗധരി പറഞ്ഞത്.
403 അംഗ നിയമസഭയിലേക്ക് ഫെബ്രുവരി 10, 14, 20, 23, 27, മാര്‍ച്ച് 3, 7 തീയതികളിലായി ഏഴ് ഘട്ടമായാണ് ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.