[]ന്യൂദല്‍ഹി: 2ജി, കല്‍ക്കരി വിഷയങ്ങളില്‍ മുന്‍ സി.എ.ജി വിനോദ് റായിയുടെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. തന്റെ കടമ ചെയ്യുകയാണ് ചെയ്തതെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.
” ഞാന്‍ എന്റെ കടമ നിര്‍വഹിക്കുകയാണ് ചെയ്തത്. മറ്റുള്ളവര്‍ എന്തെങ്കിലും എഴുതിയതില്‍ പ്രതികരിക്കാന്‍ താല്‍പര്യപ്പെടുന്നില്ല.” മകള്‍ ദമാന്‍ സിങ് എഴുതിയ ” സ്ട്രിക്റ്റ്‌ലി പേഴ്‌സണല്‍: മന്‍മോഹന്‍ ആന്റ് ഗുര്‍ശരണ്‍” എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു മന്‍മോഹന്‍ സിങ്ങിന്റെ പ്രതികരണം.
2ജി സ്‌പെക്ട്രം, കല്‍ക്കരി ഇടപാടുകള്‍ പ്രധാനമന്ത്രിയുടെ അറിവോട് കൂടിയാണ് നടന്നതെന്നും അദ്ദേഹത്തിന് അത് തടയാന്‍ കഴിയുമായിരുന്നെന്നും വിനോദ് റായ് കുറ്റപ്പെടുത്തിയിരുന്നു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം.
ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന രീതിയില്‍ സ്‌പെക്ട്രം അനുവദിക്കാനുള്ള തീരുമാനം അന്നത്തെ ടെലികോം മന്ത്രിയായിരുന്ന എ.രാജ പ്രധാനമന്ത്രിയെ കത്തിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രി ഇക്കാര്യം മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് നിര്‍ദേശിച്ചില്ലെന്നും റായ് കുറ്റപ്പെടുത്തിയിരുന്നു.
കല്‍ക്കരിപ്പാടം അനുവദിക്കാന്‍ തീരുമാനമെടുത്തപ്പോള്‍ ഇതില്‍ ലോബിയിങ്ങിനും അഴിമതിക്കും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കോള്‍ സെക്രട്ടറി കല്‍ക്കരി വകുപ്പിന്റെ ചുമതല കൂടി വഹിച്ചിരുന്ന പ്രധാനമന്ത്രിയ്ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ പ്രധാനമന്ത്രി ആ മുന്നറിയിപ്പ് അവഗണിച്ചെന്നും റായ് ചൂണ്ടിക്കാട്ടിയിരുന്നു.