ന്യൂദല്‍ഹി: ദല്‍ഹിയിലെ അക്രമ സംഭവങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് സമാധാനം നിലനിര്‍ത്താന്‍ ശ്രമിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി നേതാവ് പ്രിയങ്കാ ഗാന്ധി. രാജ്യ തലസ്ഥാനം ഒരു ദിവസം നീണ്ട അക്രമങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നതെന്നും നിരവധി പൊതുജനങ്ങളെയും രാജ്യത്തെയൊട്ടാകെയും അക്രമം ബാധിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.
‘അക്രമങ്ങള്‍ അവസാനിപ്പിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. മഹാത്മാ ഗാന്ധിയുടെത് സമാധാനത്തിന്റെ രാഷ്ട്രമാണ്’, പ്രിയങ്ക പറഞ്ഞു.
‘സമാധാനം പാലിക്കണമെന്ന് ദല്‍ഹിക്കാരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. ക്രമസമാധാനം പുലര്‍ത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്‍കൈ എടുക്കണം’, പ്രിയങ്ക ട്വീറ്റില്‍ കുറിച്ചു.
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് വടക്കു കഴിക്കന്‍ ദല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെയുള്ള ആക്രമണം രൂക്ഷമാവുകയാണ്. പലയിടത്തും നിയമത്തെ അനുകൂലിക്കുന്നവര്‍ പ്രതിഷേധക്കാരെ ക്രൂരമായി മര്‍ദ്ദിക്കുന്നകതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായെന്നാണ് വിവരം.