സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ നസറിനായി കളിക്കുകയാണ് പോർച്ചുഗീസ് ഇതിഹാസ താരമായ റൊണാൾഡോ. റെക്കോർഡ് തുകയായ 225 മില്യൺ യൂറോക്ക് അൽ നസറിലെത്തിയ താരം ഇതിനോടകം തന്നെ ക്ലബ്ബിനായി ഒമ്പത് ഗോളുകളും പത്ത് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.
മാഞ്ചസ്റ്റർ യുണൈറ്റഡിലെ ഫോമില്ലായ്മയെ സൗദിയുടെ മണ്ണിൽ മറികടന്ന റൊണാൾഡോ യൂറോ കപ്പ് ക്വാളിഫയർ മത്സരങ്ങളിലും മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു.
യൂറോ കപ്പ് ക്വാളിഫയറിലെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്നും നാല് ഗോളുകളാണ് റൊണാൾഡോ സ്വന്തമാക്കിയിട്ടുള്ളത്.
എന്നാൽ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് താനെന്ന് സൗദി അറേബ്യൻ മാധ്യമങ്ങളോട് തുറന്ന് പറഞ്ഞിരിക്കുകയാണ് റൊണാൾഡോ.
ഗോൾ അറബിനോടായിരുന്നു താൻ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമാണെന്ന് റൊണാൾഡോ തുറന്ന് പറഞ്ഞത്.
ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ, തന്റെ മുൻ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള സ്വരച്ചേർച്ചയില്ലായ്മയും പ്രശ്നങ്ങളും മൂലമായിരുന്നു റോണോ ഇംഗ്ലണ്ട് വിട്ടത്.
തന്നെ തുടർച്ചയായി ബെഞ്ചിലിരുത്തുന്നതിൽ പ്രതിഷേധിച്ച് ടോട്ടൻഹാമിനെതിരെയുള്ള മത്സരത്തിൽ കളി പൂർത്തിയാകും മുമ്പ് മൈതാനം വിട്ട റൊണാൾഡോക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് അച്ചടക്ക നടപടികൾ സ്വീകരിച്ചിരുന്നു.
ഇതോടെ ക്ലബ്ബുമായി അകന്ന താരം പിയേഴ്സ് മോർഗന് നൽകിയ അഭിമുഖത്തിൽ യുണൈറ്റഡിനെ പരസ്യമായി വിമർശിച്ചതോടെയാണ് റൊണാൾഡോ ഉഭയകക്ഷി സമ്മത പ്രകാരം ക്ലബ്ബ് വിട്ടത്.
അതേസമയം സൗദി പ്രോ ലീഗിൽ 21 മത്സരങ്ങളിൽ നിന്നും 15 വിജയങ്ങളുമായി 49 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് അൽ നസർ.
ലീഗിലെ ആദ്യ സ്ഥാനക്കാരായ അൽ ഇത്തിഹാദുമായി ഒരു പോയിന്റ് വ്യത്യാസം മാത്രമാണ് അൽ നസറിനുള്ളത്.