ഹൈദരാബാദ് ഏറ്റുമുട്ടല്‍ വ്യാജം; 10 പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: സുപ്രീം കോടതി നിയോഗിച്ച സമിതി
India
ഹൈദരാബാദ് ഏറ്റുമുട്ടല്‍ വ്യാജം; 10 പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: സുപ്രീം കോടതി നിയോഗിച്ച സമിതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th May 2022, 2:54 pm

ന്യൂദല്‍ഹി: ഹൈദരാബാദില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വധിച്ച ഏറ്റുമുട്ടല്‍ വ്യാജം. സുപ്രീം കോടതി നിയോഗിച്ച സമിതിയാണ് പ്രതികളെ വധിച്ച ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

കൂട്ടബലാത്സംഗം നടത്തുകയും പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയും ചെയ്ത പ്രതികളെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പൊലീസ് മനപൂര്‍വം വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പ്രതികള്‍ക്ക് നേരെ ബോധപൂര്‍വ്വം വെടിയുതിര്‍ത്തത് അവരെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണെന്ന് സിര്‍പൂര്‍ക്കര്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇതിന് പിന്നാലെ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാന്‍ തെലങ്കാന ഹൈക്കോടതിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

2019-ല്‍ നടന്ന ഏറ്റുമുട്ടലില്‍ മുഹമ്മദ് ആരിഫ്, ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചെന്നകേശവുലു എന്നീ നാല് പ്രതികളായിരുന്നു കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഏറ്റുമുട്ടലിനെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി മൂന്നംഗ കമ്മീഷനെ നിയോഗിക്കുകയായിരുന്നു.

പ്രതികള്‍ക്ക് നേരെ ബോധപൂര്‍വം വെടിയുതിര്‍ത്തത് അവരെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയായിരുന്നെന്നും ആസൂത്രണം ചെയ്ത വെടിവെപ്പാണ് നടന്നതെന്നും സംഭവത്തില്‍ ഉള്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സിര്‍പുര്‍ക്കര്‍ കമ്മീഷന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്.

പ്രതികളുമായുള്ള ഈ ‘ഏറ്റുമുട്ടല്‍’ പൊലീസിന്റെ തിരക്കഥയായിരുന്നെന്നും കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്.

പ്രതികള്‍ പൊലീസിന്റെ ആയുധങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നും തുടര്‍ന്ന് വെടിയുതിര്‍ത്തുവെന്നുമുള്ള ആരോപണങ്ങള്‍ തെറ്റാണെന്നും സംഭവത്തില്‍ ഉള്‍പ്പെട്ട പത്തിലധികം പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്താനും കമ്മീഷന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്.

പ്രതികള്‍ പൊലീസിന്റെ ആയുധങ്ങള്‍ തട്ടിയെടുക്കുകയും പിന്നീട് വെടിയുതിര്‍ക്കുകയും ചെയ്തുവെന്ന ആരോപണം തെറ്റാണ്.

രേഖയിലുള്ള മുഴുവന്‍ വിവരങ്ങളും പരിശോധിച്ചതിന്റെ പശ്ചാത്തലത്തില്‍ 06.12.2019 ലെ സംഭവവുമായി ബന്ധപ്പെട്ട് ആയുധങ്ങള്‍ തട്ടിയെടുക്കല്‍, കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമം, പൊലീസിന് നേരെ ആക്രമണം, വെടിവെ്പ്പ് തുടങ്ങിയ കുറ്റകൃത്യങ്ങളൊന്നും പ്രതികളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്ന നിഗമനത്തില്‍ ഞങ്ങള്‍ എത്തിയിരിക്കുന്നു’ എന്നാണ് അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ക്രിമിനല്‍ നീതിന്യായ വ്യവസ്ഥ സുഗമമാക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് സിര്‍പുര്‍ക്കര്‍ അധ്യക്ഷനായ കമ്മീഷന്‍ ശിപാര്‍ശ നല്‍കി.

അന്വേഷണം പൂര്‍ത്തിയാക്കി, ബന്ധപ്പെട്ട കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ ഒരു പൊലീസ് ഉദ്യോഗസ്ഥനും വാര്‍ത്താസമ്മേളനം നടത്തരുതെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. അന്വേഷണ സമയത്ത് ശേഖരിച്ച വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പാടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.