തെലങ്കാനയില്‍ വനിതാ ഡോക്ടറെ ലൈംഗികമായി ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് ബി.ജെ.പി നേതാവ് മനേക ഗാന്ധി. ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലപാതകം ഭയാനകമായ സംഭവമാണെന്നും മനേക പറഞ്ഞു.
രാജ്യത്തെ ഭയപ്പെടുത്തുന്ന സംഭവമാണ് നടന്നത്. നിങ്ങള്‍ക്ക് നിങ്ങള്‍ക്കിഷ്ടമുള്ളത് പോലെ മനുഷ്യരെ വെടിവെച്ചു കൊല്ലാന്‍ പാടില്ലെന്നും മനേക ഗാന്ധി പറഞ്ഞു.
നിങ്ങള്‍ക്ക് നിയമം കൈയ്യിലെടുക്കാനാവില്ല. പ്രതികളെ കോടതി കൈകാര്യം ചെയ്യട്ടെ. നിയമത്തിന്റെ വഴിക്ക് പോവാതെ അതിന് മുമ്പെ അവരെ വെടിവെച്ചു കൊല്ലുകയാണെങ്കില്‍ പിന്നെന്തിനാണ് കോടതിയും നിയമവും പൊലീസുമൊക്കെയെന്നും മനേക ഗാന്ധി ചോദിച്ചു.
തെലങ്കാനയില്‍ വനിതാ ഡോക്ടറെ ലൈംഗികമായി ആക്രമിച്ച് കൊലപ്പെടുത്തിയ കേസില്‍ വിശദീകരണവുമായി സൈബരാബാദ് പൊലീസ് കമ്മീഷണര്‍ വി.സി സജ്ജനാര്‍ രംഗത്തെത്തിയിരുന്നു. നിയമം അതിന്റെ ഉത്തരവാദിത്വം നിറവേറ്റിയെന്നാണ് വി.സി സജ്ജനാരുടെ പ്രതികരണം.
വനിതാ ഡോക്ടറെ അക്രമിച്ച സ്ഥലത്ത് പ്രതികളെ എത്തിച്ചപ്പോള്‍ അവര്‍ പൊലീസിന് നേരെ തിരിയുകയായിരുന്നു. വടികളും കല്ലുകളും ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ചു. പൊലീസുദ്യോഗസ്ഥരുടെ ആയുധങ്ങള്‍ തട്ടിയെടുത്ത ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. പ്രതികളോട് കീഴടങ്ങാന്‍ നിര്‍ദേശിച്ചെങ്കിലും അവര്‍ അനുസരിച്ചില്ല. വെടിയുതിര്‍ക്കുന്നത് തുടര്‍ന്നു. അപ്പോഴാണ് പ്രതികളെ വെടിവെച്ചു കൊന്നത്. നിയമം അതിന്റെ ഉത്തരവാദിത്വം നിറവേറ്റുകയാണ് ചെയ്തതെന്നും വി.സി സജ്ജനാര്‍ പറഞ്ഞു.
പ്രതികളുടെ കൈയ്യില്‍ നിന്നും 2 തോക്കുകള്‍ പിടിച്ചെടുത്തു. പരുക്കേറ്റ 2 പൊലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ണാടകത്തിലും സമാനമായ നിരവധി കേസുകളില്‍ പ്രതികള്‍ക്ക് പങ്കുള്ളതായി സംശയമുണ്ട്. അതില്‍ അന്വേഷണം നടക്കുകയാണെന്നും വി.സി സജ്ജനാര്‍ പറഞ്ഞു.
ഇരയുടെ ഫോണ്‍ വീണ്ടെടുക്കാനാണ് പുലര്‍ച്ചെ പ്രതികളെ കൊണ്ടു പോയതെന്നാണ് വി.സി സജ്ജനാരുടെ പ്രതികരണം. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഷാഡ്‌നഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ക്ക് കൈമാറുമെന്നും പൊലീസ് അറിയിച്ചു