ഉഡുപ്പി: ഉഡുപ്പി പെര്‍ഡൂരില്‍ കന്നുകാലിക്കച്ചവടക്കാരനായ ഹുസൈനബ്ബ (61) യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് ബജ്‌റംഗദള്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരായ എച്ച്. പ്രസാദ് (32), ദീപക് (30), സുരേഷ് മെന്‍ഡന്‍ (27) എന്നിവരാണ് അറസ്റ്റിലായത്.
ഹുസൈനബ്ബയുടെ കൊലപാതകത്തിന് പിന്നില്‍ ബജ്‌റംഗദള്‍ പ്രവര്‍ത്തകരാണെന്ന് അദ്ദേഹത്തിന്റെ കുടുംബം വെളിപ്പെടുത്തിയിരുന്നു. ഹുസൈനബ്ബയെ നേരത്തെയും വേട്ടയാടിയിരുന്നുവെന്നും 2015ല്‍ ഹുസൈനബ്ബയെ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ പശുമൂത്രം കുടിപ്പിച്ചിരുന്നുവെന്നും കുടുംബം വെളിപ്പെടുത്തിയിരുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് ഹരിയടുക്ക പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഡി.എന്‍.കുമാറിനെ ഉടുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ലക്ഷ്മണ്‍ നിമ്പാര്‍ഗി കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ബുധനാഴ്ച ദുരൂഹ സാഹചര്യത്തിലാണ് ഹുസൈനബ്ബ കൊല്ലപ്പെടുന്നത്. 12 കാലികളെയും കൊണ്ട് പേഡൂരില്‍ നിന്ന് ഉഡുപ്പിയിലേക്ക് വാഹനം പോകുന്നുണ്ടെന്നറിഞ്ഞ് രാവിലെ നാലരയോടെ സ്ഥലത്തെത്തിയ പൊലീസിനെ കണ്ട് വാഹനം പിറകോട്ടെടുത്ത് നിറുത്തി വാഹനത്തിലുണ്ടായിരുന്ന നാല് പേര്‍ ഇറങ്ങി ഓടുകയായിരുന്നു. ഇതില്‍ പൊലീസ് ഹുസൈനബ്ബയെ പിന്തുടരുകയായിരുന്നു.
11 മണിക്ക് ഷെനാര്‍ബേട്ടു എന്ന സ്ഥലത്ത് വെച്ചാണ് ഹുസൈനബ്ബയുടെ മൃതദേഹം പിന്നീട് കണ്ടെടുക്കുന്നത്.
ഹുസൈനബ്ബയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള പൊലീസിന്റെ വിശദീകരണം കുടുംബം തള്ളിക്കളഞ്ഞിട്ടുണ്ട്. അറിയപ്പെടുന്ന കാലിക്കച്ചവടക്കാരനായ ഹുസൈനബ്ബയ്ക്ക് ലൈസന്‍സുണ്ടായിരുന്നതായി കുടുംബം പറഞ്ഞിരുന്നു.