ഉക്രെയ്‌നിലെ യുദ്ധം, റഷ്യയുമായും ചൈനയുമായും ഉള്ള ബന്ധം, ജനാധിപത്യം സംരക്ഷിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ മറ്റ് മിക്ക നേതാക്കളുടെ നിലപാടിന് വിരുദ്ധമായി നിലപാടുകളെടുക്കുന്ന ആളാണ് വിക്ടർ ഓർബൻ. അദ്ദേഹത്തിന്റെ നിലപാടുകൾ കാരണം നിരവധി കാലമായി യൂണിയനിൽ ഹംഗറി ഒറ്റപ്പെട്ടിരുന്നു.
യൂറോപ്യൻ യൂണിയൻ നയങ്ങളോടും നിലപാടുകളോടുമുള്ള അദ്ദേഹത്തിൻ്റെ പരസ്യമായ എതിർപ്പ് മറ്റു രാജ്യങ്ങളിൽ കടുത്ത അതൃപ്തിക്ക് കാരണമായിരുന്നു.
യൂറോപ്പിനെ വീണ്ടും മഹത്തരമാക്കുക എന്നതാണ് യൂറോപ്യൻ യൂണിയൻ നേതൃ സ്ഥാനത്ത് ഹംഗറി ഉയർത്തുന്ന മുദ്രാവാക്യം. യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് പദവി 27 അംഗരാജ്യങ്ങൾ ഊഴമനുസരിച്ച് ഏറ്റെടുക്കുകയാണ് പതിവ്.
വരുന്ന ആറുമാസത്തേക്കുള്ള ഹംഗറിയുടെ നേതൃസ്ഥാനം മറ്റ് രാജ്യങ്ങളിൽ ആശങ്ക സൃഷിട്ടിച്ചിട്ടുണ്ട്. ഹംഗറി നേതൃസ്ഥാനത്തേക്ക് വരുമെന്ന ഘട്ടം ആസന്നമായപ്പോൾത്തന്നെ പുതിയ തീരുമാനങ്ങൾ നടപ്പാക്കാൻ മറ്റ് നേതാക്കൾ തിടുക്കമിട്ടെന്ന വാർത്തയും പുറത്തു വരുന്നുണ്ട്.
ചൊവ്വാഴ്ച, യൂറോപ്യൻ യൂണിയൻ ഉക്രെയ്ൻ, മോൾഡോവ എന്നിവയുമായി അംഗത്വ ചർച്ചകൾ ആരംഭിച്ചിരുന്നു. ഉക്രെയ്നിൻ്റെ സ്ഥാനാർത്ഥിത്വം തടയുമെന്ന് ഓർബൻ ശബ്ദമുയർത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഉക്രെയ്‌നിന് ആവശ്യമായ ധനസഹായം നൽകാനുള്ള യൂറോപ്യൻ യൂണിയൻ്റെ ശ്രമങ്ങളും അദ്ദേഹത്തിൻ്റെ സർക്കാർ തടഞ്ഞിരുന്നു.