national news
'അനുരാഗ് എന്നോടും മറ്റുള്ളവരോടും ഒരിക്കലും മോശമായി പെരുമാറിയിട്ടില്ല';അനുരാഗ് കശ്യപിനെ പിന്തുണച്ചുകൊണ്ട് ഹുമ ഖുറേഷി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Sep 22, 12:40 pm
Tuesday, 22nd September 2020, 6:10 pm

മുംബൈ: ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ അനുരാഗ് കശ്യപിനെതിരായ നടി പായല്‍ ഘോഷിന്റെ ലൈംഗികാരോപണത്തില്‍ പ്രതികരണവുമായി നടി ഹുമ ഖുറേഷി. അനുരാഗ് കശ്യപ് ഇതുവരെയും തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്ന് ഹുമ ഖുറേഷി ട്വീറ്റ് ചെയ്തു.

സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ത്തുന്ന വിവാദങ്ങളിലും മാധ്യമവിചാരണകളിലും താന്‍ വിശ്വസിക്കുന്നില്ലെന്നും അതുകൊണ്ടാണ് ഈ വിഷയത്തില്‍ ഇതുവരെയും പ്രതികരിക്കാതിരുന്നതെന്നും ഹുമ പറഞ്ഞു. ഒരാള്‍ ചൂഷണം ചെയ്തുവെന്ന് തോന്നിയാല്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയാണ് വേണ്ടതെന്നും അവര്‍ കുറിച്ചു.

‘അനുരാഗിനൊപ്പം അവസാനമായി പ്രവര്‍ത്തിച്ചത് 2012-2013 കാലഘട്ടത്തിലാണ്. അദ്ദേഹം ഉറ്റസുഹൃത്തും കഴിവുള്ള സംവിധായകന്‍ കൂടിയാണ്. ഈയൊരു വിവാദത്തിലേക്ക് എന്നെ വലിച്ചിട്ടതില്‍ ദേഷ്യം തോന്നുന്നു. വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിലൂടെ നേടിയെടുത്തവ തൊഴിമേഖലയിലെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളും അനുമാനങ്ങളും കൊണ്ട് നശിപ്പിച്ചു കളയുന്ന സ്ത്രീകളോടും ദേഷ്യം തോന്നുന്നു’, ഹുമ ഖുറേഷി പറഞ്ഞു.

ആരോപണത്തില്‍ റിച്ചയുടെയും നടി ഹുമ ഖുറേഷിയുടെയും പേര് പായല്‍ ഘോഷ് പരാമര്‍ശിച്ചിരുന്നു. തന്നോടൊപ്പം വര്‍ക്ക് ചെയ്ത നടിമാരുമായി ഇത്തരത്തില്‍ ബന്ധമുണ്ടായിട്ടുണ്ടെന്ന് അനുരാഗ് പറഞ്ഞിരുന്നെന്ന് പായല്‍ ഘോഷ് പറഞ്ഞിരുന്നു.
മീടൂ മൂവ്‌മെന്റിന്റെ വിശുദ്ധത സംരക്ഷിക്കേണ്ടത് സ്ത്രീകളുടെയും പുരുഷന്‍മാരുടെയും ഉത്തരവാദിത്വമാണെന്നും അവര്‍ പറഞ്ഞു.

കുറച്ചു ദിവസം മുമ്പാണ് അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണവുമായി പായല്‍ ഘോഷ് രംഗത്തുവന്നത്. പായലിന്റെ ട്വീറ്റിന് പിന്നാലെ അനുരാഗിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നടി കങ്കണ റണൗത്തും രംഗത്തുവന്നിരുന്നു. എന്നാല്‍ പായലിന്റെ ആരോപണം തെറ്റാണെന്നും അനുരാഗിനെ പിന്തുണച്ചുകൊണ്ടും നടിമാരായ റിച്ച ചദ്ദ, കല്‍ക്കി തുടങ്ങിയവരും രംഗത്തുവന്നിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight: huma qureshi breaks silence on metoo row anurag kashyap never misbehaved with me