ഹൗഡി അമേരിക്ക
Opinion
ഹൗഡി അമേരിക്ക
ഫാറൂഖ്
Saturday, 28th September 2019, 8:59 am
ട്രംപിനെ കാണുമ്പോള്‍ മോദിജി വാസ്തു പ്രൊമോട്ട് ചെയ്യാന്‍ മറക്കാതിരുന്നാല്‍ മതിയായിരുന്നു. കവാത്തു മറക്കുന്നത് നമ്മുടെ ശീലമാണല്ലോ. വാസ്തു ശാസ്ത്രമാണെന്ന് നാസ തെളിയിച്ചിട്ടുണ്ട്. അടുക്കള ഒരു മൂലയിലാകുന്നതാ ശാസ്ത്രീയം, പെണ്ണുങ്ങളും.

ഈ നേരം വെളുക്കുന്നതിന് മുമ്പ് ഇവളെന്തിനാ പ്രഷര്‍ കുക്കറിനെ കൊണ്ട് കൂക്കി വിളിപ്പിക്കുന്നത്. വാഷിങ് മെഷിനും ഡ്രയറും മത്സരിച്ചാണല്ലോ മൂളുന്നത്. അമേരിക്കന്‍ കിച്ചന്‍ എന്ന് കേട്ടപ്പോള്‍ എന്തോ വലിയ സംഭവമാണെന്നായിരുന്നു കരുതിയിരുന്നത്. സ്വീകരണ മുറിയുടെ ഒത്ത നടുക്ക് അടുപ്പു കൂട്ടുന്നതിനെയാണ് അമേരിക്കന്‍ കിച്ചന്‍ എന്ന് പറയുന്നതെന്ന് ഇവിടെ വന്നപ്പോഴല്ലേ മനസ്സിലായത്. ഈ അമേരിക്കക്കാര്‍ക്ക് വാസ്തു നോക്കി കന്നിമൂലയുടെ എതിര്‍വശത്തുള്ള മൂലയില്‍ അടുക്കളയാക്കിയാലെന്താ, പെണ്ണുങ്ങളെപ്പോഴും വീടിന്റെ ഒരു മൂലക്കല്ലെങ്കില്‍ ആണുങ്ങള്‍ക്ക് ഒരു സ്വസ്ഥതയും ഉണ്ടാവില്ല എന്ന് കാണിപ്പയ്യൂര്‍ പറഞ്ഞിട്ടുണ്ട്. ഇപ്രാവശ്യം മോദിജി വാസ്തു പ്രൊമോട്ട് ചെയ്യുമായിരിക്കും, അമേരിക്കയിലെ ആണുങ്ങള്‍ക്കും വേണ്ടേ സ്വസ്ഥത. വാസ്തു ശാസ്ത്രമാണ്.

ഞാനെന്തിനാ ഈ റിക്ലൈനറില്‍ കിടക്കുന്നത്. ഓ, ഇന്നലെ രാത്രി വൈകിയത് കൊണ്ട് അവള്‍ ബെഡ്‌റൂമിന്റെ വാതില്‍ തുറന്നില്ല. അവളെ പറഞ്ഞിട്ടും കാര്യമില്ല, ജോലി കഴിഞ്ഞു ഇക്കണ്ട ട്രാഫികിലെല്ലാം കാറോടിച്ചു ഇവിടെ എത്തുമ്പോളേക്കും ആറേഴു മണിയായി കാണും. അത് കഴിഞ്ഞു കൊച്ചുങ്ങളെ കുളിപ്പിക്കലും പഠിപ്പിക്കലും, അമേരിക്കന്‍ കിച്ചണിലെ പാചകവും കൂടിയാവുമ്പോള്‍ പത്തു മണി കഴിയും. പിറ്റേന്ന് പുലര്‍ച്ചെ മഞ്ഞ സ്‌കൂള്‍ബസ് വരുന്ന ജംഗ്ഷനില്‍ കൊച്ചുങ്ങളെ കാറില്‍ കൊണ്ടാക്കി തിരിച്ചു വന്നിട്ട് എനിക്കുള്ള ബ്രെയ്ക്ഫാസ്‌റ് ഉണ്ടാക്കണം. സായിപ്പന്മാര്‍ തിന്നുന്ന കോണ്‍ഫ്ളക്സും സിരിയലുമൊന്നും എനിക്കങ്ങട്ട് ശരിയാവില്ല, പുട്ടിനും ദോശക്കും ഒക്കെയേ ഒരു ഗുമ്മുള്ളൂ. പുട്ടാണെങ്കില്‍ കടലക്കറിയാണ് നല്ലത്, വെഗ്മാന്‍സില്‍ നല്ല കടല കിട്ടും, നല്ല മൊരിപ്പുള്ള മെക്‌സിക്കന്‍ കടല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പട്ടേലിന്റെ മോട്ടലില്‍ മീറ്റിംഗ് കഴിഞ്ഞപ്പോള്‍ തന്നെ വൈകി. ഹൂസ്റ്റണിലെ ഹൗഡി-മോഡി പരിപാടിക്ക് ഇവിടുന്ന് മൂന്നാല് ബസ് അറേഞ്ച് ചെയ്തിട്ടുണ്ട്, നൃത്യനൃത്യങ്ങള്‍ അവതരിക്കുന്ന ഗുജറാത്തി പെണ്‍കുട്ടികള്‍ക്ക് ഒരു യുക്കോണ്‍ വേറെയും. അതിന്റെ ആലോചനയൊക്കെ കഴിഞ്ഞപ്പോള്‍ നല്ല വിശപ്പ്. പട്ടേല്‍ പച്ചവെള്ളം തരില്ല, അത് കൊണ്ട് ടാകോരിയയില്‍ പോയി ബീഫ് ഫാജിറ്റ ടാക്കോസ് കഴിക്കാമെന്ന് കരുതി. ഡള്ളാസില്‍ ഏതു ഹോട്ടലില്‍ കയറിയാലും ബീഫോ പോര്‍ക്കോ കഴിക്കാതെ പറ്റില്ല. ഡാളസ് എന്നാണ് പറയേണ്ടതെന്ന് കൊച്ചു പറയും. എന്തായാലെന്താ. പത്തു മുപ്പതു മൈല്‍ പോയാല്‍ ഒരു ശരവണ ഭവനുണ്ട്, മസാല ദോശക്ക് 20 ഡോളറാകും. പട്ടേലിന്റെ കുട്ടികള്‍ വരെ ബീഫാണ് തട്ടുന്നത്. ജോസെഫിന ഇപ്പോള്‍ ടാകോരിയയിലാണ് ജോലി ചെയ്യുന്നത്, നമ്മുടെ സക്കറിയേടെ ജോസെഫിന. മലയാളികളുടെ എടേല്‍ അവള് വല്യ ഫേയ്മസാ. അവളെയും കാണാമെന്നു വച്ചു.

ഇവള്‍ വാതില്‍ പൂട്ടാതെയാണല്ലോ പോയിരിക്കുന്നത്, കള്ളന്മാരുടെയും പിടിച്ചുപറിക്കാരുടെയും കാലമാണ്, ഒക്കെ കുടിയേറ്റക്കാര്‍. ഞങ്ങളിവിടെ വീട് വാങ്ങുന്ന കാലത്തു ഒരു കുഴപ്പോമില്ലാത്ത ഏരിയ ആയിരുന്നു. മുഴുവന്‍ വെളുവെളുത്ത സായിപ്പന്മാരായിരുന്നു. വഴീലോടൊക്കെ ഒരു പട്ടീടെ തുടലും പിടിച്ചവരെങ്ങനെ നടക്കും, വയസ്സന്മാരൊക്കെ നമ്മളെ കാണുമ്പോള്‍ ഹൗഡീ എന്ന് ചോദിക്കും, ആ ചോദ്യം കേക്കുമ്പോളെ ഒരു കുളിരാ, സായിപ്പല്ലേ നമ്മളോട് വിശേഷം ചോദിക്കുന്നത്. പിന്നെ പിന്നെ ഇന്ത്യക്കാരുടെ എണ്ണം കൂടി, കൂടെ മെക്‌സിക്കോക്കാരും കറുപ്പന്മാരും. സായിപ്പന്മാരൊക്കെ എങ്ങോട്ടോ പോയി, ഇപ്പൊ പട്ടീം ഇല്ല ഹൗഡീം ഇല്ല. ബോര്‍ഡറില്‍ മതില് കെട്ടണം, എച്-വണ്‍-ബി നിര്‍ത്തണം, ഇല്ലെങ്കില്‍ അമേരിക്ക മുഴുവന്‍ കുടിയേറ്റക്കാര്‍ നിറയും. മെയ്ക് അമേരിക്ക ഗ്രേറ്റ് എഗൈന്‍ .

മഞ്ഞബസ്സില്‍ കൊച്ചുങ്ങളെ കയറ്റി വിട്ട് ഇവളെപ്പോള്‍ വരാനാണ്, അത് വരെ ഈ ഡോര്‍ തുറന്നങ്ങനെ കിടക്കും. എനിക്കെണീക്കാനൊന്നും വയ്യ. മൂത്ത കൊച്ചിപ്പോള്‍ ഓസ്‌കാറിനോട് കിറുങ്ങി കൊണ്ട് നില്‍ക്കുകയാവും. ഓസ്‌കാര്‍ അവളുടെ ബോയ്ഫ്രണ്ടാണ്. രണ്ടാള്‍ക്കും പന്ത്രണ്ടു തികഞ്ഞിട്ടില്ല, അത് പോട്ടേന്നു വെക്കാം, ഇവിടെ കൊച്ചുങ്ങളൊക്ക അങ്ങനെയാണ്. ഇവള്‍ക്ക് ആ കറുകറുപ്പനെ മാത്രേ കിട്ടിയുള്ളോ. നാട്ടിലാണെങ്കില്‍ രണ്ടാളുടെയും കരണക്കുറ്റി അടിച്ചു പൊട്ടിച്ചേനെ, ഇവിടെ കൊച്ചുങ്ങളെ തൊടാന്‍ പറ്റത്തില്ല. എനിക്കീ കറുപ്പന്മാരെ കണ്ടാലേ പേടിയാ. ഇവളിനി ആ ചെറുക്കനെ കെട്ടുമോ, ഇല്ല. ഇവിടെ കെട്ടൊക്കെ രണ്ടു പെറ്റതിനു ശേഷമേ ഉണ്ടാവൂ.. എന്തായാലും അവളൊരു ആണിനെ കെട്ടിയാ മതിയാരുന്നു. ഇവിടെ പെണ്ണുങ്ങള്‍ പെണ്ണുങ്ങളെ കെട്ടും, ആണുങ്ങള്‍ ആണുങ്ങളെയും. എന്തിനാണാവോ. വാഴ വച്ചാല്‍ മതിയായിരുന്നു

മൂത്ത കൊച്ചിനാണാദ്യം സിറ്റിസണ്‍ഷിപ് കിട്ടിയത്. എന്തോരു ടെന്‍ഷനായിരുന്നു. ഈ കൊച്ചിനെ എട്ടാം മാസം വയറ്റിലുള്ളപ്പോഴാണ് അവക്ക് ഇങ്ങോട്ട് വിസ കിട്ടിയത്. ഏഴാം മാസം വരെയേ വിമാനകമ്പനിക്കാര്‍ യാത്ര സമ്മതിക്കൂ. രുക്മിണി ഡോക്ടറെ വീട്ടില്‍ പോയിക്കണ്ട് കാല് പിടിച്ചാണ് ഏഴാം മാസമാണെന്ന കള്ള സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചത്. ഇവിടെയെത്തി പ്രസവിക്കുന്ന വരെ ഒടുക്കത്തെ ടെന്‍ഷന്‍ ആയിരുന്നു. ഇവിടെ ജനിച്ചാല്‍ അപ്പൊ തന്നെ അമേരിക്കക്കാര്‍ സിറ്റിസണ്‍ഷിപ് കൊടുക്കും. അവരുടെ ഭരണ ഘടനയില്‍ അങ്ങനെയാണത്രെ. സായിപ്പന്മാര്‍ പരിഹസിച്ചോണ്ട് ആങ്കര്‍-ബേബീസ് എന്നൊക്കെ വിളിക്കും. എന്നാലെന്താ, കിട്ടിയത് കിട്ടിയത് തന്നല്ലേ. അമേരിക്കന്‍ പാസ്സ്‌പോര്‍ട്ടിന് എന്നാ വെല. ഇന്ത്യയിലെ സിസ്റ്റമാ സിസ്റ്റം, അഞ്ചു തലമുറ കഴിഞ്ഞാലും സിറ്റിസണ്‍ഷിപ് കൊടുക്കില്ല. ഒക്കേത്തിനെയും ചവിട്ടി പൊറത്താക്കണം, കീടങ്ങള്‍.

കൊച്ചുങ്ങക്ക് സിറ്റിസണ്‍ഷിപ് കിട്ടിയതുകൊണ്ടാണ് ഞങ്ങള്‍ക്കും കിട്ടിയത്. അതിനായി പെടാത്ത പാടില്ല. എത്ര ഓഫീസുകള്‍ കേറിയെറങ്ങി, എത്ര ഫോറം പൂരിപ്പിച്ചു. അവസാനം സത്യപ്രതിജ്ഞ കഴിഞ്ഞപ്പോളാണ് സമാധാനമായത്. അത് നിര്‍ബന്ധമാ, നമ്മള്‍ ഇന്ത്യയുമായുള്ള എല്ലാ സ്‌നേഹവും കൂറുമൊക്കെ ഇതിനാല്‍ ഉപേക്ഷിക്കുന്നു എന്നും ഇനി കൂറ് അമേരിക്കയുമായി മാത്രമേ ഉണ്ടാവൂ എന്നും സത്യപ്രതിജ്ഞ ചെയ്യണം. ഓത്ത് ഓഫ് അല്ലിജിയന്‍സ് എന്നാണ് പറയുക. ഓരോരോ ആചാരങ്ങളെ. അത് കഴിഞ്ഞു ഹൂസ്റ്റണിലെ കോണ്‍സുലേറ്റില്‍ പോയി ഇന്ത്യന്‍ പാസ്സ്‌പോര്‍ട്ടില്‍ കാന്‍സല്‍ഡ് എന്ന സീല്‍ അടിപ്പിച്ചു ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചതിന്റെ റിനൗന്‍സിയേഷന്‍ സെര്‍ട്ടിഫിക്കറ്റും വാങ്ങി വന്ന ദിവസം നടത്തിയ പാര്‍ട്ടി, കള്ളെത്രയാ കുടിച്ചത്, എന്തായിരുന്നു ഡാന്‍സ്.

യോഗ ചെയ്യാന്‍ സമയമായി, ഇന്നിപ്പോ മൂഡില്ല. നാളെയാവട്ടെ. കഴിഞ്ഞ പ്രാവശ്യം മാഡിസണ്‍-സ്‌ക്വയറില്‍ വന്നപ്പോള്‍ മോദിജി പറഞ്ഞതാണ് യോഗ ചെയ്യാന്‍. ആ സമയത്തു കുറെ സായിപ്പന്മാരെയൊക്കെ സംഘടിപ്പിച്ചു ബക്കനെര്‍ പാര്‍ക്കിന്റെ ഒരു മൂലക്ക് യോഗ തുടങ്ങിയിരുന്നു. രണ്ടുമൂന്നു മണിക്കൂര്‍ ഓടിചാടി റഗ്ബി കളിക്കുന്ന സായിപ്പന്മാര്‍ക്ക് രണ്ടോ മൂന്നോ ആസനം കൊണ്ടെന്താവാനാണ്. രണ്ടുമൂന്നാഴ്ച കഴിഞ്ഞപ്പോള്‍ സായിപ്പന്മാരൊക്കെ പോയി, പിന്നെ കഷണ്ടിയും കയറി വയറും ചാടി നടക്കാന്‍ വയ്യാത്ത കുറെ ഗുജറാത്തി അമ്മാവന്മാര്‍ മാത്രയായി യോഗ ഫ്രണ്ട്സ്. പരമ ബോറന്മാരാണ്, മോദിജിക്ക് വേണ്ടി സഹിക്കുന്നു. നാട്ടിലുള്ളവര്‍ എന്തൊക്കെ സഹിക്കുന്നു. പുലര്‍ച്ചെ പാര്‍ക്ക് വരെ നടക്കുന്നത് റിസ്‌കാണ്. കുടിയേറ്റക്കാരാണെവിടെയും, തോക്കുള്ള സായിപ്പന്മാരും ഉണ്ടാവും, ചുമ്മാ വെടി വക്കാന്‍ തോന്നിയാല്‍ തീര്‍ന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇവിടെ ടെക്സാസിലുള്ള സായിപ്പന്മാരുടെ കയ്യിലൊക്കെ തോക്കുണ്ട്. അവരുടെ ഭരണഘടന അതിനുള്ള അവകാശം കൊടുക്കുന്നുണ്ടത്രേ. ബെസ്‌ററ് ഭരണഘടന. സ്‌കൂളിലോക്കെ കൊച്ചുങ്ങള്‍ തോക്കുമായി വന്നു വെടിയോ വെടിയാണ്. പത്തും മുപ്പതുമൊക്കെ പടമാവും. മൂത്ത കൊച്ചു പോവുന്ന സ്‌കൂളില്‍ അഞ്ചു പത്തെണ്ണം പടമായതിനു ശേഷമാ ഒന്നുരണ്ടു കൊച്ചുങ്ങള്‍ കൂടെ വേണമെന്ന് തോന്നിയത്. സായിപ്പന്മാര്‍ക്കൊക്കെ അഞ്ചും പത്തുമാ. എന്താ ചെലവ്. ഒരു തോക്ക് വാങ്ങിയേച്ചു സായിപ്പന്മാരെക്കൂട്ടു നടക്കണമെന്ന് കുറെ കാലമായുള്ള ആഗ്രഹമാണ്. അവളു സമ്മതിക്കുകേല. നമ്മള്‍ അമേരിക്കക്കാരല്ലേ, ഭരണഘടന നമ്മുടെ കൂടിയല്ലേ എന്നൊന്നും പറഞ്ഞാല്‍ അവള്‍ക്ക് മനസ്സിലാവൂല്ല. അമേരിക്കക്കാരിയാവാന്‍ പാന്റിട്ടാല്‍ മാത്രം മതി എന്നാണവളുടെ വിചാരം. തലയോലപ്പറമ്പുകാരിയാണ് പാന്റിട്ടു നടക്കുന്നത്. മലയാളി മങ്ക.

 

യോഗക്ക് നാളെ പോകാം, ഇന്ന് പച്ചക്കറി നനക്കാതെ പറ്റില്ല. ഷോപ്റൈറ്റിലെ പച്ചക്കറിയൊക്കെ മൊത്തം വിഷമാണെന്നേ, മുഴുവന്‍ രാസവളവും കീടനാശിനിയും. ഓര്‍ഗാനിക് എന്നും പറഞ്ഞു ഒരു സെക്ഷനുണ്ട്. വല്യ വേലായാന്നെ. ഞങ്ങള്‍ തന്നെ ഇവിടെ കുറച്ചു പച്ചക്കറി കൃഷി തൊടങ്ങീട്ടുണ്ട് . ഞങ്ങള്‍ എന്നാല്‍ ഞാന്‍, അവളാ ഭാഗത്തു തിരിഞ്ഞു നോക്കുകേല. ഇതൊക്കെ പെണ്ണുങ്ങളുടെ പണിയല്ലേ എന്ന് ചോദിച്ചാല്‍ അവള് വാളെടുക്കും. അവക്കീ വെഷം തിന്നുന്നതിനൊന്നും ഒരു മടീമില്ല, യോഗയും ചെയ്യില്ല , മോഡിയേം ഇഷ്ടമല്ല, ട്രംപിനെയും. ട്രിക്ക്ള്‍-ഡൌണ്‍ എന്നൊന്നും പറഞ്ഞാല്‍ അവള്‍ക്ക് മനസ്സിലാവില്ല. കമ്പ്യൂട്ടറിന് ഏറ്റവും പറ്റിയ ലാംഗ്വേജ് സംസ്‌കൃതമാണെന്ന് പറഞ്ഞപ്പോള്‍ അല്ല ജാവയാണെന്നാ അവള്‍ പറയുന്നത്. ജാവ വളരെ സിംപിളും പവര്‍ഫുളും ആണത്രേ.

അവള്‍ ഒബാമേടെ പാര്‍ട്ടിക്കാരിയാണെന്നാ തോന്നുന്നേ. എനിക്കാ പാര്‍ട്ടിക്കാരെ തീരെ കണ്ടു കൂടാ. അവരുടെ പാര്‍ട്ടീല്‍ മൊത്തം കുടിയേറ്റക്കാരാന്നെ, ഇന്ത്യക്കാരും മെക്‌സിക്കോക്കാരും പിന്നെ കൊറേ കറുപ്പന്മാരും. വല്ലപ്പോഴും ഒന്നോ രണ്ടോ സായിപ്പന്മാരെ കണ്ടാലായി. അതൊക്കെ നമ്മുടെ പാര്‍ട്ടി. ട്രംപിന്റെ പാര്‍ട്ടി. ഞാന്‍ പോയതാ അവരുടെ പരിപാടീല്‍. എല്ലാം നല്ല വെളുവെളാ വെളുത്ത സായിപ്പന്മാര്‍. അവരങ്ങനെ കൂടി നില്‍ക്കുന്നത് കാണുമ്പോള്‍ തന്നെ എന്താ ഒരു ഐശ്വര്യം. നമ്മള്‍ ഇന്ത്യക്കാര്‍ ചെല്ലുമ്പോള്‍ അവര്‍ക്കൊരു നോട്ടമുണ്ട്, ശാഖയില്‍ ചെന്ന ക്രിസ്ത്യാനിയെ ശാഖക്കാര്‍ നോക്കുന്ന ഒരു നോട്ടമില്ലേ, ഏകദേശം അത് പോലെ. ഇവിടുത്തെ ക്രിസ്ത്യാനികളൊക്കെ മോഡി ഫാന്‍സാ, എപ്പഴും ട്രിക്ക്ള്‍-ഡൌണ്‍ എന്ന് പറഞ്ഞോണ്ടിരിക്കും. നാലു ബസ്സ് ബുക്ക് ചെയ്തതില്‍ ഒരെണ്ണം അവര്‍ക്കാ. മോദിയെന്നാ ഏതോ കേരള കോണ്‍ഗ്രസ് ഗ്രൂപ്പിന്റെ നേതാവാണെന്നാ ഇവന്മാരുടെ വിചാരം. ശല്യങ്ങള്‍.

അവളിപ്പോ ഇങ്ങെത്തും, കുറച്ചൂടെ ഉറങ്ങട്ടെ. പന്ത്രണ്ടു മണിക്ക് ബസ്സ് വരും. ഹൗഡി മോദി മിസ്സാവാന്‍ പാടില്ല, ട്രംപും മോദിയും ഒന്നിച്ചാണ് സ്റ്റേജില്‍. പൊളിക്കും. ട്രംപിനെ കാണുമ്പോള്‍ മോദിജി വാസ്തു പ്രൊമോട്ട് ചെയ്യാന്‍ മറക്കാതിരുന്നാല്‍ മതിയായിരുന്നു. കവാത്തു മറക്കുന്നത് നമ്മുടെ ശീലമാണല്ലോ. വാസ്തു ശാസ്ത്രമാണെന്ന് നാസ തെളിയിച്ചിട്ടുണ്ട്. അടുക്കള ഒരു മൂലയിലാകുന്നതാ ശാസ്ത്രീയം, പെണ്ണുങ്ങളും.

DoolNews video

ഫാറൂഖ്
ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ