ഹൈദരാബാദ് ബിരിയാണി തയ്യാറാക്കാനറിയാമോ? ഇല്ലെങ്കില്‍ എളുപ്പം പഠിക്കാന്‍ നിങ്ങളെ സഹായിക്കുന്ന ഒരു വീഡിയോയും കുറിപ്പുമാണിത്. മനോഹരമായ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ സോണി ദിനേഷ് തയ്യാറാക്കിയ ഈ വീഡിയോ ഹൈദരാബാദ് ബിരിയാണി തയ്യാറാക്കാന്‍ നിങ്ങള്‍ക്ക് പ്രേരണയാകുമെന്ന കാര്യത്തില്‍ സംശയമില്ല.
ആവശ്യമുള്ള വസ്തുക്കള്‍
ചിക്കന്‍ പുരട്ടിവെയ്ക്കാന്‍:
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പെയ്സ്റ്റ്: മൂന്ന് ടേബിള്‍സ്പൂണ്‍
അധികം മൂക്കാത്ത പപ്പായ അരച്ചത്: ഒരുടേബിള്‍സ്പൂണ്‍
മല്ലിയില, പുതിനയില നുറുക്കിയത്: നാലു ടേബിള്‍സ്പൂണ്‍ വീതം
സവാള ഗോള്‍ഡണ്‍ ബ്രൗണ്‍ നിറത്തില്‍ പൊരിച്ചെടുത്തത്
മഞ്ഞള്‍ പൊടി: രണ്ടുടീസ്പൂണ്‍
ചിക്കന്‍: ഒന്നരരക്കിലോ
മുളകുപൊടി: മൂന്നു ടേബിള്‍സ്പൂണ്‍
ഏലക്കായ: അഞ്ച്
ഗ്രാമ്പു: ആറ്
കറുകപ്പട്ട: ഒന്ന് വലുത്
തൈര്: നാലു ടേബിള്‍സ്പൂണ്‍
ഉള്ളിവറുത്ത വെളിച്ചെണ്ണ: കാല്‍കപ്പ്
ചെറുനാരങ്ങാ നീര്: രണ്ടുടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
റൈസിന്:
ബസ്മതി റൈസ്: ഒരുകിലോ
കറപ്പയില: രണ്ടെണ്ണം
കറുവപ്പട്ട: ഒന്ന് ചെറുത്
ഏലക്കായ: രണ്ടെണ്ണം
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ ചിക്കനില്‍ പുരട്ടാനുള്ള ചേരുവകള്‍ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ശേഷം 90മിനിറ്റ് സൂക്ഷിക്കുക.ചുവടു കട്ടിയുള്ള ഒരു പാത്രത്തിന്റെ അടിഭാഗത്ത് നന്നായി എണ്ണ പുരട്ടി. അതിനടിഭാഗത്തായി പുരട്ടിവെച്ച ചിക്കന്‍ കഷണങ്ങള്‍ വയ്ക്കുക.
മറ്റൊരു പാത്രത്തില്‍ ഒരു കിലോഗ്രാം അരി പാതിവേവുന്നതുവരെ തിളപ്പിക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും, കറുകപ്പട്ടയും കറപ്പയിലയും ഏലക്കായയും ചേര്‍ക്കാം. നന്നായി ഇളക്കുക. പാതിവേവായാല്‍ ഇറക്കിവെയ്ക്കുക.
തയ്യാറാക്കിവെച്ചിരിക്കുന്ന ചിക്കനു മുകളില്‍ ലെയറായി ഈ റൈസ് ഊറ്റിയിടാം. ഒപ്പം അരക്കപ്പ് വെള്ളവും മൂന്ന് ടേബിള്‍സ്പൂണ്‍ നെയ്യും ചേര്‍ക്കാം. ഏറ്റവും മുകളിലായി കുങ്കുപ്പൂവിട്ട പാല് ചേര്‍ക്കാം.
ശേഷം മൈദമാവുകൊണ്ട് സീല്‍ ചെയ്തശേഷം അടച്ചുവെച്ച് 15മിനിറ്റ് മീഡിയം ഫ്‌ളെയിമില്‍ വേവിക്കുക. ശേഷം ഇന്റക്ഷന്‍ കുക്കറിനുമുകളില്‍ ഒരു തവ വെച്ചശേഷം അതിനുമുകളില്‍ ബിരിയാണി ചെറുതീയില്‍ പത്തുമിനിറ്റ് വേവിക്കുക. ശേഷം ഇറക്കിവെച്ച് സീല്‍ പൊളിച്ച് ബിരിയാണി വിളമ്പാം.