'എത്ര ദളിതന്മാര്‍, മുസ്‌ലിങ്ങള്‍' 127 പേര്‍ക്ക് നോട്ടീസ് അയച്ച യു.ഐ.ഡി.എ.ഐ നടപടിയെ വിമര്‍ശിച്ച് ഉവൈസി
India
'എത്ര ദളിതന്മാര്‍, മുസ്‌ലിങ്ങള്‍' 127 പേര്‍ക്ക് നോട്ടീസ് അയച്ച യു.ഐ.ഡി.എ.ഐ നടപടിയെ വിമര്‍ശിച്ച് ഉവൈസി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th February 2020, 2:25 pm

ന്യൂദല്‍ഹി: വ്യാജവിവരങ്ങള്‍ നല്‍കി ആധാര്‍ നേടി എന്നാരോപിച്ച് ഹൈദരാബാദിലെ 127 പേര്‍ക്ക് നോട്ടീസയച്ച യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയെ വിമര്‍ശിച്ച്
എ.ഐ.എം.ഐ.എം പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസി.

യു.ഐ.ഡി.എ.ഐ അധികൃതര്‍ അധികാരം ദുരുപയോഗം ചെയ്യുകയാണെന്ന് വിമര്‍ശിച്ച ഉവൈസി നോട്ടീസ് അയച്ച 127 പേരില്‍ എത്ര ദളിതന്മാരും മുസ്‌ലിങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും ചോദിച്ചു.

ഹൈദരാബാദില്‍ ആധാര്‍ നമ്പര്‍ കരസ്ഥമാക്കാന്‍ യോഗ്യതയില്ലാത്ത 127 പേര്‍ അനധികൃതമായി കുടിയേറി താമസിക്കുന്നതായി സൂക്ഷ്മപരിശോധനയില്‍ വ്യക്തമായെന്നും അവര്‍ക്ക് നോട്ടീസയച്ചതായും യു.ഐ.ഡി.എ.ഐ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഇതിനെതിരെയാണ് ഉവൈസി വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

” നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത് പൗരത്വം തെളിയിക്കാനാണ്(ആധാറിന്റെ സാധുതയെപ്പറ്റിയല്ല). അതുകൊണ്ട് നോട്ടീസ് പുറപ്പെടുവിച്ച ഡെപ്യൂട്ടി ഡയരക്ടറെ സസ്‌പെന്റ് ചെയ്യുമോ? നോട്ടീസ് പുറപ്പെടുവിച്ചതിലൂടെ അവര്‍ അധികാരം അതിലംഘിച്ചിരിക്കുകയാണ്. ഇതൊരു മോശം ഏര്‍പ്പാടാണ്. പക്ഷപാതപരമായി അവരുടെ അധികാരം ഉപയോഗിക്കുകയാണ്,”, ഉവൈസി ട്വീറ്റ് ചെയ്തു.

യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയാണെന്നും ഉവൈസി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ