സ്വപ്‌നസുന്ദരി ഉന്നതരുടെ ഇഷ്ടതോഴിയോ, എല്‍.ഡി.എഫിന്റെ സരിതയാണ് സ്വപ്‌ന, മുഖ്യമന്ത്രിക്കും സ്വപ്‌നസുരേഷിനും തമ്മിലെന്താണ് ബന്ധം,
കേരളം ഇപ്പോള്‍ ചര്‍ച്ചചെയ്യുന്ന സ്വര്‍ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് വന്ന ചില വാര്‍ത്തകളുടെ തലക്കെട്ടും പ്രസ്താവനകളുമാണിത്. ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് നികുതിവെട്ടിച്ചുകൊണ്ട് ഒരു സംഘം സ്വര്‍ണം കടത്തി എന്നതാണ് ഇവിടെ നടന്നിട്ടുള്ള കുറ്റകൃത്യം. കുറ്റം ചെയ്തവരില്‍ പ്രധാനിയായി ഒരു സ്ത്രീയുമുണ്ട്. എന്നാല്‍ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളും പൊതുസമൂഹവും ചര്‍ച്ചചെയ്യുന്നതും വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതുമെല്ലാം ആ സ്ത്രീയെച്ചുറ്റിപ്പറ്റിയുള്ള അപസര്‍പ്പകഥകള്‍ മെനഞ്ഞുകൊണ്ടാണ്.
സ്ത്രീകള്‍ കുറ്റവാളികളാവുന്ന കേസുകളില്‍ പൊതുസമൂഹത്തിന്റെ ഭാഗത്തുനിന്നുണ്ടാവുന്ന വഴിതിരിഞ്ഞ വിചാരണകള്‍ തന്നെയാണ് പല മാധ്യമങ്ങളും തുടര്‍ന്നുപോരുന്നതെന്ന് ഈ ഘട്ടത്തില്‍ നമുക്ക് മനസ്സിലാക്കാനാകും.
പ്രമാദമായിരുന്ന ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്ന മറിയം റഷീദയും ഫൗസിയ ഹസനും അന്ന് മാധ്യമങ്ങളാല്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നത് ചാരസുന്ദരികള്‍ എന്നായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം സ്വപ്‌ന സുരേഷ് എന്ന ഒരു സ്ത്രീ സ്വര്‍ണക്കടത്ത് കേസ്സില്‍ പ്രതിയാകുമ്പോള്‍ ഒരു മുഖ്യധാരാ മാധ്യമത്തിന്റെ രാത്രിചര്‍ച്ചയുടെ തലക്കെട്ട് വരുന്നത് സ്വപ്‌ന സുന്ദരി ഉന്നതരുടെ ഇഷ്ടതോഴിയോ എന്നാണ്.
മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിലെ പ്രതി ശ്രീറാം വെങ്കിട്ടറാമിനേക്കാള്‍ ആള്‍ക്കൂട്ടവിചാരണക്ക് ഇരയായത് ഒപ്പമുണ്ടായിരുന്ന വഫ ഫിറോസ് എന്ന സ്ത്രീയായിരുന്നു. കൂടത്തായിയിലെ കൊലപാതക്കേസുകളിലെ പ്രതി ജോളി ചെയ്ത കുറ്റകൃത്യങ്ങളേക്കാള്‍ മലയാളിക്ക് ചര്‍ച്ച ചെയ്യാനും അറിയാനും ഇഷ്ടം ആ സ്ത്രീയുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട കഥകളായിരുന്നു. ആഴ്ചകളോളമാണ് മാധ്യമങ്ങള്‍ ജോളി എന്ന സ്ത്രീയുടെ രഹസ്യബന്ധങ്ങളെക്കുറിച്ചും അവരുടെ ജീവിതശീലങ്ങളെക്കുറിച്ചുമെല്ലാം കഥകള്‍ മെനഞ്ഞത്.
മാത്രവുമല്ല ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് ഏറെ വിവാദമായിരുന്ന സോളാര്‍പാനല്‍ അഴിമതി കേസ്സിലും സരിതാ എസ് നായരെക്കുറിച്ചുള്ള ചര്‍ച്ചകളും വാര്‍ത്തകളുമെല്ലാം ലൈംഗികചുവകള്‍ നിറഞ്ഞവയായിരുന്നു.
2011 ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ 1080 സ്ത്രീകള്‍ക്ക് 1000 പുരുഷന്‍മാര്‍ എന്നതാണ് ജനസംഖ്യാനുപാതം. ഇതുപ്രകാരം സമൂഹത്തില്‍ നടക്കുന്ന ഏത് കുറ്റകൃത്യത്തിലും പുരുഷന്‍മാര്‍ പ്രതികളാകുന്നത്‌പോലെ തന്നെ അതേ അളവില്‍ സ്ത്രീകളും പ്രതികളാകാം. എന്നാല്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കുറ്റകൃത്യങ്ങളിലെ സ്ത്രീകളുടെ പങ്കാളിത്തവും തടവുകാരിലെ സ്ത്രീ പുരുഷ അനുപാതവും പരിശോധിച്ചാല്‍ സ്ത്രീകള്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് പുരുഷന്‍മാരെ അപേക്ഷിച്ച് വളരെ കുറവാണെന്ന് മനസ്സിലാകും.
പക്ഷേ അപ്പോഴും ഏതെങ്കിലും കുറ്റകൃത്യങ്ങളില്‍ സ്ത്രീകള്‍ പ്രതികളായി വന്നാല്‍ അത് ഏറെ വാര്‍ത്താപ്രാധാന്യത്തോടെ അവതരിപ്പിക്കപ്പെടുന്നതും കുറ്റകൃത്യത്തേക്കാള്‍ വലിയ ചര്‍ച്ചകള്‍ ആ സ്ത്രീകളുടെ വ്യക്തിജീവിതത്തിലേക്കും സ്വകാര്യജീവിതത്തിലേക്കും നീളുന്നതും നമുക്ക് കാണാനാകും. കേരള ചരിത്രത്തില്‍ ഒട്ടനേകം ജയില്‍ചാട്ടങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും 2019ല്‍ തിരുവനന്തപുരത്ത് നടന്ന രണ്ട് സ്ത്രീകളുടെ ജയില്‍ചാട്ടം ഒരു അത്ഭുത സംഭവമെന്ന പോലെ നമ്മുടെ മാധ്യമങ്ങള്‍ വലിയ ചര്‍ച്ചയാക്കി മാറ്റിയത് ഈ ഘട്ടത്തില്‍ ഓര്‍ക്കേണ്ടതുണ്ട്.
ജന്‍ഡര്‍ അടിസ്ഥാനമാക്കിയും ലൈംഗികതയെ സൂചിപ്പിക്കുന്ന വിശേഷണങ്ങള്‍ നല്‍കിക്കൊണ്ടും കേസന്വേഷണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുന്ന രീതിയില്‍ മസാലപ്രയോഗങ്ങള്‍ നടത്തിയുമാണ് സ്ത്രീകള്‍ കുറ്റാരോപിതരായിട്ടുള്ള കേസുകളിലെല്ലാം പൊതുസമുഹവും മാധ്യമങ്ങളും തുടരെ തുടരെ ഇടപെട്ടുകൊണ്ടിരിക്കുന്നതെന്നതിന് വീണ്ടും തെളിവാകുകയാണ് ഈ സ്വര്‍ണ്ണക്കടത്ത് കേസും.
കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നത് സ്വാഭാവിക നീതിയാണ്. അത് സാധ്യമാവുകയും വേണം. എന്നാല്‍ സ്ത്രീ കുറ്റവാളികള്‍ക്ക് നേരിടേണ്ടി വരുന്ന ദ്വയാര്‍ത്ഥപ്രയോഗങ്ങളും കപടസദാചാര ആക്രമണങ്ങളും പലപ്പോഴും കഠിനമാണ്. മാധ്യമനിലവാരവും ഇത്തരം ഒളിഞ്ഞുനോട്ടപ്രക്രിയകള്‍ക്ക് അടിമപ്പെടുന്നതെന്തേ എന്ന ചോദ്യമാണ് പലഭാഗങ്ങളില്‍ നിന്നായി ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.
ജനാധിപത്യപ്രക്രിയയില്‍ സമൂഹവിചാരണക്ക് യാതൊരു സ്വാധീനവുമില്ലെന്ന അടിസ്ഥാനപരമായ ബോധ്യം നിലനില്‍ക്കുന്ന ആധുനികകാലത്താണ് സ്ത്രീകള്‍ ഇത്തരം സമൂഹവിചാരണകള്‍ക്ക് നിരന്തരം വിധേയരായിക്കൊണ്ടിരിക്കുന്നത്. അധികാരത്തിലിരിക്കുന്നവരില്‍ നിന്നുപോലും അത്തരം പരാമര്‍ശങ്ങളും സദാചാരപ്രയോഗങ്ങളും ഉണ്ടാവുന്നുണ്ട്. എല്‍.ഡി.എഫിന്റെ സരിതയാണ് സ്വപ്‌നയെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ വാദവും പിണറായി വിജയനും സ്വപ്‌ന സുരേഷും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെക്കുന്നതുമെല്ലാം ഇതിന്റെ ഉദാഹരണങ്ങളാണ്.
സരിതയും സ്വപ്‌നയും വഫ ഫിറോസുമെല്ലാം ഓരോ കാലത്ത് പൊതുസമൂഹത്തിന്റെ ആഘോഷങ്ങളായി മാറിയിട്ടുള്ളതിന് ഭരണകൂടത്തിനും കൃത്യമായ പങ്കുണ്ട്. കുറ്റാന്വേഷണ രീതിയും അന്വേഷണപുരോഗതിയും കണക്കിലെടുക്കാതെ പൊതുസമൂഹം ഇത്തരം വിഷയങ്ങള്‍ക്കുമേല്‍ നടത്തുന്ന ഇടപെടലുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷമാണ്. മാധ്യമങ്ങള്‍ അതിന്റെ ചുവടുപിടിക്കുകയും ചെയ്യുന്നു. ചാരക്കഥയിലെ രതിരാവുകളുടെ വര്‍ണ്ണന തന്നെയാണോ ഇപ്പോഴും നമ്മുടെ മാാധ്യമങ്ങളുടെ ഒന്നാം പാഠമെന്ന് ചോദിക്കേണ്ടിവരും.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ