ഇസ്രാഈലിന്റെ അധിനിവേശത്തെ ബോളിവുഡ് വെള്ള പൂശുന്നതെങ്ങനെ?
Movie Day
ഇസ്രാഈലിന്റെ അധിനിവേശത്തെ ബോളിവുഡ് വെള്ള പൂശുന്നതെങ്ങനെ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th October 2019, 3:41 pm

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള നയതന്ത്ര ബന്ധം നരേന്ദ്ര മോദി അധികാരത്തിലേറിയതു മുതല്‍ ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. എന്നാലിപ്പോള്‍ ഭരണപരമായ സമവാക്യങ്ങള്‍ക്കപ്പുറം ഇന്ത്യയുമായി നാനാതുറകളിലും ബന്ധം വെക്കാനാണ് ഇസ്രായേലിന്റെ നീക്കം. ആയുധ വിപണി, ഡിജിറ്റല്‍ രംഗം തുടങ്ങിയ രംഗത്തെല്ലാം ഇസ്രായേലിന്റെ ഉറ്റ സുഹൃത്താണ് ഇന്ത്യ ഇപ്പോള്‍.

ഇപ്പോഴിതാ ഇന്ത്യ- ഇസ്രാഈല്‍ ബന്ധം ബോളിവുഡ് വരെ എത്തി നില്‍ക്കുകയാണ്. ആഗോള തലത്തില്‍ ഇസ്രാഈലിനുള്ള ദുഷ്‌പേര് മാറ്റിയെടുക്കാനുള്ള ശ്രമത്തിന് ബോളിവുഡ് നല്‍കുന്ന സഹായം വളരെ വ്യക്തമാണ്.ബോളിവുഡിന്റെ സഹായത്തോടെ ഇസ്രായേല്‍ പൈതൃകത്തെ ലോകത്തിനുമുന്നില്‍ വെള്ള പൂശിക്കാണിക്കാനാണ് ഇസ്രാഈലിന്റെ ശ്രമം

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒക്ടോബര്‍ 16-17 തീയ്യതികളിലായി ബോളിവുഡ് താരങ്ങളായ അനില്‍ കപൂര്‍, അമീഷാ പട്ടേല്‍ തുടങ്ങി എട്ടോളം ബോളിവുഡ് താരങ്ങള്‍ പങ്കെടുക്കുന്ന ഇന്‍ഡോ-ഇസ്രായേല്‍ കള്‍ച്ചറല്‍ ഫെസ്റ്റിന് ഇസ്രായേല്‍ ഒരുങ്ങിയിരുന്നു എന്നാല്‍ പിന്നീട് ഈ പരിപാടി നടക്കാതെ പോയി. ബോളിവുഡിന്റെ ഇസ്രായേല്‍ മമതയുടെ പേരില്‍ മനുഷ്യാവകാശ പ്രക്ഷോഭകരുടെ പ്രതിഷേധവുമുയര്‍ന്നിരുന്നു.

എന്നാല്‍ ഈ പരിപാടി നടന്നില്ലെങ്കിലും ഇസ്രായേല്‍-ഇന്ത്യ സമവാക്യം കൂടുതല്‍ ഊര്‍ജിതമാകുമെന്ന് സാഹചര്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

2018 ല്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു 6 ദിവസത്തെ ഇന്ത്യ സന്ദര്‍ശനം നടത്തിയപ്പോള്‍ മുംബൈയില്‍ അമിതാങ് ബച്ചന്‍, കരണ്‍ജോഹര്‍, ഐശ്യര്യ റായ് തുടങ്ങിയ നിരവധി ബോളിവുഡ് താരങ്ങളുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായിരുന്നു. കൂടിക്കാഴ്ചയില്‍ ബോളിവുഡുമായി കൈകോര്‍ക്കുന്നതിനെ പറ്റി നെതന്യാഹു സൂചിപ്പിക്കുകയുമുണ്ടായി.

ഈയടുത്ത് ചിത്രീകരണം പൂര്‍ത്തിയായ, നെറ്റിഫ്‌ലിക്‌സിലൂടെ റിലീസ് ചെയ്യാനിരിക്കുന്ന ബോളിവുഡ് ചിത്രം ഡ്രൈവ് എന്ന സിനിമയുടെചില ഭാഗങ്ങള്‍ ഷൂട്ട് ചെയ്തത് ഇസ്രാഈലില്‍ ആയിരുന്നു. ഇസ്രാഈലില്‍ വച്ചു ഷൂട്ട് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണ് ഇത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ബോളിവുഡിനെ ഇസ്രാഈലിലേക്കു ക്ഷണിക്കുന്നതിലൂടെ പലകാര്യങ്ങളാണ് ഇസ്രായേല്‍ ലക്ഷ്യം വെക്കുന്നത്.

ഫലസ്തീനിലേക്കുള്ള അധിനിവേശവുമായി ബന്ധപ്പെട്ട് നിരന്തരം വിമര്‍ശനങ്ങളേല്‍ക്കുന്ന, അതിന്റെ പേരില്‍ ലോക ജനതയ്ക്കുമുന്നില്‍ രാജ്യത്തിനുള്ള ദുഷ്‌പേര് മാറ്റാന്‍ ലോകമെമ്പാടും ജനപ്രീതിയുള്ള ബോളിവുഡിന്റെ കടന്നു വരവ് ഇസ്രാഈലിനെ സഹായിക്കും.

രണ്ടാമതായി കോടികളുടെ ബിസിനസ് നടക്കുന്ന ബോളിവുഡ് ഇസ്രാഈലിലേക്കു കടക്കുകയാണെങ്കില്‍ ടൂറിസത്തിലൂടെ വലിയ സാമ്പത്തിക ലാഭമാണ് ഇസ്രായേലിനു ലഭിക്കുക.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ശ്രീലങ്ക, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയവിടങ്ങളിലെ ടൂറിസം മേഖലകളുടെ വളര്‍ച്ചയില്‍ ബോളിവുഡിന് വലിയ പങ്കാണുള്ളത്. സിനിമാ ചിത്രീകരണത്തിനു മാത്രമല്ല പലപ്പോഴും സെലിബ്രറ്റികളുടെ അവധിക്കാലവും ഈ രാജ്യങ്ങളിലാണ് ചെലവഴിക്കാറ്. ബോളിവുഡ് താരങ്ങളുടെ ഹോളിഡേ ഡെസ്റ്റിനേഷന്‍ വലിയ ഒരു ട്രെന്‍ഡ് സെറ്ററാകാറുമുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലേറ്റതു മുതല്‍ ഫലസ്തീന്‍ മനുഷ്യാവകാശ ലംഘനങ്ങളെ അവഗണിച്ചു കൊണ്ട് ഇസ്രാഈലുമായി അടുത്ത ബന്ധം വെക്കുന്ന ഇന്ത്യന്‍ നയം ആഗോള തലത്തിലും പ്രകടമാണ്.
കഴിഞ്ഞ ജൂലൈയില്‍ ഫലസ്തീനിലെ മനുഷ്യാവകാശ സംഘടനയായ ഷാഹേദിന് നിരീക്ഷണപദവി നല്‍കുന്നതിന് ഐക്യരാഷ്ട്ര സംഘടനയില്‍ നടന്ന വോട്ടെടുപ്പില്‍ ഇന്ത്യ ഇതിനെ എതിര്‍ത്തിരുന്നു.

ഫലസ്തീനില്‍ ഇസ്രാഈലില്‍ നടത്തുന്ന അധിനിവേശത്തിനെതിരെ നിലപാടെടുത്തു വന്ന ഇന്ത്യന്‍ നയം നരേന്ദ്രമോദിയുടെ വരവോടെ മാറിയത് ആശങ്കയോടെയാണ് ഫലസ്തീന്‍ ഭരണകൂടം കാണുന്നത്.