മഥുര: ഉത്തര്‍പ്രദേശിലെ മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്ര സമുച്ചയത്തോട് ചേര്‍ന്നുള്ള ഷാഹി ഈദ്ഗാഹ് മസ്ജിദ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി മഥുര സിവില്‍ കോടതി തള്ളി.
കഴിഞ്ഞ ആഴ്ചയാണ് പള്ളി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ചിലര്‍ കോടതിയെ സമീപിച്ചത്. കൃഷ്ണ വിരാജ്മന്റെ പേരിലാണ് ഹരജി സമര്‍പ്പിച്ചിരുന്നത്. ക്ഷേത്രത്തിന്റെ 13.37 ഏക്കര്‍ സ്ഥലത്താണ് മസ്ജിദ് ഉള്ളതെന്നാണ് ഹരജിയില്‍ ഉന്നയിക്കുന്ന അവകാശവാദം.
മഥുരയിലെ കൃഷ്ണ ക്ഷേത്രം തകര്‍ത്തത് ‘മുഗള്‍ ആക്രമണകാരി’യായിരുന്ന ഔറംഗസീബാണെന്ന് ഹരജിയില്‍ ആരോപിക്കുന്നു.
ചില മുസ്‌ലിങ്ങളുടെ സഹായത്തോടെ ശ്രീകൃഷ്ണ ജനമാസ്താന്‍ ട്രസ്റ്റിന്റെയും ‘ദേവന്റെ’യും ഭൂമി കൈയ്യേറ്റം ചെയ്യുകയും മസ്ജിദ് പണിയുകയും ചെയ്തുവെന്ന് ഹരജിയില്‍ അവകാശപ്പെടുന്നു.
അതേസമയം പള്ളി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹരജിയ്‌ക്കെതിരെ മഥുരയിലെ പുരോഹിത സംഘം രംഗത്തെത്തിയിരിക്കുകയാണ്. മഥുരയിലെ സമാധാനം തകര്‍ക്കാന്‍ പുറത്തുനിന്നും ചിലര്‍ ശ്രമിക്കുന്നുവെന്നാണ് അഖില ഭാരതീയ തീര്‍ത്ഥ പുരോഹിത് മഹാസഭ അധ്യക്ഷന്‍ മഹേഷ് പഥക് പറഞ്ഞത്.
ക്ഷേത്രവും പള്ളിയും സംബന്ധിച്ച് യാതൊരു തര്‍ക്കവും നിലവില്‍ മഥുരയില്‍ നിലനില്‍ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ ഇതുസംബന്ധിച്ച ഒത്തുതീര്‍പ്പുകള്‍ നടന്നിരുന്നതാണ്. ഇപ്പോള്‍ ഉന്നയിക്കുന്ന തര്‍ക്കം അടിസ്ഥാനമില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യയിലെ ബാബറി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട കേസില്‍ വിധി വന്നതിനു തൊട്ടുപിന്നാലെയാണ് മഥുര കോടതിയുടെ ഈ നിര്‍ദ്ദേശം.
28 കൊല്ലം പഴക്കമുള്ള ബാബരി മസ്ജിദ് തകര്‍ത്ത കേസിലാണ് ലഖ്‌നൗ പ്രത്യേക കോടതി വിധി പറഞ്ഞത്. കേസിലെ പ്രതികളില്‍ ജീവിച്ചിരിക്കുന്ന 32 പേരേയും കുറ്റവിമുക്തരാക്കിക്കൊണ്ടായിരുന്നു കോടതി വിധി. പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവ് ആണ് കേസില്‍ വിധി പറഞ്ഞത്.
ബാബറി മസ്ജിദ് തകര്‍ത്തതില്‍ ഒരു ഗൂഢാലോചനയും നടന്നില്ലെന്നും വളരെ ആകസ്മികമായാണ് മസ്ജിദ് തകര്‍ക്കപ്പെട്ടതെന്നും നിരീക്ഷിച്ച കോടതി കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ക്കുന്ന സമയത്ത് നേതാക്കള്‍ തടയാനാണ് ശ്രമിച്ചെതെന്നും പറഞ്ഞു. അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും പ്രകോപിതരായ ആള്‍ക്കൂട്ടത്തെ തടഞ്ഞെന്നും കോടതി അഭിപ്രായപ്പെട്ടു.
1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ അയോധ്യയിലെ ബാബറി മസ്ജിദ് പൊളിക്കുന്നത്. രണ്ടായിരത്തില്‍ അധികം ആളുകള്‍ക്കാണ് കലാപത്തില്‍ ജീവന്‍ നഷ്ടമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി തുടങ്ങിയ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെടെ കേസില്‍ പ്രതികളായിരുന്നു. 351 സാക്ഷികളെ വിസ്തരിച്ച കോടതി 600 രേഖകള്‍ പരിശോധിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക