താനെ: പാകിസ്ഥാന്‍ ഭാഷ സംസാരിക്കുന്നവരെ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിലടക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ. നാഷണല്‍ കോണ്‍ഫറന്‍സ് മേധാവി ഫാറൂഖ് അബ്ദുള്ള, കോണ്‍ഗ്രസ് നേതാവ് വിജയ് വഡേത്തിവാര്‍, പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി എന്നിവര്‍ അടുത്തിടെ നടത്തിയ പ്രസ്താവനകളെ മുന്‍നിര്‍ത്തി പ്രതികരിക്കുകയായിരുന്നു ഷിന്‍ഡെ.
‘പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ രാജ്യത്തുടനീളം ഉണ്ടായി കൊണ്ടിരിക്കുന്ന ദേശസ്‌നേഹത്തിന്റെ തരംഗം അവര്‍ക്ക് സഹിക്കുന്നില്ല. അവര്‍ നിരന്തരം പാകിസ്താന്റെ ഭാഷ കടമെടുക്കുന്നു. അവര്‍ രാജ്യ ദ്രോഹികളെന്നെന്നതില്‍ സംശയമില്ല,’ ഷിന്‍ഡെ പി.ടി.ഐ യോട് പറഞ്ഞു.
2008ലെ ഭീകരാക്രമണത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ഹേമന്ദ് കര്‍ക്കറെയെ കൊന്നത് ആര്‍.എസ്.എസ് ബന്ധമുള്ള പൊലീസ് കാരനാണെന്ന കോണ്‍ഗ്രസ് നേതാവ് വിജയ് വഡേത്തിവാറിന്റെ പ്രസ്താവനയ്ക്കെതിരെ ഷിന്‍ഡെ ആഞ്ഞടിച്ചു. പ്രതിപക്ഷ നേതാവ് കസബിനെ അംഗീകരിക്കുകയാണെന്നും രക്തസാക്ഷികളെ വിസ്മരിക്കുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശരദ് പവാറിനെയും അദ്ദേഹം കുറ്റപ്പെടുത്തി. ഒരുപാട് വര്‍ഷങ്ങള്‍ രാഷ്ട്രീയത്തില്‍ ഉണ്ടായിട്ടും ജനങ്ങള്‍ക്കും കൃഷിക്കാര്‍ക്കും വേണ്ടി ഒന്നും ചെയ്യാത്ത സര്‍ക്കാരായിരുന്നു ശരദ് പവാറിന്റേതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമാണെന്നു പറഞ്ഞ ഷിന്‍ഡെ, കര്‍ഷകര്‍ക്കു വേണ്ടിയുള്ള പദ്ധതികള്‍ക്കാണ് മോദി സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും അഭിപ്രായപ്പെട്ടു.
10 വര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രവര്‍ത്തനങ്ങള്‍ മികവുറ്റവയാണെന്നും ഷിന്‍ഡെ പറയുന്നുണ്ട്. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കുമുള്ള പദ്ധതികള്‍, അടിസ്ഥാന സൗകര്യ പദ്ധതികള്‍, റോഡ്, റെയില്‍, വ്യോമ, ജല കണക്റ്റിവിറ്റി എന്നിവയെല്ലാം മികച്ച മാതൃകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇന്ത്യയെ കുറിച്ച് ലോകം മുഴുവന്‍ ബഹുമാനത്തോടെയാണ് സംസാരിക്കുന്നത് എന്നും ഇന്ത്യ സംസാരിക്കുന്നു, ലോകം കേള്‍ക്കുന്നു എന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തി എന്നും ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു.
Content High light: Those speaking pakistan’s language should be charged with treason, sent to jail: shinde