അമേഠിയിലേയും റായ്ബറേലിയിലേയും വിശാലസഖ്യത്തിന്റെ വോട്ടുകള്‍ കോണ്‍ഗ്രസിന്; മായാവതി
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളായ റായ്ബറേലിയിലും അമേഠിയിലും എസ്.പി-ബി.എസ്.പി സഖ്യത്തിന്റെ വോട്ടുകള്‍ കോണ്‍ഗ്രസിനായിരിക്കുമെന്ന് ബി.എസ്.പി നേതാവ് മായാവതി. പ്രതിപക്ഷ ഐക്യം തകരുകയാണെന്ന മോദിയുടെ പ്രസ്താവനയ്ക്ക് തൊട്ടു പിന്നാലെയാണ് മായാവതി ഇക്കാര്യം പറഞ്ഞതെന്നതും ശ്രദ്ധേയമാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടമായ തിങ്കളാഴ്ചയാണ് ഉത്തര്‍പ്രദേശിലെ ഈ രണ്ടു മണ്ഡലങ്ങളും പോളിംഗ് ബൂത്തിലേക്ക് പോകുന്നത്. ഈ രണ്ടു മണ്ഡലങ്ങളിലും എസ്.പി-ബി.എസ്.പി സഖ്യം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നില്ല. ബി.ജെ.പിയുടെ വോട്ട് കുറക്കാന്‍ തങ്ങള്‍ മനപ്പൂര്‍വം എടുത്ത തീരുമാനമാണിതെന്ന് മായാവതി പറഞ്ഞു.
‘ബി.ജെ.പി-ആര്‍.എസ്.എസ് അധികാരകേന്ദ്രത്തിന്റെ വോട്ടു വിഹിതം കുറക്കാനായി അമേഠിയും റായ്ബറേലിയും പൂര്‍ണമായും കോണ്‍ഗ്രസിന് വിട്ടു കൊടുക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു’- മായാവതി പറഞ്ഞു.
‘ഈ മണ്ഡലങ്ങളില്‍ ബി.ജെ.പി മുന്നേറ്റം ഉണ്ടാക്കുകയില്ലെന്ന് മനസ്സില്‍ വെച്ച് കൊണ്ട് ഈ രണ്ടു സീറ്റുകളും കോണ്‍ഗ്രസിന് വിടാന്‍ തീരുമാനിച്ചു. മഹാസഖ്യത്തിന്റെ എല്ലാ വോട്ടുകളും കോണ്‍ഗ്രസിന് പോകുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു’- മായാവതി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഉത്തര്‍പ്രദേശിലോ, രാജ്യത്ത് മറ്റെവിടെങ്കിലുമോ കോണ്‍ഗ്രസുമായി തങ്ങള്‍ സഖ്യത്തിലല്ലെന്നും മായാവതി വ്യക്തമാക്കി.
ബി.എസ്.പി-എസ്.പി-ആര്‍.എല്‍.ഡി സഖ്യം മത്സരിക്കുന്ന ഏഴ് മണ്ഡലങ്ങളില്‍ സമാന രീതിയില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താതെ കോണ്‍ഗ്രസും മഹാസഖ്യത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന് 80 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താമെന്നായിരുന്നു മഹാസഖ്യത്തിന്റെ പ്രതികരണം.
ഉത്തര്‍പ്രദേശില്‍ എസ്.പിയും കോണ്‍ഗ്രസും ചേര്‍ന്ന് പ്രധാനമന്ത്രിയാക്കാമെന്ന് പറഞ്ഞ് മായാവതിയെ പറ്റിക്കുകയാണെന്നും, ഇതവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം മോദി പറഞ്ഞിരുന്നു. എസ്.പി പ്രവര്‍ത്തകരോട് പ്രിയങ്ക ഗാന്ധി സംവദിച്ചത് ഇതിന് തെളിവാണെന്നും മോദി പറഞ്ഞിരുന്നു.
ലോക്‌സഭയിലേക്ക് 80 എം.പിമാരെ അയക്കുന്ന ഉത്തര്‍പ്രദേശ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാണ്. 2014ല്‍ യു.പിയിലെ 71 സീറ്റുകളും ബി.ജെ.പിക്കൊപ്പമായിരുന്നു. എന്നാല്‍ ശക്തമായ ഭരണവിരുദ്ധ വികാരവും, എസ്.പി-ബി.എസ്.പി സഖ്യവും ഈ വര്‍ഷം ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ നടുവൊടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.