കഴിഞ്ഞ ദിവസമായിരുന്നു ഹോങ്കോങ് ഏഷ്യാ കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയത്. കരുത്തരായ ഇന്ത്യയായിരുന്നു ഹോങ്കോങ് പടയുടെ എതിരാളികള്‍. മത്സരത്തില്‍ ഹോങ്കോങ്ങിനെ 40 റണ്‍സിന് തകര്‍ത്തുവിട്ട ഇന്ത്യ സൂപ്പര്‍ ഫോറിലും പ്രവേശിച്ചു.
കളി തോറ്റെങ്കിലും ചില ഹോങ്കോങ് താരങ്ങളുടെ പ്രകടനം മികച്ചുനിന്നിരുന്നു. ബാബര്‍ ഹയാത്ത്, കിഞ്ചിത് ഷാ, സീഷന്‍ അലി എന്നിവരായിരുന്നു ഹോങ്കോങ് നിരയില്‍ മികച്ച പ്രകടനം പുറത്തെടുത്തത്.
ബാബര്‍ ഹയാത് 35 പന്തില്‍ നിന്നും 41ഉം കിഞ്ചിത് ഷാ 28 പന്തില്‍ നിന്നും 30ഉം റണ്‍സ് സ്വന്തമാക്കിയിരുന്നു. 17 പന്തില്‍ നിന്നും പുറത്താവാതെ 26 റണ്‍സാണ് സീഷന്‍ സ്വന്തമാക്കിയത്.
മത്സരത്തിന് ശേഷം ഗ്രൗണ്ടില്‍ നടന്ന ഒരു സംഭവമാണ് ക്രിക്കറ്റ് ലോകം ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. ഹോങ്കോങ് താരം കിഞ്ചിത് ഷായുടെ പ്രണയാഭ്യര്‍ത്ഥനയുടെ വീഡിയോ ആണ് ക്രിക്കറ്റ് ലോകമൊന്നാകെ ഏറ്റെടുത്തിരിക്കുന്നത്.
ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ വീഡിയോ പങ്കുവെച്ച് ഇരുവര്‍ക്കും ആസംശകള്‍ നേര്‍ന്നിട്ടുണ്ട്. ‘ആന്‍ഡ് ഷീ സെഡ് യെസ്’ എന്ന് ക്യാപ്ഷനോടെയായിരുന്നു എ.സി.സി വീഡിയോ പങ്കുവെച്ചത്.
She said YES! 😍💍
A heartwarming moment where Hong Kong’s @shah_kinchit95 proposed to his SO after playing a big match against India 🥰
A huge congratulations to the happy couple. We wish you all the joy and happiness in your new life together ❤️#AsiaCup2022#GetReadyForEpicpic.twitter.com/CFypYMaPxj
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ടോസ് നേടിയ ഹോങ്കോങ് ക്യാപ്റ്റന്‍ നിസാഖത് ഖാന്‍ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പതിഞ്ഞ താളത്തിലായിരുന്നു ഇന്ത്യ കളിച്ചു തുടങ്ങിയത്.
13 പന്തില്‍ നിന്നും 21 റണ്‍സുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയായിരുന്നു ആദ്യം പുറത്തായത്. ആഞ്ഞടിച്ച് സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു രോഹിത്തിന്റെ പുറത്താവല്‍.
സഹ ഓപ്പണര്‍ കെ.എല്‍. രാഹുലാവട്ടെ സെല്‍ഫിഷ് ഇന്നിങ്‌സായിരുന്നു കളിച്ചത്. ഇന്നിങ്‌സിന്റെ ആദ്യം ടെസ്റ്റ് ശൈലിയിലും തുടര്‍ന്ന് പുറത്താവുന്നത് വരെ ഏകദിന ശൈലിയിലുമായിരുന്നു രാഹുലിന്റെ ബാറ്റിങ്. 39 പന്തില്‍ നിന്നും 36 റണ്‍സാണ് രാഹുല്‍ നേടിയത്.
വണ്‍ ഡൗണായെത്തിയ വിരാടും നാലാമനായി ഇറങ്ങിയ സൂര്യകുമാറും ഇന്ത്യന്‍ ഇന്നിങ്സിനെ മുന്നോട്ട് നയിച്ചു.
ഒരുസമയം 150 പോലും കടക്കില്ലെന്ന് തോന്നിയ ഇന്ത്യന്‍ ഇന്നിങ്‌സിനെ ഇരുവരും ചേര്‍ന്ന് 192 റണ്‍സിലെത്തിച്ചു. 68 റണ്‍സാണ് സൂര്യകുമാര്‍ അടിച്ചുകൂട്ടിയത്. ആറ് സിക്‌സും ആറ് ഫോറുമാണ് സൂര്യയുടെ ഇന്നിങ്‌സിലുണ്ടായിരുന്നത്. അവസാന ഓവറില്‍ മാത്രം നാല് സിക്‌സറടക്കം 26 റണ്‍സാണ് സ്‌കൈ സ്വന്തം പേരിലാക്കിയത്.
കഴിഞ്ഞ മത്സരത്തിലെ വിജയത്തോടെ ഇന്ത്യ സൂപ്പര്‍ ഫോറില്‍ പ്രവേശിച്ചിരിക്കുകയാണ്. അടുത്ത ദിവസം നടക്കുന്ന പാകിസ്ഥാന്‍ – ഹോങ്കോങ് മത്സരത്തിലെ വിജയികള്‍ ഇന്ത്യക്കൊപ്പം സൂപ്പര്‍ ഫോറില്‍ പ്രവേശിക്കും.
Content Highlight: Hong Kong cricketer Kinchit Shah proposed to his girlfriend after Asia Cup match against India