ബീജിംഗ്: ഹോങ്കോങ്ങിലെ ആക്ടിവിസ്റ്റുകളും ജനാധിപത്യ ക്യാംപയിനുകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരുമായ ഏഴ് പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ചൈനീസ് സര്‍ക്കാര്‍ ഹോങ്കോങ്ങിന് മേല്‍ അടിച്ചേല്‍പ്പിച്ച ദേശീയ സുരക്ഷാ നിയമത്തിനെതിരെ കഴിഞ്ഞ വര്‍ഷം സമരം ചെയ്തവരെയാണ് അറസ്റ്റ് ചെയ്ത് ഒരു വര്‍ഷത്തേയ്ക്ക് തടവ് ശിക്ഷയ്ക് വിധിച്ചത്.
നിയമവിരുദ്ധമായി കൂട്ടംകൂടിയെന്ന കുറ്റത്തിനാണ് ശനിയാഴ്ച ഏഴ് പേരെ ശിക്ഷിച്ചത്. ഫിഗോ ചാന്‍, സാങ് കിന്‍-ഷിംഗ്, താങ് സായ്-ലേ, ആന്‍ഡി ചുയ്, വു ചി-വായ്, എഡ്ഡി ചു, ലിയുങ് ക്വോക്-ഹങ് എന്നിവരെയാണ് അറസ്റ്റ് ചെയ്ത് തടവിന് വിധിച്ചത്. ഇവരില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും നിയമവിദഗ്ധരുമെല്ലാം ഉള്‍പ്പെടുന്നുണ്ട്.
സംഭവം ഗൗരവമേറിയതാണെന്നും പ്രതിഷേധം അക്രമങ്ങള്‍ക്ക് കാരണമായെന്നുമായിരുന്നു വിധി പ്രസ്താവിച്ചു കൊണ്ട് ജഡ്ജി ഡഗ്ലസ് യൗ പറഞ്ഞത്.
2020 ജൂണ്‍ 30നായിരുന്നു ചൈനീസ് സര്‍ക്കാര്‍ ദേശീയ സുരക്ഷാ നിയമം നടപ്പില്‍ വരുത്തിയത്. ജൂലൈ ഒന്നിനായിരുന്നു ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത പ്രതിഷേധസമരം നടന്നത്. കൊവിഡിന്റെ സാഹചര്യത്തില്‍ അന്ന് പൊതു പ്രകടനങ്ങള്‍ പൊലീസ് നിരോധിച്ചിരുന്നു.
പ്രതിഷേധക്കാര്‍ക്ക് നേരെ അന്ന് പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവുമടക്കം പ്രയോഗിച്ചിരുന്നു.
2019ല്‍ ഹോങ്കോങ്ങില്‍ വ്യാപകമായുണ്ടായ ചൈനീസ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ തടുക്കുന്നതിന് വേണ്ടിയായിരുന്നു സര്‍ക്കാര്‍ പുതിയ സുരക്ഷാ നിയമം കൊണ്ടുവന്നത്.
ജൂലൈ ഒന്നിലെ പ്രതിഷേധത്തിന് പിന്നാലെ കുറഞ്ഞത് 370 പേരെ അറസ്റ്റ് ചെയ്തിരുന്നു.
പ്രത്യേക ഭരണകൂട മേഖലയായ ഹോങ്കോങ്ങിനെ മുഴുവനായും ചൈനയുടെ കീഴിലേക്ക് കൊണ്ടുവരാന്‍ ചൈനീസ് സര്‍ക്കാര്‍ ഏറെ നാളായി ശ്രമങ്ങള്‍ നടത്തി വരികയാണ്. സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ ഏറെ നാളത്തെ വേട്ടയാടലിനും പ്രതികാര നടപടികള്‍ക്കും പിന്നാലെ ആപ്പിള്‍ ഡെയ്‌ലി എന്ന പത്രം ഹോങ്കോങ്ങില്‍ പ്രസിദ്ധീകരണം നിര്‍ത്തിയിരുന്നു.