'ഹണി റോസ് സിനിമയില്‍ അഭിനയിക്കുന്നതല്ല എന്റെ ആഗ്രഹം; ഇവളുടെ കല്യാണം നടക്കണം'
Entertainment news
'ഹണി റോസ് സിനിമയില്‍ അഭിനയിക്കുന്നതല്ല എന്റെ ആഗ്രഹം; ഇവളുടെ കല്യാണം നടക്കണം'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 13th January 2023, 4:31 pm

ഹണി റോസ് വീട്ടില്‍ ഭയങ്കര വഴക്കാളിയാണെന്ന് അമ്മ റോസ്‌ലി. കല്യാണക്കാര്യം പറയുന്നതിന്റെ പേരിലാണ് തങ്ങള്‍ വഴക്കിടാറുള്ളതെന്നും ഹണിയുടെ അച്ഛന്‍ കല്യാണത്തിന് നിര്‍ബന്ധിക്കാത്തത് കൊണ്ട് ഇരുവരും നല്ല കൂട്ടാണെന്നും താരത്തിന്റെ അമ്മ പറഞ്ഞു.

സിനിമയില്‍ കാണിക്കുന്നത് പോലെ പെട്ടെന്നാണ് ഭാവം മാറുകയെന്നും ദേഷ്യം വന്നാല്‍ വീട്ടില്‍ വലിയ ബഹളം ഉണ്ടാക്കുമെന്നും താരത്തെക്കുറിച്ച് അമ്മ പറഞ്ഞു. ഹണി റോസ് സിനിമയില്‍ അഭിനയിക്കുന്നത് ഒന്നുമല്ല തന്റെ ആഗ്രഹമെന്നും ഹണിയുടെ കല്യാണം നടക്കുക എന്നതാണ് തന്റെ ആഗ്രഹമെന്നും അമ്മ പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഹണി റോസിന്റെ അമ്മ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഹണി ഭയങ്കര വഴക്കാളിയാണ്. കല്യാണകാര്യം പറയാതിരുന്നാല്‍ ഇവള്‍ക്ക് ഒരു കൊഴപ്പവും ഇല്ല. അത് ഒഴിച്ച് ബാക്കി എന്തും പറയാം. കല്യാണകാര്യം പറഞ്ഞാല്‍ പിന്നെ എന്നെ ഇഷ്ടമല്ല. ഹണിയുടെ ഡാഡി കല്യാണത്തെക്കുറിച്ച് ഒന്നും പറയില്ല. അതുകൊണ്ട് അച്ഛനും മകളും ചേര്‍ന്നാണ് നില്‍ക്കുക.

വലിയ സ്വാതന്ത്രത്തോടെയാണ് ഇവിടെ വളരുന്നത്. സിനിമയില്‍ ചെയ്യുന്നത് പോലെ വീട്ടിലും വന്ന് അഭിനയിക്കും. ദേഷ്യം വന്നാല്‍ ഇവള്‍ ഭദ്രകാളിയാണ്. കരയാന്‍ തുടങ്ങിയാല്‍ പിന്നെ നിര്‍ത്തില്ല. ഒന്നും വലിച്ചെറിയുന്നില്ലെന്നെയുള്ളു. വീട്ടില്‍ ഭയങ്കര ബഹളമാണ്.

സിനിമയില്‍ ഉള്ളത് പോലെ തന്നെ ഇടക്ക് കാണിക്കും. പെട്ടെന്നാണ് മുഖത്ത് ഭാവ വ്യത്യാസങ്ങള്‍ വരുക. ഒരോ പരിപാടിക്ക് പോകുമ്പോള്‍ ഇറങ്ങുന്നതിന് മുമ്പ് വീട്ടില്‍ നിന്ന് തന്നെ ഞങ്ങളോട് പറയും ആവശ്യമില്ലാത്തത് ഒന്നും ആരോടും പറയരുതെന്ന്.

ഫ്‌ളവേഴ്‌സിന്റെ ഒരു പരിപാടിക്ക് പോയപ്പോള്‍ ശ്രീകണ്ഠന്‍നായര്‍ ചോദിച്ചപ്പോള്‍ ഞാന്‍ ഒന്നും മിണ്ടിയില്ല. അവിടെ അങ്ങോട്ടും ഇങ്ങോട്ടും മിണ്ടരുതെന്ന് പറഞ്ഞിരുന്നു. അതിന് ഞാന്‍ വിചാരിച്ചു ആരോടും ഒന്നും മിണ്ടരുതെന്നാകുമെന്ന്. അതുകൊണ്ട് എന്നോട് ചോദിച്ചതിന് പോലും ഞാന്‍ മറുപടി പറഞ്ഞില്ല.

എനിക്ക് ഹണിയുടെ കല്യാണം മാത്രമെ വലിയ ആഗ്രഹമുള്ളു. ഇവള്‍ സിനിമയില്‍ അഭിനയിക്കുന്നതൊന്നും അല്ല എന്റെ ആഗ്രഹം. കല്യാണം കഴിച്ച് മകളെ ഒന്ന് കാണുക എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം,” റോസ്‌ലി പറഞ്ഞു.

content highlight: honey rose’s mother about actress wedding