ടെഗൂസിഗാല്‍പ: മധ്യ അമേരിക്കന്‍ രാജ്യമായ ഹോണ്ടുറാസില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയത്തോടടുത്ത് ഇടതുപക്ഷ പാര്‍ട്ടി. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിലാണ് ഷിയോമറ കാസ്‌ട്രൊയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടിയായ ലിബര്‍ട്ടി ആന്‍ഡ് റീഫൗണ്ടേഷന്‍ ഭൂരിപക്ഷം നേടിയത്.
ഇതോടെ 12 വര്‍ഷം തുടര്‍ച്ചയായി രാജ്യത്ത് അധികാരത്തിലിരിക്കുന്ന കണ്‍സര്‍വേറ്റീവ് നാഷണല്‍ പാര്‍ട്ടിയ്ക്ക് അധികാരത്തില്‍ നിന്നിറങ്ങാനുള്ള വഴിയൊരുക്കിയിരിക്കുകയാണ് ഹോണ്ടുറാസിലെ ലിബര്‍ട്ടി ആന്‍ഡ് റീഫൗണ്ടേഷന്‍.
ഷിയോമറ കാസ്‌ട്രോ ഹോണ്ടുറാസിന്റെ പുതിയ പ്രസിഡന്റാവുമെന്നും ഇതോടെ ഉറപ്പായിരിക്കുകയാണ്.
ഔദ്യോഗികമായി പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ഭൂരിപക്ഷം നേടിയ സാഹചര്യത്തില്‍ രാജ്യത്തെ ഇടതുപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരും ഷിയോമറ കാസ്‌ട്രോയും ആഘോഷങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ഔദ്യോഗികമായി പ്രഖ്യാപനം വരുന്നത് വരെ കാത്തിരിക്കണമെന്ന് നാഷണല്‍ ഇലക്ടറല്‍ കൗണ്‍സില്‍ രാഷ്ട്രീയ പാര്‍ട്ടികളോട് ഉത്തരവിട്ടിരുന്നു. എന്നാല്‍ അതിന് മുമ്പെ തന്നെ കാസ്‌ട്രൊ അവരെ വിജയിയായി സ്വയം പ്രഖ്യാപിക്കുകയായിരുന്നു.
”നമ്മള്‍ ജയിച്ചു, നമ്മള്‍ ജയിച്ചു,” ഹോണ്ടുറാസിന്റെ മുന്‍ പ്രഥമ വനിത കൂടിയായ കാസ്‌ട്രൊ പറഞ്ഞു. മൂന്നാം തവണയാണ് കാസ്‌ട്രൊ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ചത്.
2006 മുതല്‍ 2009 വരെ ഹോണ്ടുറാസ് പ്രസിഡന്റായിരുന്ന മാനുവല്‍ സെലായയുടെ ഭാര്യ കൂടിയാണ് ഷിയോമറ കാസ്‌ട്രൊ. 2009ല്‍ അട്ടിമറിയിലൂടെ സെലായ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടുകയായിരുന്നു. അന്ന് മുതലുള്ള കണ്‍സര്‍വേറ്റീവ് നാഷണല്‍ പാര്‍ട്ടി ഭരണത്തിന് കാസ്‌ട്രൊയുടെ നേതൃത്വത്തില്‍ ലിബര്‍ട്ടി ആന്‍ഡ് റീഫൗണ്ടേഷന്‍ പാര്‍ട്ടി ഇന്ന് അന്ത്യം കുറിച്ചിരിക്കുകയാണ്.