വിഷയത്തിലെയും മേക്കിംഗിലെയും സങ്കീര്‍ണ്ണതകള്‍ക്കൊണ്ട് ശ്രദ്ധേയനാണ് ഹോളിവുഡ് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍. സസ്‌പെന്‍സുകളും ട്വിസ്റ്റുകളും നിറഞ്ഞ നോളന്റെ സിനിമകള്‍ മനസ്സിലാകണമെങ്കില്‍ കുറഞ്ഞത് ഒരു മൂന്ന് തവണയെങ്കിലും കാണണമെന്ന് സിനിമാലോകത്ത് സ്ഥിരമുള്ള സംസാരമാണ്. ഈയിടെ ഇറങ്ങിയ ജര്‍മന്‍ ടൈം ട്രാവല്‍ സീരിസ് ഡാര്‍ക് പ്രേക്ഷകരുടെ തലപുകച്ചപ്പോള്‍ ക്രിസ്റ്റഫര്‍ നോളനെ മനസ്സില്‍ കണ്ടാണ് സീരിസ് ചെയ്തതെന്നും ട്രോളുകള്‍ വന്നിരുന്നു. ഇപ്പോള്‍ ഈ ചോദ്യങ്ങള്‍ക്കെല്ലാം നോളന്‍ തന്നെ മറുപടിയുമായി എത്തിയിരിക്കുകയാണ്.
‘ഞാന്‍ വര്‍ഷങ്ങളോളം ചിന്തിച്ച് മികച്ച ടീമിനൊപ്പം വര്‍ക്ക് ചെയ്താണ് ഒരു സിനിമ ചെയ്യുന്നത്. പ്രേക്ഷകര്‍ക്ക് രണ്ടര മണിക്കൂറല്ലേ കാണാന്‍ ലഭിക്കുന്നുള്ളു. അതുകൊണ്ട് തീര്‍ച്ചയായും അത് കുറച്ച് കട്ടി കൂടിയ അനുഭവമായിരിക്കും. ചില കാര്യങ്ങള്‍ ആദ്യ കാഴ്ചയില്‍ മനസ്സിലാകണമെന്നില്ല. ആളുകള്‍ വീണ്ടും വീണ്ടും എന്റെ വര്‍ക്ക് കാണാന്‍ ആഗ്രഹിക്കുന്നത് തീര്‍ച്ചയായും സന്തോഷം തന്നെയാണ്. ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം ഏറെ മികച്ച അനുഭവമാണത്.’ നോളന്‍ പറഞ്ഞു.
അതേസമയത്ത് തന്നെ ആദ്യ കാഴ്ചയില്‍ എക്‌സൈറ്റ് ചെയ്യിപ്പിക്കുന്നതാകണം സിനിമകളെന്നും നോളന്‍ കൂട്ടിച്ചേര്‍ത്തു. പിന്നീട് അതേക്കുറിച്ച് ചിന്തിക്കാനും കൂട്ടുകാരോടൊപ്പമോ മറ്റോ വീണ്ടും കാണാനും ആഗ്രഹിക്കും വിധമായിരിക്കണം ആ ആദ്യ കാഴ്ച. ഒരു സിനിമ ആദ്യം കാണുമ്പോള്‍ ലഭിക്കുന്ന ത്രില്ലിംഗ് അനുഭവവും പിന്നീട് അതിന്റെ ലെയറുകളെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി വീണ്ടും കാണാന്‍ തോന്നുകയും ചെയ്യുന്ന നിലയിലായിരിക്കണം സിനിമകളെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും നോളന്‍ പറഞ്ഞു.