ഇന്ന് ദിവസം ജൂണ്‍ 26, ഈജിപ്ത് ലോകകപ്പ് ഗ്രൂപ് മത്സരത്തിലെ അവസാന മതസരം കഴിഞ്ഞു വിടപറയുന്നു. കഴിഞ്ഞ മാസം ഇതേ ദിവസം അതായത് മെയ് 26 നാണു യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ നടന്നത്. ലോകം മൊത്തം ഉറ്റുനോക്കിയ റിയല്‍മാഡ്രിഡ് – ലിവര്‍പൂള്‍ മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ സെര്‍ജിയോ റാമോസുമായി മത്സരിച്ചു പന്തെടുക്കാനുള്ള ശ്രമത്തില്‍ വീണു തോളെല്ലിനു സാരമായി പരിക്കേറ്റു വീണു. പിന്നെ കണ്ടത് കളിക്കാന്‍ കഴിയാതെ ഗ്രൗണ്ടില്‍ കിടന്നു വൈകാരികമായി പൊട്ടിക്കരയുന്ന ലിവര്‍പൂളിന്റെ സ്വന്തം “മൊസല്ല”. വിശ്വസിക്കാനാകാതെ സ്റ്റേഡിയവും ഫുട്‌ബോള്‍ ലോകവും കണ്ണീരണിഞ്ഞ നിമിഷമായിരുന്നു അത്.
ഒരു ഫ്‌ലാഷ് ബാക്ക്. ദിവസം ഒക്ടോബര്‍ 8, 2017. വേദി: അലക്‌സാന്‍ഡ്രിയ, ഈജിപ്ത്. സമയം: ഒരു പന്തുകളിയുടെ അവസാന നിമിഷം 90+4″. അവസാന വിസില്‍ മുഴങ്ങിയിട്ടില്ല. പക്ഷെ ഗ്രൗണ്ട് മുഴുവന്‍ ആളുകളാണ്. ഖല്‍ബിലും നഫ്‌സിലും ഖുറത്തുല്‍ ഖദം (ഫുട്‌ബോള്‍) മാത്രമുള്ള മിസ്റിലെ സാധാരണമനുഷ്യര്‍ അറിയാതെ അതിവൈകാരികമായിപ്പോയതാണ്.
ഉദ്യോഗസ്ഥര്‍ കഷ്ടപ്പെട്ടു ആളുകളെ മാറ്റിയപ്പോള്‍ ചുരുണ്ടമുടിയുള്ളൊരു മനുഷ്യന്‍ പന്തുമായി പ്രാര്‍ത്ഥനയോടെ പെനാല്‍റ്റിയെടുക്കാന്‍ കാത്തുനില്‍ക്കുന്നു. ചാനലിലെ സ്‌പോര്‍ട്‌സ് കമന്റേറ്റര്‍ ശബ്ദമിടറി കരഞ്ഞു തുടങ്ങിയിട്ടുണ്ട്. കാണാന്‍ ധൈര്യമില്ലാത്തവര്‍ മനപ്പൂര്‍വം പന്തിലേക്കു നോക്കുന്നുണ്ടാകില്ല. രാജ്യത്തിന്റെ ഭാവി ഒരൊറ്റ പന്തില്‍, ഒരാള്‍ക്ക് മാത്രം റോളുള്ള അവസാന കിക്കും. വിസില്‍ മുഴങ്ങി, രാജകുമാരന്‍ വലകുലുക്കി.
Read Also : ലോകകപ്പ് ചരിത്രത്തിലെ കറുത്ത കുതിരകൾ
സ്‌കോര്‍: ഈജിപ്ത് 2 : 1 കോംഗോ. ഒരു രാജ്യം മൊത്തം സന്തോഷം കൊണ്ട് കരയുകയായിരുന്നു. കാരണം 28 വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ ലോകകപ്പ് കളിക്കാന്‍ യോഗ്യത നേടിയിരിക്കുന്നു. ലോകകപ്പ് ക്വാളിഫയിങ് മത്സരങ്ങളിലെ ഏറ്റവും വൈകാരിക മതസരങ്ങളിലൊന്നായാണ് ഫുട്‌ബോള്‍ ലോകം ഈജിപ്ത് കോംഗോ കളിയെ കാണുന്നത്. എ കളിയിലെ നിര്‍ണായകമായ രണ്ടു ഗോളും നേടിയത് മുഹമ്മദ് സലാഹ്.
ഈ ലോകകപ്പില്‍ ഈജിപ്തിന് മൂന്നു കളികളുണ്ടായിരുന്നു. ആദ്യകളി ശക്തരായ ഉറുഗ്വേയുമായി. പരിക്കില്‍ നിന്നും മോചിതനാകാത്ത സലാഹ് കൂട്ടുകാര്‍ക്കു പ്രചോദനമായി ജേഴ്സിയുമണിഞ്ഞു ബെഞ്ചിലിരുന്നു. പിടിച്ചു നിന്നെങ്കിലും 89 -മത്തെ മിനുട്ടില്‍ കോര്‍ണര്‍കിക്കിലൂടെ ഗോള്‍ വഴങ്ങി. ഏകപക്ഷീമായ ഒരുഗോളിന് പരാജയപ്പെട്ടു.
റഷ്യയുമായുള്ള രണ്ടാമത്തെ കളിയില്‍ മുഹമ്മദ് സലായെ കോച്ച് ഉള്‍പ്പെടുത്തി. പരിക്കുകള്‍ പൂര്‍ണമായും ഭേദമാകാതെയാണ് സലാഹ് കളിക്കുന്നതെന്ന് വ്യക്തമായിരുന്നു. എതിര്‍ കളിക്കാരുമായി ഷോള്‍ഡര്‍ – ഷോള്‍ഡര്‍ തള്ളിക്കളിക്കാന്‍ ഭയന്നാണ് അദ്ദേഹം മുഴുവന്‍ സമയവും കളിച്ചത്. എങ്കിലും 42 -ാം മിനിട്ടില്‍ വലതുഭാഗത്തുകൂടെ വെട്ടിത്തിരിഞ്ഞു ഇടങ്കാലന്‍ കര്‍വിങ് ഷോട്ടെടുത്തു. ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തുപോയി. ഈജിപ്ത് സെല്‍ഫ് ഗോളടക്കം മൂന്നു ഗോളുകള്‍ വഴങ്ങി. 73 ാം മിനിട്ടില്‍ ബോക്‌സിലേക്ക് പന്തുമായി കയറിയ സലയെ റഷ്യന്‍ പ്രതോരോധം വലിച്ചു താഴെയിട്ടു. പെനാല്‍റ്റി വിധിച്ചു.വാര്‍ പരിശോധിച്ച് പെനാല്‍റ്റി ഉറപ്പുവരുതുകയും ചെയ്തു. പതിവുപോലെ പെനാല്‍റ്റി തടുക്കാനാകാത്തവിധം വലയില്‍ മുത്തമിട്ടു. സല യുടെ ആദ്യ വേള്‍ഡ് കപ്പ് ഗോള്‍. ഈജിപ്ത് 3 -1 ന് റഷ്യയോട് അടിയറവു പറഞ്ഞു.
Read Also : തോറ്റുപോകില്ല റൊസാരിയോയുടെ പ്രിയപുത്രന്‍
സൗദി അറേബ്യയുമായി അവസാനത്തെ കളി. യാതൊരുമാറ്റവുമില്ലാതെ പരിക്കില്‍ നിന്നും പൂര്‍ണമായി ഭേദമാകാത്ത മുഹമ്മദ് സലായായിരുന്നു ഇന്നും. ശാരീരികമായും മാനസികമായും അദ്ദേഹം പരിക്കില്‍ നിന്നും ഭേദമായിട്ടില്ലെന്ന് അദ്ദേഹത്തിന്റെ ലിവര്‍പൂളിലെ പ്രകടനങ്ങള്‍ കണ്ടവര്‍ക്ക് ബോധ്യമാകും. 22 -ാം മിനിട്ടില്‍ മധ്യനിരയില്‍ നിന്നും ഉയര്‍ത്തിയടിച്ചൊരു പന്ത് രണ്ടു പ്രതിരോധക്കാരുടെ ഇടയില്‍ നിന്നും വളരെ ഈസിയായി സ്വീകരിച്ചു വലയിലേക്ക് കോരിയിട്ടു.
മുഹമ്മദ് സലായുടെ സ്ഥിരം സിഗ്നേച്ചര്‍ ഫിനിഷുകളിലൊന്നാണിത്. അത്രയും പ്രതിഭയുള്ള കളിക്കാരനുമാത്രമേ ലോങ്ബോളുകള്‍ തൊട്ടുരുമ്മി നില്‍ക്കുന്ന പ്രധിരോധക്കാര്‍ക്ക് കൊടുക്കാതെ കളിലൊട്ടിച്ച പോലെ സ്വീകരിക്കാനാകൂ. പെര്‍ഫെക്ട് ഫസ്റ്റ് ടച്ചും ഫിനിഷുമായിരുന്നത്. കളിക്കിടയില്‍ രണ്ടുമൂന്നു ഭംഗിയുള്ള സ്‌കില്ലുകളും കാണാനായി. സഹകളിക്കാരന് ഗോളടിക്കാന്‍ നെല്ലൊരവസരം സൃഷ്ടിച്ചെങ്കിലും ഗോളായില്ല. കളിയില്‍ സൗദി അറേബ്യയുമായി 2 -1 നു പരാജയപ്പെട്ടു.
ആദ്യ കളിയില്‍ ഉറുഗ്വേയ്‌ക്കെതിരെ പൊരുതിയെങ്കിലും മുഹമ്മദ് സലായുടെ പരിക്ക് ടീമിനെ മൊത്തം സാരമായി ബാധിച്ചു. എല്ലാ കളികളിലും പ്രകടവുമായിരുന്നു. സലാഹ് ഇല്ലാത്ത ഒരു മുന്നേറ്റ നിര ഈജിപ്തിന് ചിന്തിക്കാന്‍ കഴിയില്ലെന്ന് തോന്നുന്നു, മുന്നേറ്റ നിരയില്‍ ഓപ്ഷനുകള്‍ തീരെയില്ലായിരുന്നു. സലയും ഈജിപ്തും മാത്രമല്ല ലോകം മൊത്തമുള്ള ഫുട്‌ബോള്‍ പ്രേമികളും സലാഹ് പന്തുതട്ടുന്നത് കാണാന്‍ കൊതിച്ചിരുന്നു. പരുക്ക് ഭേദമാകാന്‍ മനസ്സുരുകി പ്രാര്‍ത്ഥിക്കുകയും ചെയ്തു. ആ ആഗ്രഹം സഫലമായി. രാജ്യത്തിനായി രണ്ടു ലോകകപ്പ് കളികളില്‍ നിന്നും രണ്ടു ഗോളുകള്‍ നേടുകയും ചെയ്തു.
65 ശതമാനത്തോളം ദാരിദ്ര്യത്തില്‍ കഴിയുന്ന “നഗ്‌റിഗ്” എന്ന ഈജിപ്തിലെ ഗ്രാമത്തില്‍ ജനിച്ച മുഹമ്മദ് സലാഹ് , അവിടുത്തെ മികച്ച മനുഷ്യാവകാശ പ്രവര്‍ത്തകരനും നവീകരണ പദ്ധതികളില്‍ സജീവവുമാണ്. ലോകത്തെ ഏറ്റവും മികച്ച ക്ലബ് ഫുട്‌ബോള് ലീഗുകളായിലൊന്നായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ 2017 -18 സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ചു ഗോള്‍ഡന്‍ ബൂട്ടും, പ്ലേയര്‍ ഓഫ് ദി സീസണ്‍ അവാര്‍ഡും നേടി ചരിത്രത്തിലിടം പിടിച്ച മനുഷ്യനാണ് ലോകകപ്പില്‍ നിന്നും താത്കാലികമായി വിട പറയുന്ന ചുരുണ്ടമുടിക്കാരനായ “കിംഗ് ഓഫ് ഈജിപ്ത് ” മുഹമ്മദ് സലാഹ്.
പൂര്‍ണ ആരോഗ്യവാനായ മുഹമ്മദ് സലായെ ഇനിവരുന്ന ലോകകപ്പുകളില്‍ കാണാന്‍ ഫുട്‌ബോള് ലോകം വീണ്ടും കാത്തിരിക്കും