എല്‍.ഡി.എഫിലെ പച്ചക്കൊടി; എന്താണ് ഐ.എന്‍.എലിന്റെ ചരിത്രം, രാഷ്ട്രീയം?
Details
എല്‍.ഡി.എഫിലെ പച്ചക്കൊടി; എന്താണ് ഐ.എന്‍.എലിന്റെ ചരിത്രം, രാഷ്ട്രീയം?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th May 2021, 2:33 pm

കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ നിയുക്ത എം.എല്‍.എ അഹമ്മദ് ദേവര്‍കോവില്‍ പതിനഞ്ചാം നിയമസഭയില്‍ മന്ത്രിയാകുന്നുവെന്ന പ്രഖ്യാപനങ്ങള്‍ വന്നിരിക്കുകയാണ്. ഇതോടെ ഇന്ത്യന്‍ നാഷണല്‍ ലീഗ് അഥവാ ഐ.എന്‍.എല്‍ എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ദീര്‍ഘകാല സ്വപ്‌നങ്ങളാണ് പൂവണിയുന്നത്.

കാല്‍ നൂറ്റാണ്ടിലധികം കാലമായി ഇടത് മുന്നണിക്കൊപ്പം നിലകൊള്ളുന്ന പാര്‍ട്ടിയാണ് ഐ.എന്‍.എല്‍. രാഷ്ട്രീയ നിലപാടുകളിലുള്ള വിയോജിപ്പുകള്‍ മൂലം മുസ്‌ലിം ലീഗില്‍ നിന്നും വേര്‍പിരിഞ്ഞ് രൂപം കൊണ്ട ഐ.എന്‍.എല്‍ രണ്ട് പതിറ്റാണ്ടിലധികം കാലം കേരളത്തിലെ ഇടത് മുന്നണിക്കൊപ്പം നിലകൊണ്ടെങ്കിലും ഔദ്യോഗികമായി എല്‍.ഡി.എഫ് മുന്നണിയുടെ ഭാഗമാകാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. ഇക്കാരണങ്ങളാല്‍ പാര്‍ട്ടി വീണ്ടും പിളരുകയും ഒരു വിഭാഗം മുസ്‌ലിം ലീഗിലേക്ക് തന്നെ തിരികെ പോവുകയുമെല്ലാം ചെയ്തിരുന്നു. ഒടുവില്‍ 2019 ലാണ് ഐ.എന്‍.എല്‍ ഔദ്യോഗികമായി എല്‍.ഡി.എഫിന്റെ ഭാഗമാകുന്നത്.

അഹമ്മദ് ദേവര്‍കോവില്‍

ഐ.എന്‍.എലിന്റെ രൂപീകരണം

ബാബരി മസ്ജിദ് ധ്വംസനവുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ രൂപം കൊണ്ട പാര്‍ട്ടിയാണ് ഐ.എന്‍.എല്‍.
1992 ഡിസംബര്‍ ആറിന് സംഘപരിവാറിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലെ ഹിന്ദുത്വ ശക്തികള്‍ അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ കേന്ദ്രഭരണത്തിലുണ്ടായിരുന്നത് നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറായിരുന്നു.

അന്ന് കോണ്‍ഗ്രസിന്റെ മൗനാനുവാദത്തോടെയാണ് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത് എന്ന ആരോപണം വ്യാപകമായി ഉയര്‍ന്നിരുന്നു. പ്രതിഷേധങ്ങള്‍ ആളിപ്പടര്‍ന്നപ്പോള്‍, ആ വികാരം ഉള്‍ക്കൊണ്ട് മുസ്ലിം ലീഗ് കോണ്‍ഗ്രസുമായുള്ള സഖ്യം അവസാനിപ്പിക്കണമെന്ന ആവശ്യം മുസ്ലിം ലീഗ് നേതാക്കളില്‍ ഒരു വിഭാഗം ഉന്നയിച്ചു. എന്നാല്‍ ലീഗിന്റെ പാര്‍ട്ടി നേതൃത്വം ഇത് തള്ളിക്കളഞ്ഞു.

ഇതില്‍ പ്രതിഷേധിച്ചാണ് മുസ്‌ലിം ലീഗിന്റെ ദേശീയ പ്രസിഡന്റും ഉന്നത നേതാവുമായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം മുസ്‌ലിം ലീഗ് വിടുന്നത്. 1994 ഏപ്രില്‍ 23 ന് ദല്‍ഹിയിലെ ഐവാനെ ഗാലിബ് ഹാളില്‍ വെച്ച് ഇബ്രാഹിം സുലൈമാന്‍ സേട്ട് ഇന്ത്യന്‍ നാഷണന്‍ ലീഗ് എന്ന പുതിയ പാര്‍ട്ടിക്ക് രൂപം കൊടുത്തു. ഇന്ത്യയുടെ മതേതരത്വത്തിനേറ്റ പോറലാണ് ബാബരി മസ്ജിദ് ധ്വംസനമെന്നും മതാധിഷ്ഠിത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ഇനി പ്രസക്തിയില്ലെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹം സെക്കുലര്‍ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇന്ത്യന്‍ നാഷണല്‍ ലീഗിന് രൂപം നല്‍കിയത്.

ഇബ്രാഹിം സുലൈമാന്‍ സേട്ട്

പാര്‍ട്ടിയുടെ പേരില്‍ നിന്ന് മുസ്‌ലിം എന്ന വാക്ക് ഒഴിവാക്കുകയും മതേതര രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്‌തെങ്കിലും സമുദായ പാര്‍ട്ടി എന്ന ഇമേജില്‍ നിന്ന് പുറത്തുകടക്കാന്‍ ഐ.എന്‍.എലിന് സാധിച്ചിരുന്നില്ല. മുന്‍കാല മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ മാത്രമായിരുന്നു ഐ.എന്‍.എലില്‍ നേതാക്കളായും അണികളായും ഉണ്ടായിരുന്നത് എന്നതായിരുന്നു ഇതിന്റെ മുഖ്യ കാരണം. സമുദായ പാര്‍ട്ടി എന്ന ലേബലാണ് ദീര്‍ഘകാലം മുന്നണിയോടൊപ്പം നിന്നിട്ടും ഐ.എന്‍.എലിനെ എല്‍.ഡി.എഫ് ഔദ്യോഗികമായി ഭാഗമാക്കാതിരുന്നത് എന്ന നിരീക്ഷണവുമുണ്ട്.

കേരള രാഷ്ട്രീയം ഉറ്റുനോക്കിയ 1994 ലെ ഗുരുവായൂര്‍ ഉപതെരഞ്ഞെടുപ്പ് അടക്കമുള്ള നിരവധി തെരഞ്ഞെടുപ്പുകളില്‍ മുസ്‌ലിം ലീഗിനെ പരാജയപ്പെടുത്തി ഇടതുപക്ഷത്തിന് വിജയം നേടാന്‍ സാധിച്ചത് മുസ്‌ലിം ഭൂരിപക്ഷ മേഖലകളിലുള്ള ഐ.എന്‍.എലിന്റെ സ്വാധീനമായിരുന്നു. 2006 ല്‍ കോഴിക്കോട് സൗത്തില്‍ മത്സരിച്ച ഐ.എന്‍.എല്‍ നേതാവ് പി.എം.എ സലാം എം.എല്‍.എ ആവുകയും ചെയ്തിരുന്നു.

പി.എം.എ സലാം

പ്രതിസന്ധികളും പിളര്‍പ്പും

ന്യൂനപക്ഷ രാഷ്ട്രീയ രംഗത്തെ ധിഷണാശാലികളായ നേതൃത്വത്തോടെയായിരുന്നു ഐ.എന്‍.എല്‍ രൂപീകരിക്കപ്പെട്ടതെങ്കിലും വലിയ രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാനോ പാര്‍ട്ടിയുടെ അടിത്തട്ട് വിപുലീകരിക്കാനോ ഐ.എന്‍.എലിന് സാധിച്ചിരുന്നില്ല. പാര്‍ട്ടിയുടെ നെടും തൂണുകളായ നേതാക്കളുടെ അകാല വിയോഗവും പാര്‍ട്ടിയുടെ മുന്നോട്ടുപോക്കിന് തടസ്സങ്ങള്‍ സൃഷ്ടിച്ചിരുന്നു. രൂപീകരണം കഴിഞ്ഞ് കുറഞ്ഞ മാസങ്ങള്‍ക്കിടെയാണ് സംസ്ഥാന പ്രസിഡന്റ് കൂടിയായിരുന്ന മുന്‍ മന്ത്രി പി.എം. അബൂബക്കര്‍ വിടവാങ്ങിയത്.

പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ടുപോകുന്നതിനിടെ പാര്‍ട്ടി സ്ഥാപകന്‍ കൂടിയായ ഇബ്രാഹീം സുലൈമാന്‍ സേട്ട്, മുതിര്‍ന്ന നേതാക്കളായ മുന്‍ മന്ത്രി യു.എ. ബീരാന്‍, സി.കെ.പി. ചെറിയ മമ്മുക്കേയി എന്നിവരും മരണപ്പെട്ടു. വര്‍ഷങ്ങളായിട്ടും എല്‍.ഡി.എഫ് മുന്നണിയില്‍ പ്രവേശിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയുടെ ഏക എം.എല്‍.എ ആയിരുന്ന പി.എം.എ സലാമിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം മുസ്‌ലിം ലീഗിലേക്ക് തിരികെ പോവുകയും ചെയ്തു.

ഒടുവില്‍ 2019 ലാണ് ഐ.എന്‍.എലിനെ എല്‍.ഡി.എഫ് ഔദ്യോഗികമായി മുന്നണിയുടെ ഭാഗമാക്കുന്നത്. മുസ്‌ലിം ലീഗിന്റെ സിറ്റിംഗ് സീറ്റായ കോഴിക്കോട് സൗത്ത് മണ്ഡലം പിടിച്ചെടുത്ത അഹമ്മദ് ദേവര്‍കോവില്‍ മന്ത്രിയാകുന്നതോടെ ഐ.എന്‍.എല്‍ വലിയ പ്രതീക്ഷയിലാണ്. പാര്‍ട്ടിയുടെ വിപുലീകരണത്തിനും മുന്നോട്ടുപോക്കിനും ഇത് വലിയ രീതിയില്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഐ.എന്‍.എല്‍ വൃത്തങ്ങള്‍

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: History of Indian National League