അവന്റെ ബ്രഹ്മാസ്ത്രം മതി ബോളിവുഡാകെ ചാമ്പലാവാന്‍; രൂക്ഷ വിമര്‍ശനവുമായി സുശാന്തിന്റെ സഹോദരി
Film News
അവന്റെ ബ്രഹ്മാസ്ത്രം മതി ബോളിവുഡാകെ ചാമ്പലാവാന്‍; രൂക്ഷ വിമര്‍ശനവുമായി സുശാന്തിന്റെ സഹോദരി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 12th September 2022, 9:04 am

ഇന്ത്യന്‍ സിനിമാ ലോകത്തെയാകെ കണ്ണീരണിയിച്ച വാര്‍ത്തയായിരുന്നു ബോളിവുഡ് താരം സുശാന്ത് സിങ് രജപുതിന്റെ വിയോഗം. രണ്ട് വര്‍ഷമായിട്ടും സുശാന്ത് സിങ് രജപുതിന്റെ മരണം ഏല്‍പിച്ച ആഘാതത്തില്‍ നിന്നും ആരാധകര്‍ കര കയറിയിട്ടില്ല.

സുശാന്തിന്റെ മരണത്തോടെ ബോളിവുഡിനെതിരെ ആരാധക രോഷം അണപൊട്ടിയിരുന്നു. ബോയ്‌കോട്ട് ബോളിവുഡ് ട്രെന്‍ഡിന് ഒരു പ്രധാന കാരണം സുശാന്തിന്റെ മരണമായിരുന്നു. ബോളിവുഡിന്റെ നെപ്പോട്ടിസം കള്‍ച്ചറും പുറത്ത് നിന്ന് വരുന്നവരെ അവഗണിക്കുന്നതുമെല്ലാം സുശാന്തിന്റെ മരണത്തിന് കാരണമായി ഉന്നയിക്കപ്പെട്ടു.

കഴിഞ്ഞ കുറച്ച് നാളുകളായി തകര്‍ച്ചയുടെ വക്കിലായിരുന്നു ബോളിവുഡ്. പുറത്തിറങ്ങുന്ന ബിഗ് ബജറ്റ് ചിത്രങ്ങള്‍ വരെ പരാജയത്തിന്റെ പടുകുഴിയില്‍ വീണു. ഈ ട്രെന്‍ഡിന് ഒരു ആശ്വാസം നല്‍കിയിരിക്കുകയാണ് അയാന്‍ മുഖര്‍ജിയുടെ സംവിധാനത്തിലെത്തിയ ബ്രഹ്മാസ്ത്ര. രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രം രണ്ട് ദിവസം കൊണ്ട് 150 കോടിയിലേറെയാണ് നേടിയത്.

പിന്നാലെ ബ്രഹ്മാസ്ത്രക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സുശാന്തിന്റെ സഹോദരി മീതു സിങ്. സുശാന്തിന്റെ ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് അവന്റെ ബ്രഹ്മാസ്ത്രം മതി ബോളിവുഡാകെ ചാമ്പലാകാന്‍ എന്നാണ് മീതു സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

‘സുശാന്തിന്റെ ബ്രഹ്മാസ്ത്രം മതി ബോളിവുഡാകെ ചാമ്പലാവാന്‍. വിനയമോ പരസ്പര ബഹുമാനമോ ഇല്ലാത്ത ബോളിവുഡിന് എപ്പോഴും ജനങ്ങളോട് ആജ്ഞാപിക്കാനാണ് താല്‍പര്യം. ധാര്‍മിക മൂല്യങ്ങളാല്‍ സമ്പന്നമായ നമ്മുടെ രാജ്യത്തിന് ഇതുപോലെയുള്ള ആള്‍ക്കാരെ എങ്ങനെയാണ് രാജ്യത്തിന്റെ മുഖമായി ഉയര്‍ത്തി കാണിക്കാനാവുക. ജനങ്ങളുടെ സ്‌നേഹം നേടിയെടുക്കാനുള്ള അവരുടെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ധാര്‍മിക മൂല്യങ്ങളും ജീവിതത്തിന്റെ ഗുണനിലവാരവും മാത്രമാണ് ആരാധനയും ബഹുമാനവും നേടിതരുന്നത്,’ മീതു കുറിച്ചു.

മീതുവിന്റെ പോസ്റ്റിന് താഴെ ജസ്റ്റിസ് ഫോര്‍ സുശാന്തും ബോയ്‌കോട്ട് ബോളിവുഡും കമന്റുകളായി നിറയുകയാണ്.

View this post on Instagram

A post shared by Meetu Singh (@divinemitz)

2020 ജൂണ്‍ 14 നാണ് സുശാന്തിനെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 2013ല്‍ കായ് പോ ചേ എന്ന ചിത്രത്തിലൂടെ സിനിമ മേഖലയിലെക്ക് എത്തിയ സുശാന്ത് സിങ് വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടനായി മാറിയിരുന്നു. എം.എസ്. ധോണിയുടെ ബയോപികായ എം.എസ്. ധോണി ദി അണ്‍ടോള്‍ഡ് സ്‌റ്റോറിയിലെ സുശാന്തിന്റെ പ്രകടനം ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിരുന്നു. ദില്‍ ബെച്ചാര ആണ് ഒടുവില്‍ പുറത്തിറങ്ങിയ സുശാന്തിന്റെ ചിത്രം.

Content Highlight: His brahma is enough to destroy Bollywood; Sushant’s sister criticized Bollywood