ഏറെ ഇഷ്ടമുള്ള മലയാള നടന്‍; അദ്ദേഹത്തിന്റെ മുഖം കണ്ടാല്‍ ആ സിനിമ മുഴുവന്‍ കാണും: ഹിപ്ഹോപ്പ് തമിഴ
Cinema
ഏറെ ഇഷ്ടമുള്ള മലയാള നടന്‍; അദ്ദേഹത്തിന്റെ മുഖം കണ്ടാല്‍ ആ സിനിമ മുഴുവന്‍ കാണും: ഹിപ്ഹോപ്പ് തമിഴ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 20th September 2024, 12:56 pm

മലയാളികള്‍ക്ക് പോലും ഏറെ പരിചിതനായ തമിഴ് റാപ് ഗായകരില്‍ ഒരാളാണ് ഹിപ്ഹോപ്പ് തമിഴ എന്നറിയപ്പെടുന്ന ആദി. റാപ് ഗായകന് പുറമെ സംഗീതസംവിധായകന്‍, നടന്‍, സംവിധായകന്‍ എന്നീ മേഖലയിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

ഇപ്പോള്‍ താന്‍ കണ്ടിട്ടുള്ള മലയാള സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് ഹിപ്ഹോപ്പ് തമിഴ. മായാനദിയെന്ന സിനിമ താന്‍ കണ്ടിട്ടുണ്ടെന്നും എന്നാല്‍ വിഷമം തോന്നിപ്പിക്കുന്ന സിനിമകള്‍ കാണാന്‍ ഇഷ്ടമല്ലെന്നും അദ്ദേഹം പറയുന്നു. നേര്, ജനഗണമന എന്നീ സിനിമകള്‍ കണ്ടിട്ടുണ്ടെന്നും ആദി പറഞ്ഞു.

തന്റെ ഏറ്റവും പുതിയ തമിഴ് ചിത്രമായ കടൈസി ഉലഗ പോറിന്റെ ഭാഗമായി സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൃഥ്വിരാജ് സുകുമാരനെ ഒരുപാട് ഇഷ്ടമാണെന്നും അദ്ദേഹത്തിന്റെ മുഖം കണ്ടാല്‍ താന്‍ ആ സിനിമ കാണുമെന്നും ഹിപ്ഹോപ്പ് തമിഴ കൂട്ടിച്ചേര്‍ത്തു.

‘മായാനദിയെന്ന സിനിമ ഞാന്‍ കണ്ടിട്ടുണ്ട്. എനിക്ക് വിഷമം തോന്നിക്കുന്ന സിനിമകള്‍ ഇഷ്ടമല്ല. പക്ഷെ ഇടക്കൊക്കെ അറിയാതെ ഏതെങ്കിലും സാഡ് ആയ സിനിമ കണ്ടുപോകും. അത് എന്നെ വല്ലാതെ എഫക്ട് ചെയ്യുകയും ചെയ്യും. എനിക്ക് സിനിമ ഒരുപാട് ഇഷ്ടമാണ്.

നല്ല ഹാപ്പിയായ ജോളിയായ സിനിമകള്‍ ഞാന്‍ കാണാറുണ്ട്. അതല്ലാത്ത ചില സിനിമകള്‍ അറിയാതെ കണ്ടു പോകുന്നതാണ്. പിന്നെ മലയാളത്തില്‍ നേര് എന്നൊരു സിനിമയും ഞാന്‍ കണ്ടിട്ടുണ്ട്. പിന്നെ ജനഗണമനയും കണ്ടിരുന്നു.

എനിക്ക് പൃഥ്വിരാജിനെ ഒരുപാട് ഇഷ്ടമാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ സിനിമ ഞാന്‍ കാണാറുണ്ട്. ടി.വിയില്‍ അദ്ദേഹത്തിന്റെ മുഖം വന്നാല്‍ ഞാന്‍ ആ സിനിമ കാണും. ഒ.ടി.ടിയില്‍ ആണെങ്കിലും അങ്ങനെ തന്നെയാണ്.

പൃഥ്വിരാജിനെ പോലെ തന്നെയാണ് ടൊവിനോയും. എല്ലാ ഭാഷയിലെ സിനിമകളും എനിക്ക് കാണാന്‍ ഇഷ്ടമാണ്. മലയാളമാണെങ്കില്‍ എനിക്ക് എളുപ്പം മനസിലാകും. സബ് ടൈറ്റില്‍ ഇല്ലെങ്കില്‍ പോലും മനസിലാകാറുണ്ട്. തമിഴ് പോലെ തന്നെയാണ് മലയാളവും,’ ഹിപ്‌ഹോപ്പ് തമിഴ പറഞ്ഞു.


Content Highlight: Hiphop Tamizha Talks About Prithviraj Sukumaran