ഗുവാഹത്തി: ബി.ജെ.പിയ്‌ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് മുന്നണി രൂപീകരിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ പ്രതികരണവുമായി അസം മുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി. നേതാവുമായ ഹിമന്ത ബിശ്വ ശര്‍മ.
പ്രാദേശിക പാര്‍ട്ടികള്‍ തമ്മിലുണ്ടാകുന്ന സഖ്യങ്ങള്‍ക്കും നേതാക്കള്‍ക്കും ദേശീയ തലത്തില്‍ നേട്ടമുണ്ടാക്കാനാകില്ലെന്നാണ് ഹിമന്ത അഭിപ്രായപ്പെട്ടത്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതു ലിബറലുകള്‍ കോണ്‍ഗ്രസിനെ തള്ളിക്കളയാന്‍ തുടങ്ങി എന്നതില്‍ ഒരു രാഷ്ട്രീയക്കാരനെന്ന നിലയില്‍ ഏറെ സന്തുഷ്ടനാണ്. കോണ്‍ഗ്രസല്ല, പ്രാദേശിക പാര്‍ട്ടികളാണ് ബദലെന്ന് ഈ ലിബറലുകള്‍ ചിന്തിക്കാന്‍ തുടങ്ങിയത് മോദിയുടെ ഏറ്റവും വലിയ വിജയമായാണ് താന്‍ കരുതുന്നതെന്നും ഹിമന്ത പറഞ്ഞു.
‘കോണ്‍ഗ്രസ് മുക്തമായ ഭാരതം ഒരു യാഥാര്‍ത്ഥ്യമാണെന്ന് എല്ലാവരും സമ്മതിക്കാന്‍ തുടങ്ങിയിരിക്കുന്നു. പ്രാദേശിക പാര്‍ട്ടികള്‍ ഒന്നിച്ചു ചേരുന്നതിനെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു. പക്ഷെ ഈ പ്രാദേശിക പാര്‍ട്ടികള്‍ക്ക് ഒരിക്കലും ദേശീയതലത്തില്‍ ബദലാകാനാകില്ല, കാരണം ഈ സംസ്ഥാനങ്ങള്‍ പരസ്പരം മത്സരിച്ചും പോരടിച്ചും നില്‍ക്കുന്നവരാണ്.
ബംഗാളിനും ബീഹാറിനും ഒന്നിച്ചു നില്‍ക്കാനാകില്ല, അതുപോലെ അസമിനും ബംഗാളിനും ഒന്നിക്കാനാകില്ല. ഇനി ഒന്നിച്ചുവന്നാല്‍ തന്നെ അവര്‍ തമ്മില്‍ നിരന്തരം സംഘര്‍ഷങ്ങളുണ്ടാകും.
ദേശീയ തലത്തില്‍ ബി.ജെ.പിയുടെ കരുത്തിനെ ഇല്ലാതാക്കാന്‍ ഈ പ്രാദേശിക പാര്‍ട്ടികള്‍ക്കാവില്ല. അവിടെയും ഇവിടെയുമൊക്കെ ചില നേതാക്കളെ കണ്ടെന്നിരിക്കാം, പക്ഷെ ദേശീയ തലത്തില്‍ എത്തുമ്പോള്‍ രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നവര്‍ക്ക് വേണ്ടി മാത്രമേ ഇന്ത്യന്‍ ജനത വോട്ട് ചെയ്യുകയുള്ളു,’ ഹിമന്ത പറഞ്ഞു.
എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാറിന്റെ നേതൃത്വത്തില്‍ ബി.ജെ.പി. ഇതര രാഷ്ട്രീയ പാര്‍ട്ടികളെ അണിനിരത്തി മോദി സര്‍ക്കാരിനെതിരെ സഖ്യം രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും ശരദ് പവാറും തമ്മില്‍ നടന്ന കൂടിക്കാഴ്ച ബി.ജെ.പി. വിരുദ്ധ വിശാലസഖ്യത്തിലേക്കുള്ള ആദ്യപടിയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷ കക്ഷികളെ സംബന്ധിച്ചിടത്തോളം പ്രതീക്ഷ നല്‍കുന്നതായിരുന്നു. ഈ ഊര്‍ജ്ജത്തില്‍ നിന്നും തുടര്‍പ്രവര്‍ത്തനങ്ങളുണ്ടാകണമെന്നാണ് ശരദ് പവാറിന്റെ നിലപാട്. ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. മൂന്നക്കം കടക്കില്ലെന്ന് പറഞ്ഞ പ്രശാന്ത് കിഷോറായിരുന്നു മമതയുടെ തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്.
വന്‍സന്നാഹങ്ങളൊരുക്കി ബംഗാള്‍ തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പി. ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. കേരളത്തില്‍ ആകെയുള്ള സീറ്റ് നഷ്ടമാകുകയും തമിഴ്നാട്ടില്‍ അധികാരത്തില്‍ നിന്ന് പുറത്താകുകയും ചെയ്തതോടെ സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിനെതിരായ ബെല്‍റ്റ് രൂപപ്പെടുന്നത് അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.
മാത്രമല്ല, ശിവസേനയും ദേശീയതലത്തിലെ പ്രതിപക്ഷസഖ്യമെന്ന ആശയം മുന്‍നിര്‍ത്തി ശരദ് പവാറിനെ സമീപിച്ചിരുന്നു. പവാറിനെപ്പോലെ മുതിര്‍ന്ന നേതാവ് ഇതിനായി മുന്‍കൈയെടുക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ശരദ് പവാര്‍-പ്രശാന്ത് കിഷോര്‍ കൂടിക്കാഴ്ച.
മാത്രമല്ല നിലവില്‍ ഭരണത്തിലുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ ബി.ജെ.പിയ്ക്കുള്ളില്‍ തന്നെ ഭിന്നതയുണ്ട്. മണിപ്പൂര്‍, ത്രിപുര, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാര്‍ക്കെതിരെ പാര്‍ട്ടിക്കുള്ളിലെ പോര് മറനീക്കി പുറത്തുവന്നിരുന്നു. ഇവിടങ്ങളില്‍ പ്രതിപക്ഷം ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ നിലവിലെ ട്രെന്‍ഡ് മാറ്റാമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.