Advertisement
Daily News
പാക്കിസ്ഥാന്റെ പക്കലുള്ള ആണവായുധങ്ങള്‍ ഭീകരരുടെ കയ്യില്‍ എത്തിയേക്കുമോയെന്ന് ഹിലരിക്ക് പേടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Sep 30, 01:15 pm
Friday, 30th September 2016, 6:45 pm

ഒരുപക്ഷേ ജിഹാദികള്‍ പാക്ക് ഭരണകൂടത്തെ അട്ടിമറിച്ച് ഭരണം കൈവശപ്പെടുത്തിയേക്കാം. അങ്ങനെ വന്നാല്‍ ആണവായുധങ്ങളും ജിഹാദികളുടെ കയ്യില്‍ കിട്ടും. അതോടെ ന്യൂക്ലിയര്‍ ചാവേറുകളായി അവര്‍ മാറും.


വാഷിങ്ങ്ടണ്‍: പാക്കിസ്ഥാന്റെ പക്കലുള്ള ആണവായുധങ്ങള്‍ ഭീകരരുടെ കയ്യില്‍ എത്തിയേക്കുമെന്ന് ഉത്കണ്ഠയുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്‍.

ഇന്ത്യയോട് കടുത്ത ശത്രുത പുലര്‍ത്തുന്ന പാക്കിസ്ഥാന്‍ വളരെ വേഗത്തിലാണ് ആണവായുധങ്ങള്‍ വികസിപ്പിക്കുന്നത്. ഒരുപക്ഷേ ജിഹാദികള്‍ പാക്ക് ഭരണകൂടത്തെ അട്ടിമറിച്ച് ഭരണം കൈവശപ്പെടുത്തിയേക്കാം.

അങ്ങനെ വന്നാല്‍ ആണവായുധങ്ങളും ജിഹാദികളുടെ കയ്യില്‍ കിട്ടും. അതോടെ ന്യൂക്ലിയര്‍ ചാവേറുകളായി അവര്‍ മാറും. മറ്റെന്തിനെക്കാളും കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നതാണിതെന്നും ഹിലരി പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ഫെബ്രുവരിയില്‍ വിര്‍ജീനിയയില്‍ നടന്ന പാര്‍ട്ടി പരിപാടിക്കിടെയാണ് ഹിലറി ഇങ്ങനെ അഭിപ്രായപ്പെട്ടത്. റഷ്യ, ചൈന, പാക്കിസ്ഥാന്‍, ഇന്ത്യ എന്നീ രാജ്യങ്ങള്‍ ആണവായുധ ശേഖരണത്തില്‍ വലിയ രീതിയില്‍ മുന്നേറുകയാണ്. ചിന്തിക്കാന്‍പോലും കഴിയാത്ത രീതിയില്‍ ഇതു ഭയപ്പെടുത്തുന്നുവെന്നും ഹിലറി പറഞ്ഞതായി പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇന്ത്യയ്‌ക്കെതിരെ ആണവായുധം പ്രയോഗിക്കാനും മടിക്കില്ലെന്ന് അടുത്തിടെ പാക്ക് പ്രതിരോധമന്ത്രി ഖൗജ ആസിഫ് പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ അതീവ ജാഗ്രതയോടെയാണ് പാക്കിസ്ഥാന്റെ ഓരോ നീക്കവും അമേരിക്ക നിരീക്ഷിക്കുന്നത്.