കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് അന്വേഷണത്തില്‍ സംതൃപ്തിയെന്ന് ഹൈക്കോടതി.
കേസന്വേഷണത്തില്‍ അസാധാരണമായ സാഹചര്യമില്ലെന്നും പോലീസിനുമേല്‍ സമ്മര്‍ദ്ദമുണ്ടായാല്‍ ശരിയായ അന്വേഷണത്തിന് തടസ്സമുണ്ടാകുമെന്നും കോടതി വ്യക്തമാക്കി.
ബിഷപ്പിനെതിരെയുള്ള കേസില്‍ അറസ്റ്റ് ഉണ്ടാകുന്നില്ലെന്ന കാര്യങ്ങള്‍ ചുണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിരീക്ഷണം. പഴയ കേസായതിനാല്‍ കാലതാമസം ഉണ്ടാകുക സ്വാഭാവികമാണ്.
ഹര്‍ജിക്കാര്‍ കുറച്ചുകൂടി കാത്തിരിക്കണമെന്നും അറസ്റ്റിനേക്കാള്‍ വലുതല്ലേ ശിക്ഷയെന്നും കോടതി ചോദിച്ചു. അറസ്റ്റ് ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥനെ നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
ALSO READ; ജലന്ധര്‍ പീഡനം: കന്യാസ്ത്രീയ്ക്ക് സുരക്ഷ ഉറപ്പാക്കിയെന്ന് പൊലീസ് ഹൈക്കോടതിയില്‍
പരാതി പറയാന്‍ മൂന്ന് വര്‍ഷം കാത്തിരുന്നു. അതുപോലെ അന്വേഷണം പൂര്‍ത്തിയാകാന്‍ പരാതിക്കാരും കാത്തിരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് 24 ന് വീണ്ടും പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം കന്യാസ്ത്രീയെ പീഡിപ്പിച്ച പരാതിയിലെ ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. മുദ്രവെച്ച കവറിലാണ് റിപ്പോര്‍ട്ട് കോടതിയ്ക്ക് മുമ്പാകെ സമര്‍പ്പിച്ചത്.
അതേസമയം കന്യാസ്ത്രീയ്ക്ക് വേണ്ടത്ര സുരക്ഷ ഉറപ്പാക്കിയതായി പൊലീസ് കോടതിയെ അറിയിച്ചു. കുടാതെ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ജംഗ്ഷനില്‍ സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്കും സുരക്ഷ ഉറപ്പാക്കിയതായി പൊലീസ് കോടതിയെ അറിയിച്ചു.