Kerala
നീറ്റ ജലാറ്റിന്‍: മലിനീകരണത്തെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര ഏജന്‍സി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2013 Dec 03, 01:33 pm
Tuesday, 3rd December 2013, 7:03 pm

[] കൊച്ചി: കാതികൂടത്തെ നീറ്റ ജലാറ്റിന്‍ കമ്പനിയില്‍ നിന്നുള്ള മലിനീകരണത്തെക്കുറിച്ച് പഠിക്കാന്‍ ഹൈക്കാടതി കേന്ദ്ര ഏജന്‍സിയെ ചുമതലപ്പെടുത്തി.

നീറ്റ ജലാറ്റിന്‍ കമ്പനിയില്‍ നിന്നുള്ള മലിനീകരണത്തിന്റെ തോത്, അത് തടയുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവ വിശദമായി പഠിച്ചതിന് ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ജസ്റ്റിസ് ആന്‍ണി ഡൊമിനിക്കിന്റെയും സി.വി രാജന്റെയും നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചാണ് പ്രസ്തുത ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

നാഷണല്‍ എന്‍വിയോണ്‍മെന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ആണ് പഠനം നടത്തുന്നത്. ഏജന്‍സിയോട് സമയബന്ധിതമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

അതേസമയം കമ്പനിയുടെ പൈപ്പിടല്‍ ജോലിക്ക് പോലീസ് സംരംക്ഷണം ഏര്‍പ്പെടുത്താനും കോടതി നിര്‍ദ്ദേശം നല്‍കി.

മാലിന്യം ഒഴുക്കിവിടുന്നതിനായി കമ്പനി തുടരുന്ന പൈപ്പിടല്‍ ജോലിയെ സമരക്കാര്‍ തടസ്സപ്പെടുത്തുന്നു എന്ന് കാണിച്ച കമ്പനി നല്‍കിയ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.

പൈപ്പിടല്‍ ജോലി തടയുന്നത് കമ്പനിയുടെ പ്രവര്‍ത്തനം തടയുന്നതിന് തുല്യമാണെന്നും കമ്പനിയുടെ വ്യവസായം നടത്താനുള്ള അവകാശത്തെ തടയാനാവില്ലെന്നും ഹൈക്കോടതി ഉത്തവില്‍ വ്യക്തമാക്കി.