മുംബൈ: എല്‍ഗാര്‍ പരിഷദ് കേസില്‍ കുറ്റാരോപിതനായി ജയിലില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഗൗതം നവ്‌ലാഖയ്ക്ക് കണ്ണട നല്‍കണമെന്ന ആവശ്യം നിഷേധിച്ച ജയില്‍ ജീവനക്കാരുടെ നടപടിയെ വിമര്‍ശിച്ച് ബോംബെ ഹൈക്കോടതി. ജയില്‍ ജീവനക്കാര്‍ക്ക് മനുഷ്യത്വവും തടവുകാരുടെ ആവശ്യങ്ങളും മനസിലാക്കുന്നതിന് ക്ലാസുകള്‍ സംഘടിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ബോംബെ ഹൈക്കോടതി പറഞ്ഞു.
ഇതൊക്കെ മനുഷ്യത്വപരമായ പരിഗണനകളാണെന്നും കോടതി പറഞ്ഞു. എല്‍ഗാര്‍ പരിഷദ് കേസിലെ കുറ്റാരോപിതരായ രമേഷ് ഗായിചോറിന്റെയും സാഗര്‍ ഗോര്‍ഖെയുടെയും ജാമ്യാപേക്ഷ പരിഗണിച്ച് സംസാരിക്കുകയായിരുന്നു കോടതി.
‘മനുഷ്യത്വമാണ് പ്രധാനപ്പെട്ട കാര്യം. ബാക്കിയെല്ലാം പിന്നെ. നവ്‌ലാഖയുടെ കണ്ണട പ്രശ്‌നം അറിഞ്ഞു. ജയില്‍ ജീവനക്കാര്‍ക്ക് ക്ലാസുകള്‍ നല്‍കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അദ്ദേഹത്തിന് കുടുംബം കണ്ണട കൊടുത്തയച്ചു. അത് നിങ്ങള്‍ തിരിച്ചയച്ചു. ഇതൊക്കെ നിഷേധിക്കാവോ? ഇതൊക്കെ മാനുഷിക പരിഗണനയില്‍പ്പെടുന്നതല്ലേ? ‘ കോടതി ചോദിച്ചു.
നവംബര്‍ 27നാണ് നവ്‌ലാഖയുടെ കണ്ണട അദ്ദേഹത്തെ തടവിലാക്കിയിരിക്കുന്ന തലോജ സെന്‍ട്രല്‍ ജയിലില്‍ വെച്ച് നഷ്ടപ്പെട്ടത്. അദ്ദേഹത്തിന് കണ്ണടയില്ലാതെ ഒന്നും കാണില്ലെന്നും കുടുംബം പറയുന്നു. ഡിസംബര്‍ ആദ്യവാരം അദ്ദേഹത്തിനുള്ള കണ്ണട അയച്ചു കൊടുത്തെന്നും എന്നാല്‍ ജയില്‍ ജീവനക്കാര്‍ അത് തിരിച്ചയക്കുകയായിരുന്നുവെന്നും കുടുംബം വ്യക്തമാക്കി.
നേരത്തെ ഭീമ കൊറേഗാവ് കേസില്‍ കുറ്റാരോപിതനായി പൊലീസ് അറസ്റ്റ് ചെയ്ത ഫാദര്‍ സ്റ്റാന്‍ സ്വാമി, അദ്ദേഹത്തിന് പാര്‍ക്കിന്‍സണ്‍ രോഗമുള്ളതിനാല്‍ കൈകള്‍ വിറയ്ക്കുന്നുണ്ടെന്നും അതിനാല്‍ വെള്ളം കുടിക്കാന്‍ സ്‌ട്രോയും സിപ്പറും വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. പല തവണ ആവശ്യപ്പെട്ടതിന് ശേഷമാണ് അദ്ദേഹത്തിന് ഒരുമാസത്തിനിപ്പുറം സ്‌ട്രോയും സിപ്പറും അനുവദിക്കപ്പെട്ടത്. അദ്ദേഹവും തലോജ സെന്‍ട്രല്‍ ജയിലിലാണ് തടവിലാക്കപ്പെട്ടിരിക്കുന്നത്.
ഗൗതം നവ്‌ലാഖ, കവി വരവര റാവു, രമേശ് ഗായിചോര്‍, സാഗര്‍ ഗോര്‍ഖെ എന്നിവര്‍ക്ക് പുറമെ 16 പേരെയാണ് എല്‍ഗാര്‍ പരിഷദ് കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അതില്‍ 8 ഓളം പേര്‍ മുതിര്‍ന്ന പൗരന്മാരാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക