'മതത്തിന്റെ പേരില്‍ എന്തും ചെയ്യാനാകില്ല'; പൂര്‍ണത്രയീശ ക്ഷേത്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
Kerala News
'മതത്തിന്റെ പേരില്‍ എന്തും ചെയ്യാനാകില്ല'; പൂര്‍ണത്രയീശ ക്ഷേത്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th December 2024, 2:53 pm

കൊച്ചി: ആന എഴുന്നള്ളിപ്പില്‍ പുറപ്പെടുവിച്ച മാനദണ്ഡം ലംഘിച്ചതിന് തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. മതത്തിന്റെ പേരില്‍ എന്തും ചെയ്യാനാകില്ലെന്ന് കോടതി പറഞ്ഞു. ഉത്തരവ് ലംഘിച്ചത് കോടതിയോടുള്ള പരസ്യമായ വെല്ലുവിളിയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ദേവസ്വം ഭാരവാഹികള്‍ ഉത്തരവാദിത്തോടെ പെരുമാറണമെന്നും കോടതി പറഞ്ഞു. ക്ഷേത്രം മാനദണ്ഡം ലംഘിച്ചതിന്റെ കാരണം എന്താണെന്നും കോടതി ചോദിച്ചു. ജസ്റ്റിസുമാരായ ജയശങ്കര്‍ നമ്പ്യാര്‍, പി. ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ചോദ്യം ഉന്നയിച്ചത്.

കഴിഞ്ഞ ദിവസം പൂര്‍ണത്രയീശ ക്ഷേത്ര ഭരണസമിതിക്കെതിരെ കേസെടുത്തിരുന്നു. ആന എഴുന്നള്ളിപ്പില്‍ ഹൈക്കോടതി നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് കാണിച്ച് വനം വകുപ്പാണ് കേസെടുത്തത്. ആനകളെ എഴുന്നള്ളിക്കുമ്പോള്‍ ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലവും ആനയും ആളുകളും തമ്മില്‍ എട്ട് മീറ്റര്‍ അകലവും പാലിക്കണമെന്ന മാനദണ്ഡമാണ് ക്ഷേത്രം ലംഘിച്ചത്.

ഇതിനുപിന്നാലെയാണ് ക്ഷേത്ര ഭരണസമിതിയെ ചോദ്യം ചെയ്തുകൊണ്ട് കോടതി പ്രതികരിച്ചിരിക്കുന്നത്. ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പില്‍ ജില്ലാ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നീക്കം. ക്ഷേത്രം മാനദണ്ഡം ലംഘിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഉത്സവത്തിന്റെ ആദ്യ മൂന്ന് ദിവസം മാനദണ്ഡം കൃത്യമായി പാലിച്ചുവെന്നും എന്നാല്‍ നാലാം ദിവസം തൃക്കേട്ട എഴുന്നള്ളിപ്പിനോട് ബന്ധപ്പെട്ട് നടന്ന ചടങ്ങില്‍ മാനദണ്ഡം ലംഘിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ചര മണിക്കൂര്‍ നീണ്ടുനിന്ന ആന എഴുന്നള്ളിപ്പാണ് ക്ഷേത്രത്തില്‍ നടന്നത്.

വനംവകുപ്പിന്റെ നിര്‍ദേശമുണ്ടായിട്ടും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ മാനദണ്ഡം ലംഘിക്കുകയായിരുന്നുവെന്നും ജില്ലാ കളക്ടര്‍ കോടതിയെ അറിയിച്ചു.

അതേസമയം മഴ വന്നപ്പോള്‍ ആനകളെ കൂട്ടമായി നിര്‍ത്തിയെന്നാണ് ക്ഷേത്ര സമിതി നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇത്തരത്തിലുള്ള നീക്കങ്ങള്‍ അംഗീകരിക്കില്ലെന്ന് കോടതി വീണ്ടും വ്യക്തമാക്കി. ഒരു ദിവസം ആണെങ്കിലും നടന്നത് നിയമലംഘനമാണെന്നും കോടതി പറഞ്ഞു.

സുരക്ഷ മുന്‍നിര്‍ത്തിയാണ് കോടതി മാനദണ്ഡം പുറപ്പെടുവിച്ചത്. എന്നാല്‍ ചിലര്‍ ഈഗോ വെച്ചുപുലര്‍ത്തി നിയമലംഘനം നടത്തുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. സമാനമായ നിലപാടുകളാണ് ക്ഷേത്ര സമിതികള്‍ തുടരുന്നതെങ്കില്‍ ആനകളെ എഴുന്നള്ളിക്കാനുള്ള അനുമതി പിന്‍വലിക്കുമെന്നും കോടതി പറഞ്ഞു. മാനദണ്ഡം ലംഘിച്ചതില്‍ ദേവസ്വം ബോര്‍ഡ് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി അറിയിച്ചു.

Content Highlight: High Court strongly criticizes Sree Poornathrayeesa Temple