കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ അന്വേഷണ സംഘത്തോട് ചോദ്യങ്ങളുമായി ഹൈക്കോടതി. വെറുതേ പറയുന്നത് വധഗൂഢാലോചന ആകുമോയെന്ന് ഹൈക്കോടതി ചോദിച്ചു.
ഗൂഢാലോചനയുടെ അടിസ്ഥാനത്തില്‍ ഒരു കുറ്റകൃത്യം ചെയ്യേണ്ടേയെന്നും കോടതി ചോദിച്ചു. എന്നാല്‍, കോടതിയുടെ ചോദ്യങ്ങളെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. ദിലീപിന്റേത് വെറുംവാക്കല്ലെന്ന് കോടതിയില്‍ പ്രോസിക്യൂഷന്‍ പറഞ്ഞു.
വധഗൂഢാലോചനയ്ക്ക് തെളിവുണ്ട്. ബാലചന്ദ്ര കുമാര്‍ ഓഡിയോ തെളിവുകള്‍ കൈമാറിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കേസിന്റെ പേരില്‍ തന്നെ അന്വേഷണ സംഘം പീഡിപ്പിക്കുന്നുവെന്ന് ദിലീപ് കോടതിയെ അറിയിച്ചിട്ടുണ്ട്. കുടുംബത്തെ ഒന്നാകെ പ്രതിചേര്‍ക്കുന്നുവെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു.
അതേസമയം, നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനെ അപായപ്പെടുത്താന്‍ ദിലീപും സംഘവും ക്വട്ടേഷന്‍ നല്‍കിയെന്ന് അന്വേഷണ സംഘം കണ്ടെത്തി.
ബൈജു പൗലോസ് സഞ്ചരിച്ച കാര്‍ അപകടപ്പെടുത്താനായിരുന്നു ക്വട്ടേഷന്‍. ക്വട്ടേഷന്‍ ഏകോപിപ്പിച്ചത് ശരത്താണ്. 2017 നവംബര്‍ 15 ന് കൃത്രിമ അപകടം സൃഷ്ടിക്കാനായിരുന്നു പദ്ധതി. ബെംഗളൂരുവലെ ക്വട്ടേഷന്‍ സംഘത്തിന് ബൈജു പൗലോസ് സഞ്ചരിക്കുന്ന വാഹനത്തിന്റെ നമ്പര്‍ കൈമാറിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ദിലീപിന്റെ ഡ്രൈവറായിരുന്ന അപ്പുണ്ണിയാണ് ക്വട്ടേഷന്‍ സംഘത്തിന് വാഹനത്തിന്റെ നമ്പര്‍ കൈമാറിയതായും അന്വേഷണ സംഘം പറഞ്ഞു.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെ ഉടന്‍ ചോദ്യം ചെയ്യാനാണ് സാധ്യത. ശരത്തിനേയും സൂരജിനേയും ദിലീപിന് ഒപ്പമിരുത്തി ചോദ്യം ചെയ്യാനും നീക്കമുണ്ട്.
Content Highlights: High Court questioned crime branch in actress attack case