Kerala News
ലൈംഗികാതിക്രമം അടക്കം ഒരു വര്‍ഷം 132 കേസുകള്‍; ഡോക്ടര്‍മാരുടെ സുരക്ഷക്കായി എന്ത് നടപടിയാണ് സര്‍ക്കാര്‍ എടുത്തത്? ഞെട്ടല്‍ രേഖപ്പെടുത്തി കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Dec 01, 06:17 pm
Thursday, 1st December 2022, 11:47 pm

കൊച്ചി: സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കെതിരെ അക്രമ സംഭവങ്ങള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി. സ്വകാര്യ ആശുപത്രികള്‍ നല്‍കിയ ഹരജികളില്‍ വാദം കേള്‍ക്കവേയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.

ഡോക്ടര്‍മാര്‍ക്കെതിരെ നടന്ന അക്രമങ്ങളുടെ 137 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും ഇത് ഞെട്ടിപ്പിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും ജസ്റ്റിസ് കൗസര്‍ എടപ്പാഗത്തും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്.

ഡോക്ടര്‍മാരുടെ സുരക്ഷക്ക് വേണ്ടി എന്ത് മുന്‍കരുതലാണ് സ്വീകരിച്ചിരിക്കുന്നതെന്ന് സര്‍ക്കാരിനോട് ചോദ്യമുന്നയിച്ച കോടതി, സുരക്ഷ ഉറപ്പാക്കാനായി എത്രയും വേഗം നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഡോക്ടര്‍മാരുടെ സുരക്ഷക്ക് വേണ്ടിയുള്ള നടപടികളെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

‘ഒരു മാസം ഇത്തരത്തിലുള്ള പത്തോളം കേസുകളാണ് നടക്കുന്നത്. വനിതാ ഡോക്ടര്‍മാര്‍ക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ വരെ നടക്കുന്നു. ഈ വര്‍ഷം മാത്രം അഞ്ച് കേസുകളുണ്ട്. ആശുപത്രികളില്‍ പൊലീസിന്റെ എയ്ഡ് പോസ്റ്റുകള്‍ ഉണ്ടോ, ഇല്ലയോ?

ആക്രമിക്കരുതെന്ന നിര്‍ദേശം കൊടുത്തിട്ട് ഒരു കാര്യവുമില്ല. ഒരു ഡോക്ടറോ നഴ്‌സോ സെക്യൂരിറ്റിയോ ജീവനക്കാരോ ആക്രമിക്കപ്പെട്ടാല്‍ ഉടനടി നടപടിയെടുക്കണം. അങ്ങനെ ദ്രുതഗതിയില്‍ തന്നെ നടപടിയുണ്ടാകുമെന്ന് ഇത്തരം അക്രമത്തിനിറങ്ങുന്നവര്‍ക്ക് മനസിലാകണം, ‘ കോടതി പറഞ്ഞു.

ഡോക്ടര്‍മാരോ ആശുപത്രി ജീവനക്കാരോ ആക്രമിക്കപ്പെട്ടാല്‍ ഒരു മണിക്കൂറിനകം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അടുത്തിടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയുടെ ബന്ധു വനിതാ ഡോക്ടറെ ക്രൂരമായി ആക്രമിച്ച സംഭവം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ന്യൂറോ ഐ.സി.യുവിലുണ്ടായിരുന്ന രോഗി മരിച്ച വിവരം ബന്ധുക്കളെ അറിയിച്ചതിന് പിന്നാലെയായിരുന്ന രോഗിയുടെ ഭര്‍ത്താവ് ഡോക്ടറെ നിലത്തിട്ട് വയറ്റില്‍ ചവിട്ടിയത്. സംഭവത്തില്‍ നടപടിയാവശ്യപ്പെട്ടുകൊണ്ട് മെഡിക്കല്‍ രംഗത്ത് നിന്നും വ്യാപകമായ പ്രതിഷേധമുയര്‍ന്നിരുന്നു.

Content Highlight: High Court Expresses Concern Over Attacks On Doctors in Kerala