Kerala News
ഷൂട്ടിങ് ലൊക്കേഷനുകളിലെ ആഭ്യന്തര പരാതി സെല്‍; ഡബ്ല്യു.സി.സി സമര്‍പ്പിച്ച ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Nov 26, 03:06 am
Monday, 26th November 2018, 8:36 am

കൊച്ചി: ഷൂട്ടിങ് ലൊക്കേഷനുകളില്‍ ലൈംഗീകാതിക്രമം തടയുന്നതിനുള്ള ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യു.സി.സി സമര്‍പ്പിച്ച ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. അടുത്തമാസം ഏഴിന് എ.എം.എം.എയുടെ നേതൃത്വത്തില്‍ അബുദാബിയില്‍ നടക്കുന്ന ഷോയ്ക്ക് മുമ്പ് ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണമെന്ന് ആവശ്യം.

ഡബ്ല്യൂ.സി.സിക്ക് വേണ്ടി റിമ കല്ലിങ്കല്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ഉള്ളത്. മലയാള സിനിമയില്‍ ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്നാവശ്യപ്പെട്ട് വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി നിലവിലുള്ളപ്പോള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഡബ്യൂ.സി.സി പുതിയ ആവശ്യം ഉന്നയിച്ചത്.

ഹരജി പരിഗണിക്കാനിരിക്കെ മറുപടി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോടും സിനിമാ സംഘടനകളോടും കോടതി ആവശ്യപ്പെട്ടിരുന്നു. വനിതകള്‍ അടങ്ങിയ മൂന്നംഗ സമിതി ഇപ്പോള്‍ത്തന്നെ നിലവില്‍ ഉണ്ടെന്നാകും താരസംഘടനയായ എ.എം.എം.എ അറിയിക്കുക.

ഹരജിയില്‍ ഇന്ന് സര്‍ക്കാര്‍ നിലപാട് അറിയിച്ചേക്കും.ഡബ്ല്യു.സി.സിയുടെ ഹര്‍ജിയെ പിന്തുണയ്ക്കുന്ന നിലപാടാകും കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുക. സിനിമാ മേഖലയുമായി ബന്ധപ്പെട്ട ചൂഷണ, അതിക്രമ പരാതികള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ പരാതി പരിഹാര സംവിധാനം അത്യാവശ്യമാണെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മലയാള സിനിമാ ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യു.സി.സിയ്ക്ക് വേണ്ടി റിമ കല്ലിങ്കലും പത്മപ്രിയയുമാണ് നേരത്തെ ഹര്‍ജി സമര്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാരിനെയും എ.എം.എം.എയെയും എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി.

അതേസമയം ഡബ്ല്യു.സി.സിയുടെ ഹരജിയെ നിയമപരമായി നേരിടുമെന്ന് എ.എം.എം.എ. ഹരജിയ്ക്ക് അഭിഭാഷകര്‍ മറുപടി നല്‍കുമെന്ന് എ.എം.എം.എ പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു. പുറത്തുപോയ നടിമാര്‍ വന്നാല്‍ തിരിച്ചെടുക്കുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. രാജിവെച്ച നടിമാരെ തിരിച്ചെടുക്കണമെങ്കില്‍ അവര്‍ മാപ്പെഴുതി നല്‍കണമെന്നായിരുന്നു എ.എം.എം.എയുടെ മുന്‍ നിലപാട്. എന്നാല്‍ അതുവേണ്ടെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.