തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കാനുള്ള തീരുമാനത്തിനെതിരെ ഹൈക്കോടതി
Kerala News
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കാനുള്ള തീരുമാനത്തിനെതിരെ ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th February 2019, 10:50 pm

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കുന്നതിനെതിരെ ഹൈക്കോടതി. സ്വകാര്യവല്‍ക്കരിക്കുന്നതുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാലും കൈമാറ്റം ഹൈക്കോടതിയുടെ അന്തിമ വിധിയ്ക്ക് വിധേയമായിരിക്കുമെന്നും ഹൈക്കോടതി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

സ്വകാര്യവത്കരണത്തിലൂടെ ലാഭമുണ്ടാക്കുന്നത് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ലേല നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി കഴിഞ്ഞ ദിവസം നിരസിച്ചിരുന്നു. സ്വകാര്യവത്കരണത്തില്‍ ഇടപെടേണ്ട സാഹചര്യമുണ്ടായാല്‍ ഇടപെടാമെന്നായിരുന്നു കോടതിയുടെ നിലപാട്.

Also Read രാജ്യത്തിനകത്തെ അപരര്‍ പലവിധം

വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നയപരമായ തീരുമാനത്തെ എതിര്‍ക്കുന്നത് ശരിയല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു.

തിരുവനന്തപുരം അടക്കം അഞ്ച് വിമാനത്താവളങ്ങളുടെ സാമ്പത്തിക ലേലത്തില്‍ അദാനി ഗ്രൂപ്പാണ് ഏറ്റവും ഉയര്‍ന്ന തുക നിര്‍ദ്ദേശിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ ലേലത്തില്‍ സംസ്ഥാന സര്‍ക്കാരിന് കീഴിലെ കെ.എസ്.ഐ.ഡി.സിയായിരുന്നു രണ്ടാം സ്ഥാനത്ത്.

റൈറ്റ് ഓഫ് റഫ്യൂസല്‍ എന്ന നിലക്ക് കേന്ദ്രം നല്‍കിയ ആണുകൂല്യം സംസ്ഥാനത്തിന് ഗുണം ചെയ്തില്ല. തിരുവനന്തപുരത്ത് രണ്ടാമത് എത്തിയ കെ.എസ്.ഐ.ഡി.സിയേക്കാള്‍ പത്തുശതമാനം മാത്രമാണ് കൂടുതലാണ് ഒന്നാമതുള്ള കമ്പനിയെങ്കില്‍ രണ്ടാമതുള്ള കെ.എസ്.ഐ.ഡി.സിക്ക് കരാര്‍ കിട്ടുന്ന രീതിയിലായിരുന്നു കേന്ദ്ര ഇളവ്.

അതേസമയം, തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ മുഖ്യമന്ത്രിയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. അദാനിക്ക് വിമാനത്താവളം നടത്തി പരിചയം ഇല്ലെന്നും, എന്നാല്‍ മോദിയുമായി പരിചയം ഉണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. അദാനി പറഞ്ഞാല്‍ വഴങ്ങുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്ന് അദാനി പോലും പറയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.