കൊച്ചി: മദ്യം വാങ്ങാന്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകളുടെ മുന്നില്‍ നില്‍ക്കുന്നവരുടെ വ്യക്തിത്വം പരിഗണിക്കണമെന്ന് ഹൈക്കോടതി. ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസില്‍ കോടതിയ്ക്ക് മുന്നില്‍ ഹാജരായ എക്‌സൈസ് കമ്മീഷണറോടും ബെവ്‌കോ എം.ഡിയോടുമായിരുന്നു നിര്‍ദേശം.
മദ്യം നിരോധിത വസ്തു വില്‍ക്കുന്നത് പോലെയാണ് വില്‍ക്കുന്നതെന്നും കോടതി പറഞ്ഞു.
രാജ്യത്തെ കൊവിഡ് നിരക്കില്‍ കേരളം മുന്നിലാണ്. കല്യാണത്തിന് 10ഉം മരണത്തിന് 20 പേരും മാത്രം പങ്കെടുക്കുമ്പോള്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ വലിയ ക്യൂ ആണ് കാണുന്നതെന്നും കോടതി ചൂണ്ടിക്കാണിച്ചു.
കൊവിഡ് പശ്ചാത്തലത്തില്‍ ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നിലെ തിരക്ക് രോഗവ്യാപനത്തിന് കാരണമാവുന്നുണ്ടെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അയച്ച കത്തില്‍ സ്വമേധയാ എടുത്ത കേസിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും അടങ്ങുന്ന ബെഞ്ചിന്റെ നടപടി.
കേസില്‍ എക്‌സൈസ് കമ്മീഷണറും ബെവ്കോ എം.ഡിയും അടക്കമുള്ളവരോട് ഇന്ന് ഹാജരാകാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.
മദ്യവില്‍പ്പനയുടെ കുത്തക സര്‍ക്കാരിനാണ്. അതുകൊണ്ട് തന്നെ വേണ്ട സൗകര്യം ഒരുക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു.
മദ്യശാലകള്‍ക്ക് മുന്നില്‍ 500 പേര്‍ ക്യൂനില്‍ക്കുന്നു. ജനങ്ങളുടെ ആരോഗ്യമാണ് കോടതിക്ക് പ്രധാനം. എത്രയും പെട്ടെന്ന് നടപടി വേണമെന്നും കോടതി ആവശ്യപ്പെട്ടു.
ഒരു തരത്തിലും സാമൂഹ്യ അകലം പാലിക്കുന്നില്ല. ആള്‍ക്കൂട്ടം എന്ത് സന്ദേശമാണ് സാധാരണക്കാര്‍ക്ക് നല്‍കുന്നത്? കൂട്ടം കൂടുന്ന ആളുകളിലൂടെ രോഗം പകരാന്‍ സാധ്യതയില്ലേ എന്നും കോടതി ചോദിച്ചു.
മദ്യശാലകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്നവരുടെ വ്യക്തിത്വം പരിഗണിക്കണമെന്ന് ചൂണ്ടിക്കാണിച്ച് നാല് വര്‍ഷം മുന്നെ ഇറക്കിയ ഉത്തരവ് ഇതുവരെ നടപ്പാക്കാത്തത് കോടതിയലക്ഷ്യമാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കോടതി ഉത്തരവ് പൊലീസുകാര്‍ വായിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ടെന്നും കോടതി പറഞ്ഞു.
തൃശൂര്‍ കുറുപ്പം റോഡില്‍ ബെവ്കോ ഔട്ട്‌ലെറ്റിന് മുന്നിലെ തിരക്ക് കച്ചവടത്തിന് തടസം ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കടയുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നടപടിയെടുക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതുവരെ നടപടിയില്ലെന്ന് കാണിച്ച് വ്യാപാരികള്‍ കോടതിയെ സമീപിക്കുകയായിരുന്നു.
ആള്‍ക്കൂട്ടം നിയന്ത്രിക്കണമെന്നും വിഷയത്തില്‍ ചൊവ്വാഴ്ചയ്ക്കകം സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ കോടതി പറഞ്ഞിരുന്നു. ഹരജി ചൊവ്വാഴ്ച വീണ്ടും കോടതി പരിഗണിക്കും.