Advertisement
Daily News
60 കഴിഞ്ഞവരെ ഡി.സി.സി അധ്യക്ഷന്മാരായി പരിഗണിക്കരുത് : കര്‍ശന നിര്‍ദേശവുമായി ഹൈക്കമാന്‍ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Sep 22, 09:30 am
Thursday, 22nd September 2016, 3:00 pm

മറ്റെന്നാള്‍ ചേരുന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് നിര്‍ദേശങ്ങള്‍ വയ്ക്കും. ഗ്രൂപ്പ് അടിസ്ഥാനമാക്കിയുള്ള വീതംവയ്പ്പുകള്‍ക്ക് കടിഞ്ഞാണിടാനാണ് ഹൈക്കമാന്‍ഡിന്റെ ശ്രമം


തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് പുന:സംഘടനയില്‍ കര്‍ശന മാനദണ്ഡവുമായി ഹൈക്കമാന്‍ഡ്. 60 വയസ്സ് കഴിഞ്ഞവരെ ഡി.സി.സി അധ്യക്ഷന്മാരായി പരിഗണിക്കരുത് എന്നതാണ് പ്രധാന നിര്‍ദേശങ്ങളില്‍ ഒന്ന്.

യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്നതിന്റെ ഭാഗമായാണ് ഈ മാനദണ്ഡം കൊണ്ടുവരുന്നത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളില്‍ (ഡിസിസി) യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണം. താഴെത്തട്ടു മുതല്‍ പ്രവര്‍ത്തന മികവു വേണമെന്നും എ.ഐ.സി.സി നിര്‍ദേശത്തില്‍ പറയുന്നു.

പ്രവര്‍ത്തകര്‍ക്ക് ബൂത്ത് മണ്ഡലം ബ്ലോക്ക് തലങ്ങളില്‍ പ്രവര്‍ത്തന മികവ് വേണം, രാഷ്ട്രീയത്തിന് അതീതമായ സ്വീകാര്യത നേതാക്കന്‍മാര്‍ക്ക് ഉണ്ടാകണം തുടങ്ങിയവയാണ് എ.ഐ.സി.സിയുടെ മറ്റ് നിര്‍ദേശങ്ങള്‍.

മറ്റെന്നാള്‍ ചേരുന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് നിര്‍ദേശങ്ങള്‍ വയ്ക്കും. ഗ്രൂപ്പ് അടിസ്ഥാനമാക്കിയുള്ള വീതംവയ്പ്പുകള്‍ക്ക് കടിഞ്ഞാണിടാനാണ് ഹൈക്കമാന്‍ഡിന്റെ ശ്രമം.

സംഘടനാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ പുനഃസംഘടന നടത്താന്‍ ഹൈക്കമാന്‍ഡ് നേരത്തെ നിര്‍ദേശം നല്‍കിയത്.

തുടര്‍ന്ന് കേരളത്തിലെ വിവിധ ഗ്രൂപ്പുകള്‍ രാഷ്ട്രീയ കാര്യ സമിതിയില്‍ ഉള്‍പ്പെടുത്തേണ്ടവരുടെ പട്ടിക നേരത്തെ ഹൈക്കമാന്‍ഡിന് നല്‍കിയിരുന്നു. പുനഃസംഘടനയ്ക്ക് നേതൃത്വം നല്‍കാന്‍ 15 പേരടങ്ങിയ കോര്‍ കമ്മിറ്റി മതിയെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം.