ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയരാവുന്ന സ്ത്രീകളുടെ പേര് മറച്ചുവയ്ക്കുന്നതും സ്ത്രീവിരുദ്ധത; എം.സി ജോസഫൈന്‍
Kerala News
ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയരാവുന്ന സ്ത്രീകളുടെ പേര് മറച്ചുവയ്ക്കുന്നതും സ്ത്രീവിരുദ്ധത; എം.സി ജോസഫൈന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st July 2018, 8:30 am

തിരുവനന്തപുരം: ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയരാകുന്ന സ്ത്രീകളുടെ പേര് മറച്ചുവയ്ക്കുന്നത് തന്നെ സ്ത്രീവിരുദ്ധതയാണെന്ന് വനിതാകമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. വനിതാ കമ്മിഷനും കേരള സര്‍വകലാശാല എന്‍.എസ്.എസ്. യൂണിറ്റും ചേര്‍ന്ന് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ചൂഷണത്തിന് ഇരയായ സ്ത്രീയുടെ സുരക്ഷിതത്വത്തിന് വേണ്ടിയാണ് പേര് മറച്ചുവെയ്ക്കുന്നതെന്നാണ് വിവക്ഷ. എന്നാല്‍ സ്ത്രീവിരുദ്ധമായ ബോധത്തില്‍ നിന്നാണ് ഇത് ഉത്ഭവിക്കുന്നത്. ചൂഷണത്തിന് ഇരയായ പെണ്‍കുട്ടികള്‍ എവിടെയാണെന്ന് അന്വേഷിക്കേണ്ട ബാധ്യത സമൂഹത്തിന് ഉണ്ടെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.


Also Read ലക്ഷ്മിവര സ്വാമികള്‍ക്ക് മദ്യപാനവും സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നെന്നും പേജാവര്‍ മഠാധിപതി; മരണത്തിലെ ദുരൂഹത തുടരുന്നു


സ്ത്രീവിരുദ്ധമായ സമൂഹത്തിന്റെ വീക്ഷണത്തിനെതിരായ ഉള്ളടക്കം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും നിലവില്‍ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക മേഖലകളിലെ നയരൂപവത്കരണത്തില്‍ സ്ത്രീകള്‍ക്ക് പങ്കില്ലാത്ത സാഹചര്യമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

പീഡനക്കേസുകളിലെ ഇരകളുടെ പേര് ഹൈക്കോടതിയില്‍ നല്‍കുന്ന ഹര്‍ജിയില്‍ രേഖപ്പെടുത്താമെങ്കിലും കോടതി രേഖകളിലോ വിധിയിലോ പേരും ആളെ തിരിച്ചറിയുന്ന വിവരങ്ങളുമുണ്ടാകരുതെന്ന് ഉറപ്പാക്കാന്‍ അടുത്തിടെ ഹൈക്കോടതി സര്‍ക്കുലര്‍ ഇറക്കിയിരുന്നു.