ന്യൂദല്‍ഹി: മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനെ അറസ്റ്റ് ചെയ്യണമെന്ന ഹാഷ്ടാഗാണ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്റിംഗ് ആയിക്കൊണ്ടിരിക്കുന്നത്. നിരവധിപേരാണ് ബില്‍ഗേറ്റ്‌സിനെതിരെ രോഷം പ്രകടിപ്പിച്ച് രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്.
ദരിദ്രരായ ആദിവാസി കുട്ടികളില്‍ അവരുടെ മാതാപിതാക്കളുടെ സമ്മതമില്ലാതെ
ബില്‍ & മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ഒരു വാക്‌സിന്‍ അനധികൃതമായി ക്ലിനിക്കല്‍ പരീക്ഷണം നടത്തിയെന്നാണ് ബില്‍ഗേറ്റ്‌സിനെതിരെ ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണം.
ഗ്രേറ്റ് ഗെയിം ഇന്ത്യ റിപ്പോര്‍ട്ട് പ്രകാരം, സിയാറ്റില്‍ ആസ്ഥാനമായുള്ള ഒരു എന്‍.ജി.ഒ, ബി.എം.ജി.എഫിന്റെ ധനസഹായത്തോടെ 10-14 വയസ്സുവരെ പ്രായമുള്ള 14,000 ആദിവാസി പെണ്‍കുട്ടികള്‍ക്ക് ഹ്യൂമന്‍ പാപ്പിലോമ വൈറസ് (എച്ച്.പി.വി) വാക്‌സിന്‍ നല്‍കാനുള്ള പദ്ധതി 2009 ല്‍ തെലങ്കാനയിലെ ഖമ്മത്തില്‍ നടപ്പാക്കി എന്നാണ് പറയുന്നത്.
ഇതേത്തുടര്‍ന്ന് നിരവധി പേര്‍ രോഗബാധിതരായിട്ടുണ്ടെന്നും ഗാര്‍ഡാസില്‍ കുത്തിവച്ച ശേഷം പെണ്‍കുട്ടികളില്‍ നാലുപേര്‍ മരിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സര്‍ക്കാര്‍ നടത്തുന്ന ഹോസ്റ്റലുകളില്‍ പെണ്‍കുട്ടികള്‍ താമസിച്ചിരുന്നതിനാല്‍ മിക്ക പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്കും പരീക്ഷണങ്ങളെക്കുറിച്ച് അറിയില്ലായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.