ടര്‍ബോ ജോസല്ല, ഇത് മിന്നല്‍ ജോസ്, തലയില്‍ കൈവെച്ച് ക്രിക്കറ്റ് ലോകം
Sports News
ടര്‍ബോ ജോസല്ല, ഇത് മിന്നല്‍ ജോസ്, തലയില്‍ കൈവെച്ച് ക്രിക്കറ്റ് ലോകം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 21st June 2024, 9:57 pm

ടി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ മത്സരങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഗ്രൂപ്പ് രണ്ടിലെ ശക്തരായ ഇംഗ്ലണ്ടും സൗത്ത് ആഫ്രിക്കയും തമ്മിലാണ് മത്സരം. സെന്റ് ലൂസിയ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തെരഞ്ഞെടുത്തു.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ഇംഗ്ലീഷ് പട ഈ മത്സരത്തിനിറങ്ങുന്നത്. അമേരിക്കയെ 18 റണ്‍സിന് തകര്‍ത്ത സൗത്ത് ആഫ്രിക്ക അതേ ആത്മവിശ്വാസത്തിലാണ് ഈ മത്സരത്തിനും കളത്തിലിറങ്ങിയത്.

മത്സരത്തില്‍ വിക്കറ്റിന് പിന്നില്‍ ഗംഭീര പ്രകടനമാണ് ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ കാഴ്ചവെച്ചത്. സൗത്ത് ആഫ്രിക്കന്‍ ബാറ്റര്‍ ഹെന്റിച്ച് ക്ലാസനെ റണ്‍ ഔട്ടാക്കിയ ബട്‌ലറുടെ മികവാണ് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ച.

മാര്‍ക്ക് വുഡ് എറിഞ്ഞ 14ാം ഓവറിലാണ് സംഭവം. ഓവറിലെ അഞ്ചാമത്തെ പന്ത് വൈഡാവുകയായിരുന്നു. ആദ്യ ശ്രമത്തില്‍ ബട്‌ലറിന് പന്ത് പിടിക്കാന്‍ കഴിയാത്തതുകൊണ്ട് ക്ലാസന്‍ റണ്ണിനായി ഓടി. എന്നാല്‍ നിമിഷനേരം കൊണ്ട് പന്ത് കൈക്കലാക്കിയ ബട്‌ലര്‍ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലേക്ക് എറിയുകയായിരുന്നു.

ബട്‌ലറിന്റെ അപ്രതീക്ഷിത നീക്കം മനസിലാക്കാന്‍ കഴിയാത്ത ക്ലാസന്‍ റണ്‍ ഔട്ടാവുകയായിരുന്നു. പതിമൂന്ന് പന്തില്‍ എട്ട് റണ്‍സായിരുന്നു ക്ലാസന്റെ സമ്പാദ്യം.

അതേ സമയം ആദ്യ ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് സൗത്ത് ആഫ്രിക്ക നേടിയത്. ഓപ്പണിങ് ഇറങ്ങി ഈ ലോകകപ്പിലെ ഏറ്റവും വേഗതയേറിയ ഫിഫ്റ്റി നേടിയ ക്വിന്റണ്‍ ഡി കോക്കിന്റെയും അഞ്ചാം നമ്പറില്‍ ഇറങ്ങി വെടിക്കെട്ട് നടത്തിയ ഡേവിഡ് മില്ലറിന്റെയും ബാറ്റിങ് കരുത്തിലാണ് പ്രോട്ടിയാസ് പൊരുതാവുന്ന സ്‌കോറിലെത്തിയത്.

38 പന്തില്‍ നാല് വീതം ഫോറും സിക്‌സുമാണ് ഡി കോക്ക് നേടിയത്. നാല് ബൗണ്ടറിയും രണ്ട് സിക്‌സുകളും നേടി മില്ലറും തന്റെ റോള്‍ ഭംഗിയായി നിര്‍വഹിച്ചു. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ മൂന്ന് വിക്കറ്റും, ആദില്‍ റഷീദും, മൊയിന്‍ അലിയും ഓരോ വിക്കറ്റ് വീതവും നേടി.

Content Highlight: Henrich Klassen got run out by brilliant keeping of Jos Butler