ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; ജൂലൈ 18ന് പുറത്തുവിടാന്‍ തീരുമാനിച്ച വിവരങ്ങള്‍ പോലും ഒഴിവാക്കി; പൂഴ്ത്തിവെച്ചതില്‍ പ്രതികളുടെ വിവരങ്ങള്‍
Kerala News
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; ജൂലൈ 18ന് പുറത്തുവിടാന്‍ തീരുമാനിച്ച വിവരങ്ങള്‍ പോലും ഒഴിവാക്കി; പൂഴ്ത്തിവെച്ചതില്‍ പ്രതികളുടെ വിവരങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd August 2024, 9:02 am

കോഴിക്കോട്: ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതില്‍ സര്‍ക്കാര്‍ അട്ടിമറി നടത്തിയെന്ന ആരോപണവുമായി ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. ഹരീഷ് വാസുദേവന്‍ രംഗത്ത്. ജൂലൈ 18ന് പുറത്തുവിടാന്‍ തീരുമാനിച്ച വിവരങ്ങള്‍ പോലും ഒരു മാസത്തിന് ശേഷം ഓഗസ്റ്റ് 19ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ നിന്ന് വെട്ടിമാറ്റിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

മാത്രവുമല്ല നേരത്തെ വിവരാവകാശ കമ്മീഷണര്‍ പുറത്തുവിടരുതെന്ന് പറഞ്ഞ 96ാം പാരഗ്രാഫ് സര്‍ക്കാര്‍ ഇപ്പോള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലുണ്ടെന്നും എന്നാല്‍ അതില്‍ സ്വാകാര്യതയെ ബാധിക്കുന്ന ഒന്നും തന്നെയില്ലെന്നുമാണ് ഹരീഷ് വാസുദേവന്‍ പറയുന്നത്. അതുകൊണ്ടു തന്നെ സ്വകാര്യത ചൂണ്ടിക്കാട്ടി പുറത്തുവിടരുതെന്ന് പറഞ്ഞ കൂടുതല്‍ പാരഗ്രാഫുകളെ സംബന്ധിച്ച് സംശയമുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നേരത്തെ ഒഴിവാക്കണമെന്ന് പറഞ്ഞ്, ഇപ്പോള്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിടുള്ള 96ാം പാരഗ്രാഫില്‍ പറയുന്നത് ‘മുന്നില്‍ വന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ ലൈംഗികപീഡനം നടത്തിയത് സിനിമാ മേഖലയിലെ വളരെ പ്രശസ്തരായ ആളുകളാണ്, അത് കമ്മീഷന് ബോധ്യമുണ്ട്, അവരുടെ പേരുകളും കമ്മീഷന് മുന്‍പാകെ പറയപ്പെട്ടു’ എന്നതാണ്. ഇതെന്തിനാണ് മറക്കണമെന്ന് പറഞ്ഞതെന്നും അതിലെവിടെയാണ് സ്വകാര്യതയെ സംബന്ധിക്കുന്ന കാര്യങ്ങളുള്ളതെന്നും അദ്ദേഹം ചോദിക്കുന്നു.

96ാം പാരഗ്രാഫില്‍ പറയുന്നതിന്റെ തുടര്‍ച്ചയായി പ്രമുഖ പ്രതികളുടെ വിവരങ്ങളും കമ്മീഷന്റെ കണ്ടത്തലുകളുമാണ് 97 മുതല്‍ 108 വരെയുള്ള പാരഗ്രാഫുകളിലുള്ളത്. സ്വകാര്യതയെ ബാധിക്കുന്ന ഒന്നും തന്നെ ഈ പാരഗ്രാഫുകളില്‍ ഇല്ല എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇത് ജൂലൈ 18ന് ഇതുള്‍പ്പടെ പുറത്തുവിടാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ആഗസ്ത് 19ന് സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ നിര്‍ണായകമായ ഈ 11 പാരഗ്രാഫുകള്‍ ഇല്ല.

ഉത്തരവ് പ്രകാരം 97 മുതല്‍ 108 വരെയുള്ള പാരഗ്രാഫുകള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരായിരുന്നു. എന്നാല്‍ അട്ടിമറിയിലൂടെ അത് പൂഴ്ത്തിവെക്കുകയാണുണ്ടായത്. അട്ടിമറിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ മനസ്സിലാകണമെങ്കില്‍ പൂഴ്ത്തിവെച്ച ഈ പാരഗ്രാഫുകള്‍ കൂടി പുറത്തുവിടേണ്ടതുണ്ടെന്നും ഹരീഷ് വാസുദേവന്‍ പറയുന്നു. ഇവ കൂടി പുറത്തുവിടുന്നതിന് വേണ്ടി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

content highlights:  Hema committee report;  government staged a coup in releasing; Harish Vasudevan