24 മണിക്കൂറിനിടെ വയനാട്ടില്‍ രേഖപ്പെടുത്തിയത് അതിതീവ്ര മഴ
Daily News
24 മണിക്കൂറിനിടെ വയനാട്ടില്‍ രേഖപ്പെടുത്തിയത് അതിതീവ്ര മഴ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th July 2024, 7:56 pm

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ പെയ്തത് 300 മില്ലിമീറ്ററില്‍ ഏറെ മഴ. ചെമ്പ്ര, മക്കിയാട്, സുഗന്ധഗിരി, ലക്കിടി, ബാണാസുര, നിരവില്‍ പുഴ, തെറ്റമല, പുത്തുമല, പെരിയ അയനിക്കല്‍ എന്നിവിടങ്ങളിലെ മഴമാപിനിയുടെ അളവാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ 300 മില്ലി മീറ്ററിന് മുകളില്‍ ഉയര്‍ന്നത്.

തറ്റമലയില്‍ മാത്രം 409 മില്ലി മീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച 115 മില്ലിമീറ്റര്‍ ആയിരുന്നു ഇവിടെ രേഖപ്പെടുത്തിയത്. കഴിഞ്ഞ അഞ്ചുദിവസത്തെ കണക്കുകള്‍ പ്രകാരം തെറ്റ മലയില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. അഞ്ചുദിവസത്തിനിടെ 951 മില്ലി ലിറ്റര്‍ മഴയാണ് ഇവിടെ പെയ്തത്.

പലയിടങ്ങളിലും കഴിഞ്ഞ ദിവസത്തെക്കാള്‍ ഇരട്ടിയിലേറെ മഴയാണ് ഇന്ന് പെയ്തത്. വയനാട്ടില്‍ നാല് ദിവസമായി കനത്ത മഴയാണ് പെയ്യുന്നത്. ചൂരല്‍ മലയില്‍ ഉരുള്‍പൊട്ടാന്‍ കാരണമായതും കുറഞ്ഞ സമയത്തിനിടെ പെയ്ത പേമാരിയാണ്.

നിലവില്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം നൂറിന് മുകളിലാണ് 98 പേരെ കാണാതായപ്പോള്‍ 128ലേറെ പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഇതുവരെ 34 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതില്‍ 18 പേരുടെ മൃതദേഹങ്ങള്‍ വിട്ടുകൊടുത്തു.

അതേ സമയം സംസ്ഥാനത്ത് അതിതീവ്രമഴ തുടരുന്ന സാഹചര്യത്തില്‍ എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

 

Content Highlight: Heavy rains recorded in Wayanad in 24 hours