തുലാവര്‍ഷമെത്തുന്നു, നാളെ മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala Weather
തുലാവര്‍ഷമെത്തുന്നു, നാളെ മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 31st October 2018, 7:41 am

തിരുവനന്തപുരം: കേരളത്തില്‍ നാളെ മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൂന്ന്, നാല് തിയ്യതികളില്‍ കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു.

നാളെ പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ശക്തമായ മഴയുണ്ടാകുമെന്നതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒക്ടോബറില്‍ എത്തുമെന്ന് വിലയിരുത്തപ്പെട്ടിരുന്ന തുലാവര്‍ഷം നവംബര്‍ ആദ്യ വാരത്തിന് ശേഷം ശക്തമായേക്കും. നിലവില്‍ തമിഴ്നാട്ടില്‍ തുലാമഴ എത്തിക്കഴിഞ്ഞു. തമിഴ്നാടിന്റെ കിഴക്കന്‍ മേഖലയില്‍ ശക്തമായിരിക്കുന്ന തുലാമഴ നവംബര്‍ രണ്ടാം വാരത്തോടെ കേരളത്തിലേക്ക് എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൂട്ടല്‍.

ALSO READ: 138 പേര്‍ക്ക് 23 സീറ്റ്: കേരള താരങ്ങള്‍ക്ക് റാഞ്ചിയിലേക്ക് ദുരിത യാത്ര

കഴിഞ്ഞ പത്ത് വര്‍ഷത്തിന് ഇടയില്‍ ഇത് ആദ്യമായിട്ടാണ് തുലാവര്‍ഷം കേരളത്തില്‍ ഇത്രയും വൈകുന്നത്. തിത്ലി ചുഴലിക്കാറ്റിന്റെ ശക്തി ഇല്ലാതായെങ്കിലും, ബംഗാള്‍ ഉള്‍ക്കടലില്‍ പതിവില്ലാത്ത വിധം രൂപം കൊള്ളുന്ന ചെറു ന്യൂനമര്‍ദങ്ങള്‍ കാറ്റിന്റെ ദിശയില്‍ മാറ്റം വരുത്തുന്നതാണ് കേരളത്തിലേക്ക് തുലാമഴ എത്തുന്നത് വൈകിപ്പിക്കുന്നത്.

480 മില്ലി മീറ്റര്‍ മഴ തുലാവര്‍ഷത്തില്‍ ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വൃഷ്ടിപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ശക്തമായ മഴ ലഭിച്ചാല്‍ അണക്കെട്ടുകള്‍ നിറയും. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് തുലാമഴ ലഭിക്കേണ്ടത്.

മഹാപ്രളയമുണ്ടാക്കിയ ഇടവപ്പാതിക്കാലത്ത് കേരളത്തില്‍ 23.34 ശതമാനം മഴയാണ് അധികം കിട്ടിയത്. 2039.6 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 2515.73 മില്ലീമീറ്റര്‍ മഴ പെയ്തു.

WATCH THIS VIDEO: