നിപ വയറസ് ഭീതി നിലനില്‍ക്കുന്ന കേരളത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന അശാസ്ത്രീയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന മോഹനന്‍ വൈദ്യര്‍ക്കും ജേക്കബ് വടക്കാഞ്ചേരിമെതിരെ നടപടി എടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്ന് ആക്ഷേപം.
കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വീണ്ടും പരാതി നല്‍കി. നിപ വയറസ് ഇല്ലെന്നും ആരോഗ്യവകുപ്പിന്റെയും മരുന്ന് മാഫിയകളുടെയും സൃഷ്ടിയാണ് വയറസെന്നുമാണ് സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും പ്രചരിപ്പിക്കുന്നത്. ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് സോഷ്യല്‍ മീഡിയയിലും ആവശ്യമുയരുന്നു.
പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട അശാസ്ത്രീയ പ്രചരണങ്ങള്‍ക്കെതിരെ പ്രചാരണം നടത്തുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പായ ഇന്‍ഫോക്ലിനിക്കിന്റെ അഡ്മിന്‍മാരില്‍ ഒരാളായ ഡോക്ടര്‍ ജിനേഷ്. പി.എസാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്. ജേക്കബ് വടക്കാഞ്ചേരിയുടെ വീഡിയോ പുറത്ത് വന്നപ്പോഴും നടപടി ആവശ്യപ്പെട്ട് ജിനേഷ് മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു.
നാല്പത് ശതമാനം മുതല്‍ എഴുപത് ശതമാനം വരെ മരണനിരക്ക് വരാവുന്ന രോഗമാണ് . ചികിത്സയെക്കാള്‍ പ്രധാനമാണ് പ്രതിരോധ നടപടികള്‍. വവ്വാലില്‍ നിന്നാണോ രോഗം പടരുന്നതെന്ന് തെളിഞ്ഞില്ലെങ്കിലും കരുതല്‍ എന്ന നിലയില്‍ വവ്വാല്‍ ഭക്ഷിച്ച ആഹാരപദാര്‍ത്ഥങ്ങള്‍ ഉപേക്ഷിക്കണം. എന്നാല്‍ ഇതുമൂലമല്ലെന്ന് തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശം പ്രചരിപ്പിക്കുന്നത് കേരള സമൂഹത്തിന്റെ ആരോഗ്യത്തിന് വലിയ ഭീഷണിയാണെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
“സര്‍ക്കാര്‍ ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ അത് സമൂഹത്തില്‍ വലിയ ദോഷം ചെയ്യും. ആരോഗ്യരംഗത്തെ കേരള മോഡല്‍ എന്നത് പിന്നീട് വെറും അലങ്കാലത്തിന് കൊണ്ട് നടക്കേണ്ടി വരും.രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ചിലവഴിക്കുന്ന പണം വെറുതെയായിപ്പോകും ” ഡോാക്ടര്‍ ജിനേഷ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ ജനങ്ങള്‍ രംഗത്ത് വരണമെന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ പ്രൊഫസര്‍ പുരുഷോത്തമന്‍ കെ.കെ ആവശ്യപ്പെട്ടു. “അശാസ്ത്രീയ പ്രചരാണം നടത്തുവര്‍ക്കെതിരെ സര്‍ക്കാര്‍ എത്രയും പെട്ടെന്ന് നടപടിയെടുക്കണം. ജനങ്ങളുടെ ആരോഗ്യത്തെയാണ് ഇവര്‍ അപകടത്തിലാക്കുന്നത്. ഇവരെ ഫോളോ ചെയ്യുന്നവരെങ്കിലും അപകടത്തിലാവും. അറിഞ്ഞു കൊണ്ട് സര്‍ക്കാര്‍ അതിന് കൂട്ടുനില്‍ക്കുന്നത് പോലെയാകും. അശാസ്ത്രീയ പ്രചരിപ്പിക്കുന്നത് ക്രൈം ആണ്”. ഡോക്ടര്‍ പുരുഷോത്തമന്‍ പറഞ്ഞു.
നിപ വയറസ് മൂലം കോഴിക്കോട്,മലപ്പുറം ജില്ലകളില്‍ പനിബാധിതര്‍ മരിക്കുകയും വിവിധ ഭാഗങ്ങളില്‍ രോഗം സംശയിക്കുന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാാറും ആരോഗ്യവകുപ്പും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി മുന്നോട്ട് പോകുകയാണ്. രോഗ ഭീതിയില്ലാതാക്കാനും ബോധവത്കരണത്തിനുമുള്ള ശ്രമങ്ങളും നടക്കുകയാണ്. ഇതിനിടയിലാണ് തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങളുമായി പ്രകൃതി ചികിത്സകരായ ജേക്കബ് വടക്കാഞ്ചേരിയും മോഹനന്‍ വൈദ്യരും രംഗത്തെത്തിയിരിക്കുന്നത്.
വവ്വാലില്‍ നിന്നാണ് നിപ വയറസ് മനുഷ്യരിലേക്ക് എത്തിയതെന്നാണ് ആരോഗ്യവിദഗ്ധരുടെ പ്രാഥമിക നിഗമനം. അത് സംബന്ധിച്ചുള്ള പഠനങ്ങള്‍ നടക്കുകയാണ്. വവ്വാല്‍ ഭക്ഷിച്ച പഴങ്ങള്‍ കഴിക്കരുതെന്ന മുന്നറിയിപ്പിനെ പരിഹസിച്ച് കൊണ്ടാണ് മോഹനന്‍ വൈദ്യര്‍ വിഡിയോ പ്രചരിപ്പിക്കുന്നത്.
നിപ പനി ആരോഗ്യവകുപ്പിന്റെ സൃഷ്ടിയാണെന്നും മോഹനന്‍ ആരോപിക്കുന്നു. രോഗം റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്രയ്ക്കടുത്തുള്ള കുറ്റിയാടിയില്‍ നിന്നും ശേഖരിച്ച വവ്വാല്‍ കടിച്ച പഴങ്ങള്‍ കഴുകാതെ കഴിച്ചാണ് മോഹനന്‍ വൈദ്യര്‍ വെല്ലുവിളിക്കുന്നത്. ആയിരക്കണക്കിന് രോഗികള്‍ തന്റെ മരുന്ന് കഴിക്കുന്നുണ്ടെന്നും അവര്‍ അത് നിര്‍ത്താതിരിക്കാനും മറ്റ് ചികിത്സ തേടാതിരിക്കാനുമാണ് താന്‍ ശ്രമിക്കുന്നതെന്ന് വൈദ്യര്‍ തുറന്നു പറയുന്നുണ്ട്.
നിപ വയറസ് എന്ന സംഭവമില്ലെന്നായിരുന്നു ഫേസ്ബുക്ക് ലൈവിലൂടെ പ്രകൃതി ചികിത്സകനായ ജേക്കബ് വടക്കാഞ്ചേരി അവകാശപ്പെട്ടത്. നിപ വയറസ് പ്രചാരണത്തിന് പിന്നില്‍ മരുന്ന് മാഫിയകളാണെന്നും ആരോപിച്ചു. പഴങ്ങള്‍ മാത്രം കഴിക്കുന്ന ജീവിയില്‍ വൈറസ് രൂപപ്പെടുന്നതെങ്ങനെയാണെന്നാണ് വടക്കാഞ്ചേരിയുടെ ചോദ്യം. മാംസഹാരത്തിലൂടെയാണോ രോഗം വന്നതെന്ന് ആരോഗ്യവകുപ്പ് പരിശോധിക്കണമെന്നും വടക്കാഞ്ചേരി ആവശ്യപ്പെട്ടിരുന്നു.